1 GBP = 96.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 37

Britishmalayali
രശ്മി പ്രകാശ്

പ്രസവവേദനയാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള വേദനയാണോ, ഒന്നും എനിക്ക് മനസ്സിലായില്ല. ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ലെക്‌സിയും കൂടെ കരയാന്‍ തുടങ്ങി.


ഫെലിക്‌സ് എവിടെ പോയെന്നറിയില്ല. ഫോണോ മറ്റു സൗകര്യങ്ങളോ ഞങ്ങള്‍ക്ക് മുന്നിലില്ല.

പേടികൊണ്ടാണോ എന്നറിയില്ല വേദന കൂടിക്കൂടി വന്നു.

ഇസ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഗ്രേസിന് താങ്ങാന്‍ പറ്റുന്നതിലും അധികമായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ പതിവുപോലെ തന്റെ കവിളിലൊരുമ്മയും തന്നു സന്തോഷത്തോടെ സ്‌കൂളിലേക്ക് പോയ തന്റെ മകളാണ് ഗര്‍ഭിണിയായതും, വയറു വേദനിച്ചപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ കരഞ്ഞ കാര്യവുമൊക്കെ പറയുന്നത്. കൈ എത്തും ദൂരെ ഉണ്ടായിട്ടും താനൊന്നും അറിഞ്ഞില്ലല്ലോ എന്ന ചിന്ത ആ മാതൃഹൃദയത്തെ വല്ലാതെ നോവിച്ചു.

ഇസ എഴുന്നേറ്റ് ജാലകത്തിനടുത്തേക്ക് നടന്നു. ആരുടേയും മുഖത്ത് നോക്കാതെ കുറച്ചു സമയം പുറത്തേക്കു നോക്കി നിന്നു. ഉള്ളില്‍ ഒരു കടല്‍ ആര്‍ത്തിരമ്പുന്നത് അവളുടെ കണ്ണുകളിലൂടെ കാണാമായിരുന്നു. രക്തവും ജീവനും നഷ്ടപ്പെട്ട ഒരു തോലുറ പോലെ ഹൃദയം ശൂന്യമായിരുന്നു. മുന്നോട്ടുള്ള ജീവിതമോ, സ്വപ്നങ്ങളോ കാണാനാവാത്ത വിധം കനത്തൊരു മൂടല്‍ മഞ്ഞ് ഇസയ്ക്ക് മുന്നില്‍ വഴിമുടക്കി നിന്നു. മരിക്കാന്‍ വളരെ എളുപ്പമാണ്, ജീവിക്കാനാണ് പ്രയാസം. ജോയെക്കുറിച്ചോര്‍ക്കുമ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.

'അവനെന്തു തെറ്റ് ചെയ്തു'?

'ആത്മസംയമനം വീണ്ടെടുത്ത ഇസ വീണ്ടും പറയാന്‍ ആരംഭിച്ചു'.

എത്ര സമയം കഴിഞ്ഞാണ് അയാള്‍ വന്നതെന്നൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല. ഫെലിക്‌സ് വാതില്‍ തുറന്നതും ലെക്‌സി ഓടി ചെന്ന് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം എന്ന് ഫെലിക്‌സിനോട് കരഞ്ഞു പറഞ്ഞു. അയാള്‍ എന്റെ അടുത്തേക്ക് വന്നു, വയറില്‍ തൊട്ടു നോക്കി. എന്നിട്ടു മുറിക്കു പുറത്തേക്കു പോയി. പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു.

ഞാന്‍ ഡോക്ടറോട് സംസാരിച്ചു. ഒന്നും പേടിക്കാനില്ല. ഇപ്പോള്‍ വേദന മാറും, ഞാന്‍ പറയുന്നതു പോലെ ചെയ്താല്‍ മതി.
ഫെലിക്‌സ് എന്റെ ബ്ലഡ് പ്രഷര്‍ നോക്കി, അതിനുശേഷം അയാള്‍ എന്നെ അടുത്ത റൂമിലേക്ക് കൊണ്ടുപോയി. എന്നിട്ട് റെക്ടാഗുലര്‍ ആകൃതിയില്‍ ഉള്ള ഒരു പൂള്‍ ഇന്‍ഫ്‌ലെറ്റ് ചെയ്തു.

അതില്‍ വെള്ളം നിറച്ചു. എന്നോടതില്‍ ഇറങ്ങിക്കിടക്കാന്‍ പറഞ്ഞു. അയാള്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിച്ചു. ചെറു ചൂടിലുള്ള വെള്ളം ആയിരുന്നു അതില്‍ 
നിറച്ചിരുന്നത്. എന്തോ ഗുളികയും, ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലും കുടിക്കാന്‍ തന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഫെലിക്‌സ് പറഞ്ഞതുപോലെ വേദന കുറഞ്ഞു വന്നു.

