1 GBP = 99.40INR                       

BREAKING NEWS

നോര്‍വിച്ചിങ്ങെടുക്കുവാ...അവാര്‍ഡ് നൈറ്റ് ടീം റെഡി; നാല് മാസത്തെ തയ്യാറെടുപ്പുകളുമായി പത്താം അവാര്‍ഡ് നൈറ്റിനെ മുന്നില്‍ നിന്നും നയിക്കുന്നത് അജുവും സോണിയും ബിജുവും ചേര്‍ ന്ന നേതൃത്വം; കൂടെ ഫാ: ജോമോന്‍ പുന്നൂസ് ഉള്‍പ്പെടെയുള്ള നാട്ടു കൂട്ടം; നാടിന്റെ ഉത്സവമാക്കി മാറ്റുവാന്‍ നോര്‍വിച്ച് ഇളകിയിറങ്ങും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ''നോര്‍വിച്ചിങ്ങെടുക്കുവാ...'', പറയുന്നത് നാട്ടുകാര്‍ തന്നെ. അണിഞ്ഞൊരുങ്ങി എത്തുന്ന സുന്ദരിയെ പോലെ പത്താം വര്‍ഷത്തില്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ഏറ്റെടുത്തു നടത്താന്‍ ഉള്ള നിയോഗം ഒരേ മനസോടെ ഏറ്റെടുക്കുകയാണ് നോര്‍വിച്ച് മലയാളി സമൂഹം. പ്രദേശത്തെ മലയാളി കൂട്ടായ്മയായ നോര്‍വിച്ച് മലയാളി അസോസിയേഷന്റെ മുഴുവന്‍ പ്രവര്‍ത്തകരും തങ്ങളുടെ നാട്ടില്‍ വിരുന്നു വരുന്ന യുകെ മലയാളികളുടെ വാര്‍ഷിക ഉത്സവത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു ഹൃദയത്തില്‍ ഏറ്റെടുക്കുകയാണ്. സ്വിണ്ടനില്‍ പത്തു വര്‍ഷം മുന്‍പ് തുടങ്ങിയ പതിവ് ഒരു മാറ്റവും കൂടാതെ ഇത്തവണ നോര്‍വിച്ചിലും ആവര്‍ത്തിക്കുന്നു എന്നതാണ് അവാര്‍ഡ് നൈറ്റിനെ ഹൃദ്യമാക്കി മാറ്റുന്നത്. സ്വിണ്ടനില്‍ മലയാളി സൗഹൃദ സംഘമായ സ്വിണ്ടന്‍ ചെണ്ടമേളം വരവേറ്റ അതേ ആവേശമാണ് നാല് മാസം അകലെ നില്‍ക്കുന്ന അവാര്‍ഡ് നൈറ്റിന് നോര്‍വിച്ച്കാരും സമ്മാനിക്കുന്നത്. രണ്ടാം വര്‍ഷത്തില്‍ മാഞ്ചസ്റ്ററിലും പിന്നീട് ലെസ്റ്റര്‍, ക്രോയ്ഡോണ്‍, സൗത്താംപ്ടണ്‍, ഹണ്ടിങ്ങ്ടണ്‍, ഗ്ലോസ്റ്റര്‍, വീണ്ടും സൗത്താംപ്ടണ്‍, ഒടുവിലായി കഴിഞ്ഞ വര്‍ഷം കവന്‍ട്രിയും കാണിച്ച സ്നേഹവും വികാരവും ഒക്കെ അതേ തീവ്രതയില്‍ സമ്മാനിക്കുവാന്‍ ഒരുങ്ങുകയാണ് നോര്‍വിച്ച് മലയാളി സമൂഹം.

