1 GBP = 95.60 INR                       

BREAKING NEWS

യുകെ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ജയകൃഷ്ണന്‍ ചന്ദ്രപ്പന് അപൂര്‍വ നേട്ടം; ന്യൂപോര്‍ട്ടിലെ ഗവേഷണ സ്ഥാപനത്തിന് ഇനി ചേര്‍ത്തലക്കാരന്റെ മേല്‍നോട്ടം; മുംബൈ ഐഐടിയില്‍ നിന്നും സിംഗപ്പൂര്‍ വഴി ലീഡ്സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരന് അംഗീകാരം വിദേശ മണ്ണില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഇന്ത്യന്‍ തലച്ചോറുകള്‍ വിദേശ രാജ്യങ്ങള്‍ വിലയ്ക്ക് വാങ്ങുന്നു എന്നത് പുതിയ കാര്യമല്ല, പതിറ്റാണ്ടുകളായി സംഭവിക്കുന്ന കാര്യമാണിത്. ഈ നിരയില്‍ ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന വാര്‍ത്തയാണ് ചേര്‍ത്തലക്കാരന്‍ ജയകൃഷ്ണന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരം. വ്യവസായ സ്ഥാപനങ്ങള്‍ക്കു കൈത്താങ്ങാകാന്‍ ഗവേഷകരെയും വ്യവസായ സ്ഥാപങ്ങളെയും കൂട്ടിയിണക്കി പത്തു വര്‍ഷം മുന്‍പ് ആരംഭിച്ച സംരംഭങ്ങളില്‍ ഒന്നിന്റെ ചുമതലയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ മലയാളിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

ഒരര്‍ത്ഥത്തില്‍ ജയകൃഷ്ണന്റെ നേട്ടം ഇന്ത്യയുടെ കോട്ടമായി മാറുകയാണ്. കാരണം ഒന്നര പതിറ്റാണ്ട് മുന്‍പ് മുംബൈ ഐ ഐ ടിയില്‍ ഗവേഷകനായി ജോലി ചെയ്യുമ്പോള്‍ ജപ്പാനില്‍ തുടര്‍ ഗവേഷണം നടത്താന്‍ ലഭിച്ച അപൂര്‍വ്വ അംഗീകാരം നിസാര കാര്യങ്ങള്‍ പറഞ്ഞു മുടക്കി മനസ് മടുപ്പിച്ചതോടെയാണ് ഇലക്ട്രോണിക്സ് രംഗത്ത് അത്ഭുതങ്ങള്‍ കാട്ടുന്ന ഈ യുവശാസ്ത്രജ്ഞന്‍ നാടു വിട്ടു പ്രവാസിയാകാന്‍ തീരുമാനിക്കുന്നത്.

മുംബൈയില്‍ നിന്നും സിംഗപ്പൂരിലെ അമേരിക്കന്‍ കമ്പനിയില്‍ എത്തിയ ജയകൃഷ്ണന്‍ തന്റെ ഗവേഷണം തുടരാന്‍ ലീഡ്സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫും കുതിച്ചുയരുക ആയിരുന്നു. ഒടുവിലിപ്പോള്‍ ഗവേഷകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന സി എസ് എ ക്യാറ്റപുലറ്റ് എന്ന സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് പാക്കേജിങ് തലവനായി മാറിയിരിക്കുകയാണ് ബ്രിസ്റ്റോള്‍ നിവാസിയായ ഈ മലയാളി.


ഈ ചുമതലയില്‍ അദ്ദേഹം എത്തുമ്പോള്‍ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരന്‍ കൂടിയാണെന്ന വിവരം കൂടി പുറത്തെത്തുകയാണ്. ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അടക്കം 75 ജീവനക്കാരുടെ ടീമിനെ നയിച്ച് സ്ഥാപനത്തിന് ബിസിനസ് കണ്ടെത്തുന്നത് അടക്കമുള്ള നിര്‍ണായക ചുമതലകള്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ മലയാളിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

റോള്‍സ് റോയ്‌സും ബിഎംഡബ്ല്യുവും അടക്കം വമ്പന്മാര്‍ ആശ്രയിക്കുന്ന സ്ഥാപനം
പുത്തന്‍ ഐ ഫോണും ഇലക്ട്രോണിക് കാറും ഉപയോഗിക്കുമ്പോള്‍ സാധാരണക്കാര്‍ കരുതുക ഏതെങ്കിലും ബ്രാന്‍ഡ് പണം മുടക്കി വികസിപ്പിച്ച സാങ്കേതിക വിദ്യ ആണെന്നാകും. എന്നാല്‍ അനേകം ഇലട്രോണിക് സെമി കണ്ടറ്ററുകള്‍ ഉപയോഗിക്കുന്ന ആധുനിക മെഷീനുകളുടെ പ്രവര്‍ത്തനം അനേക വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി രൂപം കൊള്ളുന്നവയാണ്. ഇത്തരം ഗവേഷങ്ങള്‍ പലതും നടക്കുക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആയിരിക്കും. സാങ്കേതിക വിദ്യ വികസനത്തില്‍ എന്നും പണം മുടക്കാന്‍ തയാറാകുന്ന ബ്രിട്ടന്റെ നൂതന ആശയമാണ് കാട്യാപുലറ്റ് സെന്ററുകള്‍.

