1 GBP = 97.50 INR                       

BREAKING NEWS

മലയാളം പരീക്ഷ യുകെയിലും; മലയാളം മിഷന് അഭിമാനിക്കാന്‍ ആദ്യം തയ്യാറെടുക്കുന്നത് കവന്‍ട്രിയിലെ കുട്ടികള്‍; ആദ്യ ബാച്ച് പുറത്തു വരുന്നത് റെക്കോര്‍ഡ് വേഗത്തില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ ആദ്യമായി മലയാളം മിഷന്‍ നടത്തുന്ന വാര്‍ഷിക പരീക്ഷക്ക് കേരള സ്‌കൂള്‍ കവന്‍ട്രി തയ്യാറെടുക്കുന്നു. സ്‌കൂളിലെ ആറു ക്ലാസുകളില്‍ നിന്നായി നാലു ക്ലാസുകളിലെയും ഭൂരിഭാഗം കുട്ടികളും ആദ്യ പാഠ്യപദ്ധതിയായ കണിക്കൊന്ന പുസ്തകം പഠിച്ചു തീര്‍ത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്‌കൂളില്‍ മാനേജ്‌മെന്റും അധ്യാപകരും പ്രത്യേക യോഗം ചേര്‍ന്ന് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

ഒരു ക്ലാസ് പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസം മാത്രം പിന്നിട്ടതിനാല്‍ ആ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ യുകെയില്‍ ആദ്യമായി മലയാളം പരീക്ഷക്ക് തയ്യാറെടുക്കുന്നത് കവന്‍ട്രി സ്‌കൂളില്‍ ആണെന്നതും പ്രത്യേകതയാണ്. പരീക്ഷ നടത്തിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശവും ഒക്കെ മലയാളം മിഷന്റെ കീഴിലായിരിക്കും. ഇതിനായി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ പട്ടികയും തയ്യാറായിട്ടുണ്ട്. പരീക്ഷയില്‍ വിവിധ ഗ്രേഡുകള്‍ നല്‍കിയാണ് കുട്ടികളെ തരംതിരിക്കുക.

അതേ സമയം മലയാളം മിഷന്റെ പാഠ്യപദ്ധതിയായ കണിക്കൊന്ന റെക്കോര്‍ഡ് വേഗത്തിലാണ് കവന്‍ട്രി സ്‌കൂള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാളം മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത് കണിക്കൊന്ന പഠനത്തിനായി രണ്ടു വര്‍ഷമാണ്. കേരള സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു ആറു മാസം പിന്നിട്ട ശേഷമാണു മലയാളം മിഷന്‍ പാഠ്യ പദ്ധതി ആരംഭിക്കുന്നത്. ഇപ്പോള്‍ മൂന്നാം വര്‍ഷം പ്രവര്‍ത്തനം നടത്തുന്ന കേരള സ്‌കൂളിന് അവധി ദിനങ്ങളും മറ്റും മാറ്റിനിര്‍ത്തിയാല്‍ മലയാളം മിഷന്റെ രണ്ടു വര്‍ഷം എന്ന കാലപരിധി എത്തുന്നതിനു മുന്‍പ് തന്നെ കണിക്കൊന്ന പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി മാറുകയാണ്.

പാഠപുസ്തകത്തിലെ നാടന്‍പാട്ടുകളും മറ്റും കുട്ടികള്‍ മനഃപാഠമാക്കി ചൊല്ലുന്നത് യുകെയിലെ തന്നെ അപൂര്‍വ കാഴ്ചയാണ്. ഏറ്റവും കൂടുതല്‍ ഹാജര്‍ നിലയുള്ള കുട്ടികളാണ് സ്‌കൂളില്‍ മികവ് കാട്ടുന്നതെന്നും പ്രധാന അധ്യാപകന്‍ കെ ആര്‍ ഷൈജുമോന്‍ വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനായി മലയാളം മിഷന്‍ യുകെ സെക്രട്ടറിയും കേരള സ്‌കൂള്‍ ഡിറക്ടര്‍ ബോര്‍ഡ് അംഗവുമായ എബ്രഹാം കുര്യന്റെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഏറ്റെടുത്തിരിക്കുന്നത്.
യുകെയില്‍ മലയാളം മിഷന്‍ ഒരുപിടി സ്‌കൂളുകള്‍ ആരംഭിച്ചെങ്കിലും അവയില്‍ ഏറ്റവും സജീവമായ പ്രവര്‍ത്തണം നടത്തുന്നത് കേരള സ്‌കൂള്‍ ആണെന്നത് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം നടന്ന അധ്യാപക രക്ഷാകര്‍തൃ യോഗത്തില്‍ വ്യക്തമാക്കി. സ്ഥിരമായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയും മലയാളം പഠനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. അക്ഷരങ്ങള്‍ കൃത്യമായി എഴുതുകയും വാക്കുകളും വാചകങ്ങളും തെറ്റില്ലാതെ എഴുതുകയും ചെയ്യാന്‍ സാധിക്കുന്ന കുട്ടികളില്‍ നല്ല പങ്കും സംസാരവും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് കേരള സ്‌കൂളിന് അഭിമാനിക്കാന്‍ ആവശ്യത്തിലേറെയാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