നോര്‍വിച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അജു ജേക്കബ്, നോര്‍വിച്ചിന് പുറമെ യുകെ മുഴുവന്‍ സ്നേഹ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന മലയാളി വൈദികന്‍ ജോമോന്‍ പുന്നൂസ്, യുകെ മലയാളികള്‍ക്ക് ആദ്യമായി മുഴുനീള ടെലിഫിലിം സമ്മാനിച്ച ബിജു അഗസ്റ്റിന്‍, മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായി അറിയപ്പെടുന്ന സോണി ജോസഫ് എന്നിവരടങ്ങിയ സുശക്തമായ ടീം അവാര്‍ഡ് നൈറ്റിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഉറപ്പിക്കാം യുകെ മലയാളികളുടെ ഹൃദയതാളമായി പരിഗണിക്കപ്പെടുന്ന ബ്രിട്ടീഷ് മലയാളിയുടെ ബാനറില്‍ മറ്റൊരു സുവര്‍ണ ദിനം കൂടി പിറക്കുകയാണ് ജൂണ്‍ ആറിന്. ഇവരോടൊപ്പം ഒരു ഡസനിലേറെ സംഘാടക മികവുള്ള നോര്‍വിച്ച് മലയാളികളും അവാര്‍ഡ് നൈറ്റിന്റെ മുന്‍കാല പ്രവര്‍ത്തകരും കൈകോര്‍ക്കുമ്പോള്‍ പത്താം വര്‍ഷം എന്ന ചരിത്ര നിമിഷത്തിനു മുന്‍കാലങ്ങളെ അപേക്ഷിച്ചു മിഴിവും മികവും ഏറാതിരിക്കാന്‍ വേറെ കാരണമില്ല.

എന്തുകൊണ്ട് നോര്‍വിച്ച്? അവാര്‍ഡ് നൈറ്റിന്റെ വേദി തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത് മുതല്‍ ബ്രിട്ടീഷ് മലയാളിയെ തേടിയെത്തുന്ന ചോദ്യം ഇതാണ്. അത്ര വലിയ ജനക്കൂട്ടം ഒന്നും ഇല്ലാത്ത ചെറിയൊരു പട്ടണത്തില്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് നിശ്ചയിച്ചത്? അതും വലിയ പട്ടണങ്ങളായ കെന്റ്, സറെ, ഓക്സ്ഫോര്‍ഡ്, സ്റ്റോക് ഓണ്‍ ട്രെന്റ്, ബര്‍മിങ്ഹാം, നോട്ടിങ്ങാം, ലെസ്റ്റര്‍, മെയ്ഡസ്റ്റോണ്‍, മാഞ്ചസ്റ്റര്‍, പീറ്റര്‍ബറ എന്നിവരൊക്കെ സ്നേഹപൂര്‍വ്വം അവാര്‍ഡ് നൈറ്റിന് ആതിഥ്യം വഹിക്കാന്‍ തയ്യാറായിട്ടും നോര്‍വിച്ചിന് നറുക്കു വീണ മാജിക് തന്നെയാണ് ഏവര്‍ക്കും അറിയാനുള്ളത്. അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ. ഇതുവരെ കാര്യമായ മലയാളി ഇവന്റുകള്‍ക്കു സാക്ഷ്യം വഹിക്കാത്ത പട്ടണമാണ് നോര്‍വിച്ച്. അവിടെ ഉള്ളവര്‍ക്കും ഉണ്ട് മോഹങ്ങളും സ്വപ്നങ്ങളും ഒപ്പം സംഘാടക മികവും. അതിനേക്കാള്‍ ഉപരി സഹോദര തുല്യമായ സ്നേഹം. ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ കാര്യമായ തര്‍ക്കം ഒന്നും ഇല്ലാതെ നമ്മുക്ക് ശ്രമിച്ചു നോക്കാം എന്ന മനോഭാവം.

