1 GBP = 94.40 INR                       

BREAKING NEWS

അടിയന്തരവാസ്ഥയില്‍ ഇന്ദിരയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ധീരന്‍; ബോഫോഴ്സിലെ സ്വിസ് അക്കൗണ്ടില്‍ ക്വത്ത്റോക്കിയെ കുടുക്കിയപ്പോള്‍ ഭരണക്കാരുടെ കണ്ണിലെ കരടായി; ഹര്‍ഷദ് മേത്തയെ തളച്ച് തിരിച്ചറിഞ്ഞത് ഫെയര്‍ ഗ്രോത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ ചെട്ടിയാരുടെ ഷെയറുകള്‍; ചിദംബരം കോപം കൊണ്ട് കലി തുള്ളിയപ്പോള്‍ പുല്ലു പോലെ സിബിഐ ജോലി വലിച്ചെറിഞ്ഞത് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്; വിടവാങ്ങിയത് നേര് മാത്രം പറഞ്ഞ കുറ്റാന്വേഷകന്‍; തിരുവില്വാമലക്കാരന്‍ കെ മാധവന്‍ പകരക്കാരില്ലാത്ത മാതൃക

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബൊഫോഴ്‌സ് ഇടപാട്, ഓഹരി കുംഭകോണം... ഇന്ത്യന്‍ ക്രിക്കറ്റിലെ ശുദ്ധീകരണം... ഇന്ത്യാക്കാരെ നേരറിയിച്ച നേരിന്റെ വഴിയേ നടന്ന കുറ്റാന്വേഷകനായിരുന്നു കെ മാധവന്‍. സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍. തിരുവില്വാമല കൊല്ലാക്കല്‍ കുടുംബാംഗം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട കെ മാധവനെ ബൊഫോഴ്‌സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയില്‍നിന്ന് നീക്കിയത് സത്യം പൂര്‍ണ്ണമായും പുറത്തു വരാതിരിക്കാനായിരുന്നു. ഭോപാല്‍ വാതകദുരന്തക്കേസും ഇദ്ദേഹമാണ് അന്വേഷിച്ചത്. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ചുവരവെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് 1992ല്‍ സ്വയം വിരമിച്ചു. പിന്നീട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ബിസിസിഐ അഴിമതി കേസില്‍ കോടതി അന്വേഷണ കമീഷനായി നിയമിച്ചപ്പോള്‍ അതിലും സത്യം കണ്ടെത്തി. അങ്ങനെ ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തിളങ്ങും അധ്യായമായിരുന്നു മാധവന്‍. ഒരു സിബിഐ ഡയറിക്കുറിപ്പ്.

അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു നല്ല മാതൃകയും പാഠപുസ്തകവുമായിരുന്നു ഈ മലയാളി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടു മടക്കാതെയും നട്ടെല്ലു വളയ്ക്കാതെയും തലയുയര്‍ത്തിപ്പിടിച്ചു നിന്ന അഭിമാന താരകം. ഈ നക്ഷത്രമാണ് വിടവാങ്ങുന്നത്. മലയാളിയെ സിബിഐയുമായി അടുപ്പിച്ച ഓഫീസര്‍. കെ മധു ചിത്രമായ സിബിഐ ഡയറിക്കുറിപ്പിലൂടെ കണ്ടതൊന്നും വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ഈ കുറ്റാന്വേഷകന്റെ ജീവിതം. 197779 കാലത്ത് സിബിഐയില്‍ എസ്പി ആയിരുന്ന മാധവന് അടിയന്തരാവസ്ഥക്കാലത്തെ പല അതിക്രമങ്ങളുടെയും അന്വേഷണത്തിന്റെ ചുമതല ഉണ്ടായിരുന്നു. ചില കേസുകളില്‍ ഇന്ദിരാഗാന്ധി പ്രതിസ്ഥാനത്തുണ്ടായിരുന്നു. 1980 ജനുവരി 14ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കു തിരിച്ചെത്തി. ഇതോടെ കഷ്ടകാലവും തുടങ്ങി. അര്‍ഹിച്ചതെല്ലാം തട്ടിയെടുത്തു. അപ്പോഴും തളര്‍ന്നില്ല. കര്‍മ്മനിരതനായി അന്വേഷണം തുടര്‍ന്നു.

മാധവന്‍ നടത്തിയ അന്വേഷണത്തിന് ആ വര്‍ഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്തുത്യര്‍ഹ സേവനത്തിനു പൊലീസ് മെഡല്‍ നല്‍കാനുള്ള തീരുമാനമായി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പോയ ഫയല്‍ മടങ്ങിവന്നപ്പോള്‍ മാധവന്റെ പേരു മാത്രം വെട്ടിയിരുന്നു. അതായിരുന്നു ഇന്ദിരയുടെ പക. പിന്നീട് 5 വര്‍ഷം കാത്തിരുന്ന ശേഷമാണ് 1985ല്‍ പൊലീസ് മെഡല്‍ ലഭിച്ചത്. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ച മാധവന് അതു പൂര്‍ത്തിയാക്കാനാവാത്ത വിധം രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നപ്പോള്‍ 1992 നവംബര്‍ ഒന്നിനു സ്വയം വിരമിച്ചു. അന്വേഷണം രാഷ്ട്രീയക്കാരിലേക്ക് നിങ്ങുമെന്ന ഘട്ടത്തിലായിരുന്നു ഇത്. അപ്പോഴാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ 1997 വരെ ഈ മെഡല്‍ മാധവനു നല്‍കിയില്ല. 1997ല്‍ ജോഗീന്ദര്‍ സിങ് സിബിഐ ഡയറക്ടര്‍ ആയപ്പോഴാണ് മാധവനെ അവാര്‍ഡിനായി വിളിക്കുന്നതും പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡ അതു നല്‍കുന്നതും.