ഏതാനും കുട്ടികള്‍ മുരുകന്‍ കാട്ടാക്കടയുടെയും വൈലോപ്പിള്ളിയുടെയും ഒക്കെ കവിതകള്‍ മനഃപാഠം അക്ഷര ശുദ്ധിയോടെ അവതരിപ്പിക്കുമ്പോള്‍ ഏതാനും കുട്ടികള്‍ മലയാളം ശുദ്ധമായി പ്രസംഗിക്കുന്നതിലാണ് കൈവച്ചിരിക്കുന്നത്. ഇതെല്ലം അധ്യാപകരുടെ പോലും സഹായമില്ലാതെ കുട്ടികള്‍ തനിയെ ഏറ്റെടുത്തു ചെയ്യുന്നു എന്നതാണ് ഏറ്റവും കൗതുകകരമായത്. ലഘു നാടകങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തിലാണ് കുട്ടികള്‍ മലയാളത്തെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. സ്ഥിരം ക്ലാസ് എടുക്കാന്‍ എത്തുന്ന ഒരു ഡസനിലേറെ അധ്യാപകരാണ് സ്‌കൂളിന് കരുത്തായി മാറുന്നത്. കവന്‍ട്രിയുടെ അയല്‍ ദേശങ്ങളായ നനീട്ടന്‍, ലെമിങ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ സ്ഥിരമായി മലയാളം പഠിക്കാന്‍ എത്തുന്നു.

ആറു ക്ലാസുകളിലായി അറുപതോളം കുട്ടികളാണ് കേരള സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ ബാച്ച് തുടങ്ങിയാല്‍ ചേരുവാനായി 20 ലേറെ കുട്ടികള്‍ പ്രേവേശനത്തിനു കാത്തിരിപ്പു പട്ടികയിലുമുണ്ട്. പ്രായവും മലയാളത്തിലെ നിപുണതയും തിരിച്ചു വ്യത്യസ്ത ക്ലാസുകള്‍ നടത്തുന്നതിനാല്‍ സ്ഥലപരിമിതി മൂലം പുതിയ ക്ലാസുകള്‍ ആരംഭിക്കുവാന്‍ പ്രയാസം നേരിടുക ആണെന്നും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. മരതകം, മാണിക്യം, മയില്‍പ്പീലി, മന്ദാരം, മഴവില്‍, മഞ്ചാടി എന്ന ആറു ക്ലാസുകളാണ് നിലവില്‍ കേരള സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം അധ്യാപകരായ ഷിന്‍സണ്‍ മാത്യു, ഷൈനി മോഹനന്‍, ബ്ലെസി ബീറ്റജ്, പ്രിയ രാജേഷ്, മാത്യു വര്‍ഗീസ്, റെജി യോഹന്നാന്‍, ഷിജി ജോഷി, ആശാ ജി ആചാര, എന്നിവര്‍ക്കൊപ്പം ഏഴംഗ ഡയറക്ടര്‍ ബോര്‍ഡിലെ മുഴുവന്‍ പേരും അധ്യാപകരായി സേവനം ചെയ്യുന്നുണ്ട്.

ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, എബ്രഹാം കുര്യന്‍, ഡോ. ജിനു കുര്യാക്കോസ്, ലാലു സ്‌കറിയ, ഹരീഷ് പാലാ, ഷിന്‍സണ്‍ മാത്യു എന്നിവരാണ് സ്ഥിരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ഇവര്‍ക്കൊപ്പം സ്‌കൂള്‍ പ്രവര്‍ത്തനം ഊര്‍ജിതമാകാന്‍ ഒരു വര്‍ഷം കാലാവധിയില്‍ മാതാപിതാക്കളുടെ പ്രതിനിധികളായി മൂന്നു പേരെ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക സ്‌കൂള്‍ വാര്‍ഷിക യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. സിബിയ ബിപിന്‍, ലിയോ ഇമ്മാനുവല്‍, സുമില്‍ രാജ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയിരിക്കുന്ന പുതിയ പ്രതിനിധികള്‍.

കവന്‍ട്രി ഹോസ്പിറ്റല്‍ നഴ്സ് ആയി ജോലി ചെയ്യുന്ന സിബിയ ക്നാനായ വനിതാ ഫോറം പ്രതിനിധിയായും ഹോസ്പിറ്റല്‍ ഐടി വിഭാഗം ജീവനക്കാരനായ ലിയോ നിരവധി വര്‍ഷം കവന്‍ട്രിയിലെ മലയാളി അസോസിയേഷനില്‍ സംഘാടക മികവ് കാട്ടിയിട്ടുള്ള വ്യക്തിയാണ്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ജീവനക്കാരനായ സുമിത് രാജ് സാമൂഹിക രംഗത്ത് സജീവമായ പ്രവര്‍ത്തനം നടത്തിയ മികവുമായാണ് കേരള സ്‌കൂളിന് കൈത്താങ്ങാകാന്‍ എത്തുന്നത്. ഇരുപതിലേറെ മാതാപിതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ പ്രതിനിധികളെ ജനാധിപത്യപരമായി ഐക്യ കണ്ഠനെ തെരഞ്ഞെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category