1 GBP = 95.35 INR                       

BREAKING NEWS

ജനത കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം നിലച്ച ചരക്കുനീക്കം സാധാരണ നിലയില്‍; ആവശ്യത്തിന് സാധനങ്ങള്‍ വിപണിയില്‍ എത്തിയിട്ടും വില കൂട്ടി വില്‍പ്പന; എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിനൊപ്പം പച്ചക്കറിയുടെ വില പിടിച്ചു നിര്‍ത്താന്‍ ഇനി അടിയന്തര ഇടപെടല്‍; പൂഴ്ത്തിവെയ്പ്പു തടയാന്‍ സംയുക്ത ഓപ്പറേഷനുമായി ഭക്ഷ്യവകുപ്പും കൃഷിവകുപ്പും; സാവാളയ്ക്കും തക്കാളിക്കുമെല്ലാം പെട്ടെന്ന് വില കൂടിയതിനെ ഗൗരവത്തോടെ എടുത്ത് പിണറായി സര്‍ക്കാര്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കൊറോണ സമയത്ത് പൊതുവിപണിയില്‍ പച്ചക്കറിക്ക് വില കൂടുകയും പൂഴ്ത്തിവെയ്പ്പിനു ശ്രമം നടക്കുകയും ചെയ്തതോടെ ഭക്ഷ്യവകുപ്പും കൃഷിവകുപ്പും സംയുക്ത നീക്കത്തിന് തുടക്കമിട്ടു. പച്ചക്കറിയും പലചരക്കു സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്‍ത്താനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്.

ഒറ്റയടിക്ക് പച്ചക്കറിയുടെ വില ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ തീ വിലയ്ക്ക് എതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്നത്. പൂഴ്ത്തിവയ്പ്പ് തടയാനും പച്ചക്കറിവില ഉയരുന്നത് തടയാനുമാണ് ശ്രമം നടക്കുന്നത്. പൂഴ്ത്തിവയ്പ്പ് നടക്കുന്നതായി സൂചനകിട്ടിയാല്‍ മൊത്ത ഗോഡൗണുകളില്‍ റെയ്ഡ് നടത്താന്‍ തീരുമാനമായിട്ടുണ്ട്. ജനത കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം നിലച്ച ചരക്കുനീക്കം പുനരാരംഭിച്ചു. ഇന്നലെ ആവശ്യത്തിന് സാധനങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. പച്ചക്കറികളും ഇതിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. എന്നിട്ടും പച്ചക്കറികള്‍ക്ക് വില കൂടിയതോടെയാണ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തുടങ്ങിയത്.

പൂഴ്ത്തിവയ്പ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികളും റെയിഡിന്റെ ഭാഗമായി വരും. സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കൂടിയതോടെയാണ് വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ തുടക്കമിട്ടത്. . കിലോക്ക് പത്തു രൂപയുണ്ടായിരുന്ന സവാള മൊത്ത വിപണിയില്‍ ഇന്നലെ 30 രൂപയ്ക്കാണു വില്‍പന നടന്നത്. ചില്ലറ വിപണിയില്‍ കിലോക്ക് 40 രൂപയാണ്. ഉള്ളി 60 രൂപയില്‍നിന്ന് 75-80 രൂപയിലെത്തിയിട്ടുണ്ട്. ബീന്‍സ്, മുളക്, തക്കാളി, പാവയ്ക്ക വില കൂടി. മൊത്ത വിപണിയില്‍ ബീന്‍സിന് 40 രൂപയും മുളകിന് 35 രൂപയും തക്കാളി ഒരു പെട്ടി 500ല്‍ നിന്നു 850 രൂപയിലുമെത്തിയിട്ടുമുണ്ട്. തക്കാളിയും വില ഇരട്ടിയായിട്ടുണ്ട്.