1990 ജനുവരി ഒന്നിനാണ് അന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മാധവനെ ബൊഫോഴ്സ് ആയുധക്കോഴക്കേസ് ഏല്‍പിക്കുന്നത്. ബൊഫോഴ്സ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മാധവന്‍ സ്വിസ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തി. ഇതോടെ ഒക്ടോവിയോ ക്വത്ത്റോക്കി ആരുമറിയാതെ ഇന്ത്യ വിട്ടുപോയി. ബൊഫോഴ്സ് കേസില്‍ സര്‍ക്കാരിന്റെ അഡീഷനല്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞതു ശരിയല്ല എന്നു കണ്ടപ്പോള്‍ മാധവന്‍ എതിര്‍ത്തു. പിന്നാലെ പി. വി. നരസിംഹറാവു പ്രധാനമന്ത്രി ആയതോടെ മാധവനെ അന്വേഷണത്തില്‍ നിന്നു മാറ്റി. ഇത് ഏറെ വിവാദമായി. അല്ലെങ്കില്‍ അന്ന് തന്നെ ബോഫോഴ്സിലെ ശരി ഇന്ത്യ അറിഞ്ഞേനെ. 1992 മേയില്‍ മാധവനെ ഓഹരി കുംഭകോണം അന്വേഷണം ഏല്‍പിച്ചു. ഹര്‍ഷദ് മേത്തയുടെ അക്കൗണ്ടുകളുടെ അന്വേഷണം എത്തിയത് രാഷ്ട്രീയക്കാരിലേക്കായിരുന്നു.

1990കളുടെ ആദ്യം ഹര്‍ഷദ് മേത്ത ബാങ്കുകളെ വഞ്ചിച്ച് 4000 കോടി രൂപയോളം തട്ടിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ കുംഭകോണമാണിത്. 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് കണക്കാക്കപ്പെട്ടത്. ഓഹരി കമ്പോളത്തില്‍ ഇടപെട്ട് കച്ചവടം നടത്തി ലാഭം ഉണ്ടാക്കാനായിരുന്നു ഹര്‍ഷദ് മേത്ത ബാങ്കുകളില്‍നിന്ന് പണം മോഷ്ടിച്ചെടുത്തത്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ അക്കാലത്ത് നിലനിന്ന സാമ്പത്തിക ജാഗ്രത എത്രത്തോളമായിരുന്നു എന്ന് അത് വെളിവാക്കി. ഈ ചര്‍ച്ചയാണ് രാഷ്ട്രീയക്കാരില്‍ അലോസരമുണ്ടാക്കിയത്. കൃത്യമായ വ്യക്തികളിലേക്ക് അന്വേഷണം നീണ്ടതോടെ മാധവന്‍ സര്‍ക്കാരിന് അനഭിമതനായി. അന്നാണ് പി. ചിദംബരത്തിനു രാജിവയ്ക്കേണ്ടി വന്നത്. ഈ രാജിയായിരുന്നു മാധവന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ ഫെയര്‍ ഗ്രോത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് ഏറെ വിവാദമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. അതില്‍ നിന്ന് അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു. ഇതിന് കാരണവും മാധവന്റെ സിബിഐയില്‍ നിന്നുള്ള രാജിയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദം സഹിക്കവയ്യാതെ മാധവന്‍ സ്വയം വിരമിച്ചുവെന്ന് അന്ന് തന്നെ വ്യക്തവുമായിരുന്നു. സിബിഐയെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നു മാറ്റണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനു കീഴില്‍ കൊണ്ടുവരണമെന്നും മാധവന്റെ നിര്‍ദ്ദേശമായിരുന്നു. 1998ല്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ അതിനു തയാറായി.

ഇതു പോലെ രാജേന്ദ്ര സിങ് സേഠിയുടെ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിച്ചപ്പോഴാണ് മാധവന്‍ നിലവിലുള്ള ബാങ്ക് ഡ്രാഫ്റ്റുകളുടെയും റിസര്‍വ് ബാങ്കിന്റെ എക്സ്ചേഞ്ച് കണ്‍ട്രോള്‍ ഫോമുകളുടെയും രൂപം മാറ്റണമെന്നു ശുപാര്‍ശ ചെയ്തത്. നാം ഇന്നു കാണുന്ന ഡ്രാഫ്റ്റുകളുടെ രൂപം അങ്ങനെ വന്നതാണ്. മദ്രാസ് ലയോള കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം. തുടര്‍ന്ന് നിയമ പഠനം. 1963ലാണ് സിബിഐയില്‍ കയറിയത്. മൂന്നുദേശസാത്കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട രാജേന്ദ്ര സിങ് വഞ്ചനക്കേസ്, ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതുസംബന്ധിച്ച ഗുരുമൂര്‍ത്തി കേസ്, ഭോപാല്‍ വാതകദുരന്തം, രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ത്തിവെക്കേണ്ടിവന്ന ഫ്രഞ്ച്-യു.എസ് കമ്പനികളുടെ ക്വട്ടേഷന്‍ കേസ്, 1971ലെ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പുകേസ് തുടങ്ങിയ അന്വേഷണങ്ങളിലും സിബിഐയുടെ ഭാഗമായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.15ന് ഡല്‍ഹിയില്‍ വച്ചായിരുന്നു മാധവന്റെ അന്ത്യം. സംസ്‌കാരം ശനിയാഴ്ച (18-1-2020) രാത്രി എട്ടുമണിക്ക് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category