സഞ്ജു.. സഞ്ജു... സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയര്‍ത്തി ഓക്ലന്‍ഡിലെ മലയാളികള്‍; അയ്യോ വേണ്ടേ എന്ന മട്ടില്‍ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസണ്; ട്വന്റി-20 ടീമില്‍ വീണ്ടും ഇടം പിടിച്ചിട്ടും റിസര്‍വ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകന് കോഹ്ലിയും
ഓക്ലന്‍ഡ്: സഞ്ജു സാംസണ് വീണ്ടും ട്വന്റി-20 ടീമില്‍ വീണ്ടും ഇടം പിടിച്ചത് മലയാളികള്‍ക്ക് ആഹ്ലാദകരമായ വാര്‍ത്തയായിരുന്നു. പ്ലേയിങ് ഇലവനില്‍ സഞ്ജി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓക്ലന്‍ഡിലെ മലയാളികള്‍ കളി കാണാന്‍ എത്തിയത്. എന്നാല്‍, അതുവെറുതെയായി. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് ട്വന്റി-20 യില്‍ ഉള്‍പ്പെടുത്തിയതെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കാന്‍ മാത്രമാണ് സഞ്ജു എത്തിയത്. ഏതായാലും സഞ്ജവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഉറത്തുതന്നെയായിരുന്നു ഓക്ലന്‍ഡിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ വരവ്. കോഹ്ലിയുടെ സാന്നിധ്യത്തില്‍ തന്നെ അവര്‍ തങ്ങളുടെ ചെറുതെങ്കിലും ശക്തമായ പ്രതിഷേധം അവതരിപ്പിച്ചു. തുടര്‍ച്ചയായി സഞ്ജുവിനോട് കാട്ടുന്ന അവഗണനയിലുള്ള വേദനയാണ് പ്രതിഷേധ ശബ്ദമായി ഉയര്‍ന്നത്. മലയാളി താരത്തിന് വേണ്ടി പ്ലാക്കാര്‍ഡുകളും ഉയര്‍ത്തി. തനിക്ക് വേണ്ടി ശബ്ദമുയര്ത്തുന്ന് കണ്ട് സഞ്ജു കൈയുയര്‍ത്തി അത് തടഞ്ഞതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്. ഏതായാലും കോഹ്ലിയുടെ സാന്നിധ്യത്തില്‍ തന്നെ സഞ്ജുവിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞുവെന്നതിന്റെ സംതൃപ്തിയിലാണ് മലയാളികള്‍. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, കോഹ്ലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി എന്നിവരാണ് ഓക് ലന്‍ഡില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്.
സഞ്ജുവിന് തുടര്‍ച്ചയായ അവഗണന
2015ല്‍ ട്വന്റി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളത്. ഇതില്‍ നിന്ന് തന്നെ താരത്തോടെ കാട്ടുന്ന അവഗണന വ്യക്തമാണ്. 2017ല്‍ ആദ്യ ട്വന്റി ട്വന്റി കളിച്ച ഋഷഭ് ഇതിനോടകം 28 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തില്‍ സിക്സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 2015ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിഞ്ഞ ദിവസം പുണെയില്‍ അവസരം ലഭിച്ചത്.
രണ്ടു മത്സരങ്ങള്‍ക്കിടയിലെ ഇടവേളയുടെ കാര്യത്തില്‍ ഇത് ഇന്ത്യന്‍ റെക്കോര്‍ഡാണ്. 65 മത്സരങ്ങള്‍ കാത്തിരുന്ന ഉമേഷ് യാദവാണ് സഞ്ജുവിനു പിന്നിലായത്. ലോക ക്രിക്കറ്റില്‍ത്തന്നെ ഇതില്‍ക്കൂടുതല്‍ മത്സരങ്ങള്‍ കാത്തിരുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ ഡെന്‍ലി (79), ലിയാം പ്ലങ്കറ്റ് (74) എന്നിവര്‍ മാത്രം. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ സഞ്ജു അംഗമാണ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെ സഞ്ജു ന്യൂസീലന്‍ഡിലേക്കു പോയി. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ട്.
വിന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് റിസര്‍വ് ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്നത് മലയാളി ആരാധകരെ തെല്ലൊന്നുമല്ല കോപാകുലരാക്കിയത്. വിരാട് കോലിയോടും ഋഷഭ് പന്തിനോടും വരെ ഈക്കാര്യത്തില്‍ മലയാളികള്‍ കലിപ്പു തീര്‍ത്തു. എന്നിട്ടും വിന്‍ഡീസിസ് എതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം കിട്ടിയില്ല. ഇക്കാര്യത്തില്‍ സെലക്ട്രര്‍ തഴഞ്ഞെങ്കിലും ഇക്കൂട്ടര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കയാണ് മലയാളി താരം. ഇതോടെ വീണ്ടും ചര്‍ച്ചകളായി. അങ്ങനെയാണ് ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ സഞ്ജുവിനെ തിരിച്ചെടുത്തത്. അപ്പോഴും വിന്‍ഡീസിനെതിരെ കളിപ്പിച്ചില്ല. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തില്‍ കളിപ്പിച്ച് പുറത്താക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്‍ കളിപ്പിച്ചിരുന്നുവെങ്കില്‍ വീണ്ടും അവസരം നല്‍കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് അവസാന കളിയില്‍ അവസരം കിട്ടിയത്.
ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥിരം തന്ത്രമാണ്. ടീമില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കണമെങ്കില്‍ സമ്മര്‍ദ്ദം നിറഞ്ഞ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കുക. അധിക സമ്മര്‍ദ്ദത്തിന്റെ പരിമുറുക്കവുമായി ഇറങ്ങുന്ന താരങ്ങള്‍ക്ക് കഴിവ് പുറത്താക്കാന്‍ പറ്റാത്ത സാഹചര്യം വരും. ഇത് പ്രകടനത്തേയും ബാധിക്കും. അങ്ങനെ വന്നാല്‍ അവരെ ടീമില്‍ നിന്ന് പുറത്താക്കുക എളുപ്പവുമാകും. ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടിയ അവസരത്തില്‍ മികവ് കാട്ടിയ കരുണ്‍ നായരെ പോലുള്ള പ്രതിഭകളെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതും ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സഞ്ജുവിനേയും അങ്ങനെ പുറത്താക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന വിലയിരുത്തലില്‍ എത്തുകയാണ് മലയാളികള്‍.