ഈ ഘടകങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരു മലയാളി കൂട്ടായ്മായെ കണ്ടെത്താന്‍ ഉള്ള പ്രയാസമാണ് നോര്‍വിച്ചിലേക്കു തന്നെ പത്താം അവാര്‍ഡ് നൈറ്റ് എത്താന്‍ പ്രധാന കാരണം. മറ്റെന്തൊക്കെ തടസങ്ങളും പ്രയാസങ്ങളും നോര്‍വിചിനെ സംബന്ധിച്ച് പറയാമെങ്കിലും അതിനെയൊക്കെ മറികടക്കുന്നതാണ് നോര്‍വിച്ചുകാരുടെ ടീം സ്പിരിറ്റ്. അതിനാല്‍ നോര്‍വിച്ചിലെ മലയാളി സമൂഹത്തോടുള്ള ബ്രിട്ടീഷ് മലയാളിയുടെ സ്നേഹാദരം കൂടിയായി മാറുകയാണ് പത്താം അവാര്‍ഡ് നൈറ്റ്. യുകെയുടെ നാനാദിക്കില്‍ നിന്നും ഒഴുകിയെത്തുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് നോര്‍വിച്ചുകാരുടെ സ്നേഹം പങ്കിടാനുള്ള ധൗത്യമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്നു അജുവും ബിജുവും ഫാ ജോമോനും സോണിയും ഒക്കെ ഒരേമനസോടെ പറയുമ്പോള്‍ അതില്‍ സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും മനോഹാരിതയാണ് പൂത്തുലയുന്നത്.

നോര്‍വിച്ചിലെ ഏവര്‍ക്കും സുപരിചതനും സ്വീകാര്യനും എന്ന നിലയില്‍ വര്‍ഷങ്ങളായി സാമൂഹ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വൈദികന്‍ ജോമോന്‍ പുന്നൂസ് തന്നെ രക്ഷാധികാരിയായി പൂര്‍ണമായും നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ഉള്ള സംഘാടക സമിതിയാണ് അവാര്‍ഡ് നൈറ്റിനായി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. യുകെയിലെ ക്നാനായ യാക്കോബൈറ്റ് വിശ്വാസികളുടെ ആദ്യ കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ സാധ്യമായതില്‍ ഫാ: ജോമോന്‍ ഏറ്റെടുത്ത നേതൃത്വം വിസ്മയാവഹമാണ്. നോര്‍വിച്ച് മലയാളികളെ സ്നേഹച്ചരടില്‍ ബന്ധിപ്പിക്കുന്ന പ്രാദേശിക മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് അജു ജേക്കബ് തന്നെ അവാര്‍ഡ് നൈറ്റിന്റെ ചെയര്‍മാന്‍ ആയും രംഗത്ത് വരുന്നു എന്നത് പ്രത്യേകതയാണ്. രണ്ടു പതിറ്റാണ്ടായി നോര്‍വിച്ചിലെ മലയാളി സാന്നിധ്യമായ അജു ജേക്കബ് യുകെയില്‍ അറിയപ്പെടുന്ന മലയാളി ഷെഫ് ആയി മാറിയിരിക്കുകയാണ്. യുകെ മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിച്ച ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകനായ ബിജു അഗസ്റ്റിനാണ് ഇത്തവണ ഇവന്റ് ഡിറക്ടറുടെ റോളില്‍ അവാര്‍ഡ് നിശക്ക് പൂര്‍ണത നല്‍കുന്നത്. എന്തിനും ഏതിനും മേല്‍നോട്ടം വഹിക്കാന്‍ ഒരാള്‍കൂടി ഉണ്ടാകുന്നു എന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഓള്‍ ഇന്‍ ഓള്‍ പദവിയില്‍ അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജനറല്‍ കണ്‍വീനറുടെ റോളില്‍ പ്രവര്‍ത്തിക്കുന്ന സോണി ജോസഫാണ്.