വന്‍കിട, ചെറുകിട വ്യവസായങ്ങള്‍ക്കു ആവശ്യമായ ഗവേഷണം പരുവപ്പെടുത്തുക എന്നതാണ് ഇത്തരം സെന്ററുകളുടെ ജോലി. ഉദാഹരണമായി ഐ ഫോണ്‍ അമിതമായി ചൂടാകുന്നതും ഇലക്ട്രിക് കാറുകള്‍ അതിവേഗം ബാറ്ററി തീരുന്നതും പ്രധാന ന്യൂനതയായി വിപണി ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാരം കണ്ടെത്താനുള്ള ജോലിയാണ് യുകെയിലെ കാട്യാപുലറ്റ് സെന്ററുകള്‍ ഏറ്റെടുക്കുന്നത്.

അതായത് ഒരു കണ്ടെത്തലിനെ ഭംഗിയായി പായ്ക്ക് ചെയ്തു ഉപകരണത്തില്‍ ഫിറ്റ് ചെയ്യുക. അതുകൊണ്ടുകൂടിയാണ് ഈ സെന്ററുകളെ അഡ്വാന്‍സ്ഡ് പാക്കേജിങ് യൂണിറ്റുകള്‍ എന്ന് വിളിക്കുന്നതും. ബ്രിട്ടന്റെ നവീന ആശയമായ കാട്യാപുലറ്റ് സെന്ററുകള്‍ മികച്ച നേട്ടങ്ങളാണ് കണ്ടെത്തികൊണ്ടിക്കുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചലനാത്മകം ആക്കുന്നതില്‍ കാട്യാപുലറ്റ് സെന്ററുകള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ വഹിക്കുന്ന റോളും ഏറെ വലുതാണ്.

ഐഐടി മടുപ്പിച്ചപ്പോള്‍ വിളി വന്നത് സിംഗപ്പൂരിലെ അമേരിക്കന്‍ കമ്പനിയില്‍ നിന്നും
വാര്‍ത്താവിനിമയ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഏഴു വര്‍ഷം മുംബൈ ഐഐടിയില്‍ ജോലി ചെയ്തിരുന്ന ജയകൃഷ്ണന്‍ അക്കാലത്തൊന്നും നാട് വിടുന്നത് ആലോചിച്ചിട്ട് പോലുമില്ല. സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നതില്‍ അഭിമാനം മാത്രമായിരുന്നു. എന്നാല്‍ ഇത്തരം ഗവേഷണങ്ങള്‍ക്കു അധികം പണം മുടക്കാന്‍ ഇന്നും ഇന്ത്യ തയ്യാറല്ലാത്തതിനാല്‍ അക്കാലത്തെ പരിമിത സാഹചര്യങ്ങളില്‍ മികച്ച ഒരു സ്‌കോളര്‍ഷിപ് അവസരം ജപ്പാനില്‍ നിന്നും വന്നപ്പോള്‍ ജയകൃഷ്ണന്‍ കൈകൊടുക്കാന്‍ തയ്യാറായി.

എന്നാല്‍ ജയകൃഷ്ണന്‍ ഐഐടി യില്‍ ചെയ്തിരുന്ന ജോലി പകരം ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ല. അതോടെ ജയകൃഷ്ണന് സര്‍ക്കാരില്‍ നിന്നും എന്‍ ഓ സി ലഭിക്കുന്നത് തടയപ്പെട്ടു. തന്റെ കരിയര്‍ അവിടെ ഒരുങ്ങുന്നതായി അദ്ദേഹത്തിന് സാവകാശം ബോധ്യപ്പെടുക ആയിരുന്നു. ഒരു യുവ ശാസ്ത്രജ്ഞന്റെ മനസ് മടുപ്പിക്കാന്‍ ആവശ്യത്തില്‍ ഏറെയായിരുന്നു ആ സ്‌കോളര്‍ഷിപ്പ് തടയല്‍.