ഇരുപതില്‍ നിന്ന് 40 രൂപയായാണ് വര്‍ധന. 28 രൂപയായിരുന്ന പച്ച മുളക് 45 രൂപയായി. കാരറ്റിനും ബീന്‍സിനും പത്തു രൂപ കൂടി. കച്ചവടക്കാര്‍ തരുന്ന കിറ്റിന് പോലും തീവിലയായി. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങനെ പോയാല്‍ വില ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. പക്ഷെ സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നുണ്ട്. വില കൂടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേന്നാണ് കൃഷി വകുപ്പ് പറയുന്നത്. കാരണം ന്യായവിലയില്‍ ഹോര്‍ട്ടികോപ്സ് സ്റ്റാളുകളില്‍ പച്ചക്കറികള്‍ ആവശ്യത്തിനുണ്ട്. പുറമേ നിന്ന് വാങ്ങാതെ ഹോര്‍ട്ടികോര്‍പ്സ് സ്റ്റാളുകളില്‍ നിന്നും പച്ചക്കറികള്‍ വാങ്ങാനാണ് കൃഷിവകുപ്പ് ആവശ്യപ്പെടുന്നത്.

കൊറോണയുമായി വന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് വില കുത്തനെ ഉയര്‍ന്നു തുടങ്ങിയെന്നു മനസിലായതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമായത്. തമിഴ്നാടില്‍ നിന്നും പച്ചക്കറി ലോഡുകള്‍ എത്താതായതോടെയാണ് കേരളത്തില്‍ പച്ചക്കറി വില ഉയരാന്‍ തുടങ്ങിയത്. പക്ഷെ ഇന്നലെ തന്നെ സിവില്‍ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും റവന്യൂ വകുപ്പും യോജിച്ചുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. തമിഴ്നാടില്‍ നിന്നും പച്ചക്കറികള്‍ ആവശ്യത്തിന് എത്തുന്ന കാര്യത്തില്‍ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രിയുടെ ഓഫീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇന്നലെ ഈ രീതിയില്‍ പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

നിലവില്‍ പച്ചക്കറികള്‍ക്കോ പലചരക്ക് സാധനങ്ങള്‍ക്കോ സംസ്ഥാനത്ത് ഒരു ക്ഷാമവുമില്ലെന്നും കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കാതിരിക്കണമെന്നുമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉയരുന്ന ആവശ്യം. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അവശ്യത്തിനു സാധനങ്ങള്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും ഹോര്‍ട്ടികോര്‍പ്സ് സ്റ്റാളുകളിലുമുണ്ട്. അത് തീരുന്ന മുറയ്ക്ക് ലോഡ് എത്തിക്കാന്‍ സംവിധാനവും ഒരുക്കുന്നുണ്ട്. പിന്നെ ജനങ്ങള്‍ എന്തിനാണ് ആവശ്യമില്ലാത്ത പരിഭ്രാന്തി പ്രകടിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചോദ്യമുയരുന്നത്.

പച്ചക്കറി ലോഡുകള്‍ താത്കാലികമായി തടഞ്ഞിടുന്ന അവസ്ഥ തമിഴ്നാട് ഭാഗത്ത് നിന്നും വന്നിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഈ സാഹചര്യം ഒഴിവായിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം എന്ന് മാത്രമാണ് സര്‍ക്കാര്‍ നടത്തുന്ന അഭ്യര്‍ത്ഥന. ഈ രീതി ഒഴിവാക്കി നിര്‍ത്തിയാല്‍ തന്നെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കും-സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന, കേരളത്തില്‍ ഉത്പാദനമില്ലാത്ത പച്ചക്കറികള്‍ക്ക് ചിലപ്പോള്‍ വില കൂടിയേക്കും.

പക്ഷെ ആ വിലയും പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പരിഭ്രാന്തരാകാതെ നോക്കിയാല്‍ മാത്രം നിലവിലെ അവസ്ഥ തരണം ചെയ്യാന്‍ കഴിയും-സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category