ഇവരോടൊപ്പം 15 അംഗങ്ങള്‍ നേതൃത്വം ഏറ്റെടുത്തു വിവിധ സബ് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് അവാര്‍ഡ് നൈറ്റ് യാഥാര്‍ഥ്യമാകുക. അവാര്‍ഡ് നിശയിലെ ഏറ്റവും പ്രധാനമായ മൂന്നു കാറ്റഗറിയിലെയും അവാര്‍ഡ് വിതരണം കുറ്റമറ്റ ചുമതലയില്‍ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത് ആന്‍സി ജ്യോതിയും അനിത ജെറീഷും അടങ്ങുന്ന ടീമാണ്. ജനപ്രിയമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന ചുമതല ഇവരാകും നിയന്ത്രിക്കുക. നോര്‍വിച്ചിലും ഗ്രേറ്റ് യാര്‍മോത്തിലും ഒക്കെ സംഘടനാ മികവുമായി എത്തിയിട്ടുള്ള ആന്‍സി ചുറുചുറുക്കോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലായ്പ്പോഴും വിലമതിക്കപ്പെട്ടിട്ടുണ്ട്. സീനിയര്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന അനിത ഔദ്യോഗിക രംഗത്തും മികവ് കാട്ടിയിട്ടുണ്ട്.

അവാര്‍ഡ് നൈറ്റിന്റെ ജീവനും താളവുമായ കലാവിരുന്നുകള്‍ കാണികള്‍ക്കു മുന്നില്‍ എത്തിക്കുക എന്ന റോള്‍ നിര്‍വഹിക്കുന്നത് ലെനി ബിജുവാണ്. ഫാഷന്‍, മോഡലിംഗ് രംഗത്തെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ലെനി തന്റെ കൃത്യതയും സൂക്ഷ്മതയും ഉള്ള ശൈലിയില്‍ അവാര്‍ഡ് നൈറ്റിനെ അവിസ്മരണീയമാക്കാന്‍ ബിജു അഗസ്റ്റിനൊപ്പം ചേരുമ്പോള്‍ പഴുതില്ലാത്ത ടീം പ്ലാനിങ്ങാണ് യാഥാര്‍ഥ്യമാകുന്നത്. യുകെയിലെ ഏറ്റവും പ്രശസ്തമായ ലൈറ്റ് ആന്റ് സൗണ്ട് സംഘം അവാര്‍ഡ് നൈറ്റിനെ ആര്‍ക്കും പരാതിപറയാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റുമ്പോള്‍ അവര്‍ക്കൊപ്പം പ്രോഗ്രാം ടീമുമായി സാങ്കേതിക സഹകരണം ഉറപ്പാക്കുന്നത് സിബി യോഹന്നാന്റെ കീഴിലുള്ള ടീം ആയിരിക്കും. സിനിമയിലും പ്രൊഫഷണല്‍ നാടക രംഗത്തും അനേക വര്‍ഷം സജീവമായിട്ടുള്ള സിബി കാഴ്ചയില്‍ സൗമ്യതയുടെ ആള്‍ രൂപം ആണെങ്കിലും ജോലി ചെയ്ത സ്ഥാപനം സാമ്പത്തിക പരാധീനതയില്‍ അടച്ചു പൂട്ടാനൊരുങ്ങിയപ്പോള്‍ അതേറ്റെടുത്തു വിജയിപ്പിച്ച സംരംഭക പ്രതിഭ കൂടിയാണ്. അങ്ങനെയൊരാള്‍ക്കു സാങ്കേതിക മികവോടെ അവാര്‍ഡ് നൈറ്റിനെ ചലിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