എന്നാല്‍ ഒട്ടും വൈകാതെ ജയകൃഷ്ണന്റെ വഴിയില്‍ അടുത്ത അവസരം വന്നെത്തുക ആയിരുന്നു. അമേരിക്കന്‍ ഉടമസ്ഥയില്‍ ഉള്ള ലോകത്തെ രണ്ടാമത്തെ വലിയ ചിപ്പ് നിര്‍മ്മാണ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ അദ്ദേഹം നിയമിക്കപ്പെട്ടു. അക്കാലത്തു മാള്‍ട്ട, ജര്‍മനി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഈ സമയത്താണ് വീണ്ടും ഡോക്ട്രറേറ്റ് എന്ന മോഹം സജീവം ആകുന്നത്. അങ്ങനെ ലീഡ്സ് യൂണിവേഴ്‌സിറ്റിയില്‍ ഒപ്റ്റിക്കല്‍ സിഗ്നല്‍ ബൂസ്റ്റിംഗ് അടിസ്ഥാനമാക്കി ഗവേഷണം ഏറ്റെടുത്തത്. സാധാരണ മൂന്നോ നാലോ വര്‍ഷം എടുത്തേക്കാവുന്ന ഗവേഷണം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകാനായി. 20 മീറ്റര്‍ ഉള്ള ഒരു ഫൈബര്‍ കേബിള്‍ സ്റ്റോറിങ് രണ്ടു സെന്റിമീറ്റര്‍ വലിപ്പത്തിലേക്കു ചുരുക്കിയെടുത്താണ് ജയകൃഷ്ണന്‍ നേട്ടം കൊയ്തത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെറുതായിക്കൊണ്ടിരിക്കുന്ന കാലത്തു ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഏറെയാണ്. ഇപ്പോള്‍ ലീഡ്‌സില്‍ ഉള്ള ഒരു സ്റ്റാര്‍ട്ട് അപ് സ്ഥാപനം ഈ കണ്ടെത്തല്‍ ഒരു ഡിവൈസ് ആയി വിപണിയില്‍ എത്തിക്കാന്‍ ഉള്ള ഒരുക്കത്തിലുമാണ്. ഈ കണ്ടെത്തലിനു റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. മാത്രമല്ല ശാസ്ത്ര വിഷയങ്ങളിലെ ആധികാരിക പ്രസിദ്ധീകരണമായ നേച്ചര്‍ മാഗസിന്‍ വലിയ പ്രാദാന്യത്തോടെയാണ് ജയകൃഷ്ണന്റെ നേട്ടം ഉള്‍പ്പെടുന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

വീണ്ടും അംഗീകാരമായി രണ്ടു കോടി രൂപയുടെ ഫെല്ലോഷിപ്പ്
ജയകൃഷ്ണന്റെ സമയം കൂടുതല്‍ തെളിയുക ആയിരുന്നു എന്നും പറയാം. ഏകദേശം രണ്ടു കോടി രൂപയോളം മൂല്യമുള്ള മേരി ക്യൂറി ഫെല്ലോഷിപ്പ് ആണ് ഇദ്ദേഹത്തെ തേടി എത്തിയത്. ഈ സമയത്തു സീനിയര്‍ പ്രൊഫസര്‍ വാങ്ങുന്ന ശമ്പളത്തേക്കാള്‍ ആനുകൂല്യം ജയകൃഷ്ണനെ തേടി എത്തുകയായിരുന്നു. തുടര്‍ന്ന് സെന്റര്‍ ഫോര്‍ പ്രോസസിങ് ഇന്നൊവേഷന്‍ എന്ന സിപിഐയില്‍ നിയമനം. ഹെല്‍ത്ത് കെയര്‍ ഫോട്ടോണിക്‌സില്‍ ടെക്‌നോളജി മാനേജര്‍ ആയി പ്രവര്‍ത്തിച്ച ശേഷമാണു പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി ക്യാറ്റപ്പുല്‍റ്റില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിയമിതനായ ജയകൃഷ്ണന്‍ കേവലം ഒരു വര്‍ഷം കൊണ്ടാണ് ആരും കൊതിക്കും വിധം സ്ഥാപന മേധാവിയുടെ റോളിലേക്ക് ഉയരുന്നത്. ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചു മില്യണ്‍ പൗണ്ട് മൂല്യമുള്ള പ്രോജക്ട് ഫണ്ടിങ്ങും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ നേട്ടങ്ങള്‍ ചുരുങ്ങിയ സമയത്തില്‍ ഗവേഷണ രംഗത്ത് സ്വന്തമാക്കിയ മലയാളികള്‍ നന്നേ വിരളം ആയിരിക്കും. ഇപ്പോള്‍ ക്യാറ്റപുലറ്റില്‍ പുതിയ ഇടപാടുകാരെ കണ്ടെത്തുന്നത് മുതല്‍ ഡിവൈസുകള്‍ നിര്‍മിക്കുന്നതും ടീമിനെ നയിക്കുന്നതും ഒക്കെ ഈ ചേര്‍ത്തല തണ്ണീര്‍മുക്കംക്കാരന്റെ റോള്‍ ആയി മാറുകയാണ്.

ഐടി രംഗത്തെ അതികായന്മാരായ ഐബിഎമ്മിന്റെ ബ്രിസ്റ്റോള്‍ യൂണിറ്റില്‍ ഡെവലൊപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന കീര്‍ത്തി ജയകൃഷ്ണനാണ് പത്നി. ഗ്ലോസ്റ്റര്‍ ഗ്രാമര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീറാമും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്വരാജുമാണ് മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category