നാനാദിക്കില്‍ നിന്നും അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തുന്ന പുരസ്‌കാര ജേതാക്കള്‍ക്കും കലാകാരന്മാര്‍ക്കും കാണികള്‍ക്കുമെല്ലാം ആദ്യ സഹായവുമായി എത്തുന്നത് ജൈമോന്‍ നെത്ര്വതം നല്‍കുന്ന ടീം ആയിരിക്കും. പുഞ്ചിരിക്കുന്ന മുഖവുമായി അല്ലാതെ കാണാന്‍ കഴിയാത്ത ജൈമോന്‍ അവാര്‍ഡ് നൈറ്റിന് വേണ്ടി ഏറ്റെടുത്ത ജോലിയും അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ഏറെ ഇണങ്ങുന്നതാണ്. തങ്ങളുടെ നാട്ടിലേക്കു എത്തുന്ന മുഴുവന്‍ വിരുന്നുകാരെയും സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഉള്ള ടീമിന് ചുക്കാന്‍ പിടിക്കുക രാജു ചവറ ആയിരിക്കും. മണിക്കൂറുകള്‍ യാത്ര ചെയ്തു എത്തുന്ന പ്രധാന അതിഥികള്‍ക്കും മറ്റും നോര്‍വിച്ചിന്റെ സ്നേഹം പകരുക എന്ന റോള്‍ ആണ് ഈ ഏറ്റുമാനൂര്‍ക്കാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതോടൊപ്പം അവാര്‍ഡ് വേദിയിലും സദസ്സിലും ആവശ്യമായ ഏതു സഹായത്തിനും ഓടിയെത്താന്‍ തയ്യാറായി ഹാള്‍ മാനേജ്‌മെന്റ് സംഘവും ഉണ്ടാകും. ഇവര്‍ക്കായി നേതൃനിരയില്‍ നില്‍ക്കുക എഴുത്തുകാരന്‍ കൂടിയായ സിറിയക് കടവില്‍ചിറയാണ്.

വിദേശികള്‍ അടക്കമുള്ള അതിഥികളെ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രോട്ടോകോള്‍ മാനേജ്‌മെന്റ് ചുമതല നോര്‍വിച്ചില്‍ സുപരിചിതയായ ഡോ. മിനി നെല്‍സന്റെയും വിന്‍സി റെയ്‌സന്റെയും  കീഴിലായിരിക്കും നിര്‍വഹിക്കപ്പെടുക. സീറോ മലബാര്‍ സഭ  ഫോറത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഡോക്ടര്‍ മിനിക്ക് അതിഥി സത്കരണം ഏറെ ഇഷ്ട്ടമുള്ള കാര്യം കൂടിയാണ്. സീനിയര്‍ നേഴ്സ് ആയി പ്രവര്‍ത്തിക്കുന്ന വിന്‍സി കാര്യക്ഷമതയോടെ മറുവാക്കാണ് എന്ന് ഒരേമനസോടെ നോര്‍വിച്ചുകാര്‍ പറയും.  ഹാള്‍ ഉള്‍പ്പടെ വേദിയും സമീപമുള്ള ഭക്ഷണശാലയും അടക്കമുള്ള ഇടങ്ങളില്‍ അഥിതികളുടെയും കാണികളുടെയും അടക്കം സുരക്ഷാ ക്രമീകരണ ചുമതല ഏറ്റെടുക്കുന്നത് പ്രിന്‍സ് ഫ്രാന്‍സിസും ടീമും ആയിരിക്കും. ഇവരോടൊപ്പം ഏറ്റവും പ്രധാനമായ ഭക്ഷണശാലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് ജോജോ എക്കാനും ബ്രയാന്‍ വര്‍ഗീസും ചേര്‍ന്നാണ്. പലപ്പോഴും അവാര്‍ഡ് നൈറ്റില്‍ ഭക്ഷണം സംബന്ധിച്ച പരാതികള്‍ മാത്രം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ഏറ്റവും മികച്ച ഭക്ഷണശാലയാകും നോര്‍വിച്ചിലേതു എന്ന ഉറപ്പാണ് ഈ ചെറുപ്പക്കാര്‍ നല്‍കുന്നത്. ഇത്തവണ അവാര്‍ഡ് നൈറ്റിന്റെ ഹൈലൈറ്റായി ചേര്‍ന്ന് നില്‍ക്കാന്‍ ഭക്ഷണ ശാലയും ഉണ്ടാകും എന്ന ജോജോയുടെയും ബ്രയാന്റെയും ഉറപ്പ് കൂടിയാകുമ്പോള്‍ യുകെമലയാളികളുടെ ഉത്സവം എന്നറിയപ്പെടുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ കേളികൊട്ടുയരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ബ്രിട്ടീഷ് മലയാളിയെ സ്നേഹിക്കുന്ന മുഴുവന്‍ വായനക്കാരും.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category