അയാള്‍ എല്ലാ രീതിയിലും തയ്യാറാണ് എന്റെ കാര്യത്തിലെന്ന് ഒരിക്കല്‍ കൂടി എനിക്ക് മനസ്സിലായി. ഫെലിക്‌സിനെ സഹായിക്കാന്‍ ആരോ ഉണ്ടായിരുന്നു. അതൊരു ഡോക്ടറോ, നഴ്സോ ആവാം. ഈ സംഭവത്തിന് ശേഷം ഫെലിക്‌സ് എന്റെ കാര്യത്തില്‍ പതിവിലും കൂടുതല്‍ ശ്രദ്ധ തന്നു തുടങ്ങി. എന്നും എന്നെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കും. ഭക്ഷണകാര്യത്തിലും ഉറക്കത്തിലും എല്ലാം അയാളുടെ ശ്രദ്ധ ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെയും ലെക്‌സിയെയും മറ്റൊരു മുറിയിലേക്ക് മാറ്റി. അറ്റാച്ചഡ് ബാത്തും ടോയ്ലെറ്റും അതിനോട് ചേര്‍ന്ന് ചെറിയൊരു ബോക്‌സ് റൂമും ഒക്കെയുള്ള വിശാലമായ മുറി. ഒരു ശബ്ദം പോലും പുറത്തുപോകാത്ത രീതിയിലാണ് അയാള്‍ മുറി ഒരുക്കിയതെന്നു പ്രത്യേകം പറയേണ്ടല്ലോ?

കുഞ്ഞുടുപ്പുകളും തൊട്ടിലും മുതല്‍ ട്രെഡ് മില്‍ വരെ ആ മുറിയില്‍ ഉണ്ടായിരുന്നു. ബോക്‌സ് റൂമില്‍ ലെക്‌സിക്കായി ചെറിയൊരു കട്ടിലും കുറച്ചു പുസ്തകങ്ങളും അയാള്‍ ഒരുക്കിയിരുന്നു.

വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ് ഫെലിക്‌സ് ഞങ്ങളോട് പെരുമാറിയത്. ടെലിവിഷന്‍ മാത്രമായിരുന്നു പുറം ലോകത്തെ വാര്‍ത്തകളുമായി ഞങ്ങളെ ബന്ധിപ്പിച്ചിരുന്നത്.

വലുതായി വരുന്ന എന്റെ വയറ് നോക്കി ഞാനും, ലെക്‌സിയും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഫെലിക്‌സ് ഹോസ്പിറ്റലില്‍ കൊണ്ട് പോകില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ഇസ, നീ നന്നായി വ്യായാമം ചെയ്യണം എന്നാലേ സുഖ പ്രസവം നടക്കൂ എന്ന് ഫെലിക്‌സ് പലപ്പോഴും എന്നെ ഓര്‍മ്മപ്പെടുത്തി. സ്‌നേഹലോലുപനായ ഒരു ഉത്തമ ഭര്‍ത്താവിനെപ്പോലെ അയാള്‍ എന്നെ പരിചരിച്ചു.

ദിനരാത്രങ്ങള്‍ അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യമൊഴികെ എല്ലാം അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പേടിച്ചിരുന്ന ആ ദിവസം വന്നെത്തി. എനിക്ക് പ്രസവവേദന ആരംഭിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ വേദന തുടങ്ങി. ഫെലിക്‌സും ലെക്‌സിയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വേദനക്കിടയിലും ഫെലിക്‌സ് എന്നെ നിര്‍ബന്ധിച്ചു നടത്തിച്ചു, ഇടയ്ക്കിടെ ആപ്പിള്‍ ജ്യൂസ് തന്നു. ആ രാത്രി ഞങ്ങള്‍ മൂന്നുപേരും ഉറങ്ങിയില്ല. വെളുപ്പിന് നാലുമണി കഴിഞ്ഞപ്പോള്‍ എന്റെ വേദനയുടെ ആഴം കൂടികൂടി വന്നു. ഫെലിക്‌സ് എല്ലാ അര്‍ത്ഥത്തിലും എന്റെ പ്രസവം എടുക്കാന്‍ തയ്യാറായി നിന്നു.

അയാള്‍ എന്നെ പ്ലാസ്റ്റിക് പൂളില്‍ വെള്ളം നിറച്ച് അതില്‍ കിടത്തി. വെള്ളത്തിലേക്ക് പ്രസവിക്കുന്ന വീഡിയോ എവിടെയോ കണ്ടത് ഇടക്കെപ്പോഴോ ഞാന്‍ ഓര്‍ത്തു. വേദന കൂടി ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നു തോന്നി. അമ്മയെയും അപ്പയെയും ഐസക്കിനെയും അവസാനമായി ഒന്ന് കാണാന്‍ വല്ലാത്ത കൊതി തോന്നി. പേടി കൊണ്ട് ഞാന്‍ ഫെലിക്‌സിന്റെ കൈകളില്‍ മുറുക്കെ പിടിച്ചു. എപ്പോഴൊക്കെയോ അയാളെ മാന്തിപ്പറിച്ചു. 

ഇടയ്ക്കിടെ ഫെലിക്‌സ് എന്നെ എന്തോ മണപ്പിക്കുന്നുണ്ടായിരുന്നു. ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദനയില്‍ ഞാന്‍ അലറിക്കരഞ്ഞു. ലെക്‌സി ഇതെല്ലാം കണ്ടു പേടിച്ചു വിറച്ചു നില്‍പ്പുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഫെലിക്‌സ് കുഞ്ഞിനെ എന്നെ കാണിച്ചു തന്നത് മാത്രം എനിക്ക് ഓര്‍മയുണ്ട്.

അയാള്‍ എങ്ങനെയാണ് എന്നെ ബെഡില്‍ കൊണ്ടുവന്നു കിടത്തിയതെന്നോ പിന്നീട് എന്തൊക്കെ സംഭവിച്ചെന്നോ എനിക്കറിയില്ല. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നു പോയി.

ഉണര്‍ന്നപ്പോള്‍ ഞാന്‍ കിടക്കയിലാണ്. ജോ എന്റെ അടുത്തുണ്ട്. ഈ കാണുന്നതൊക്കെ സത്യമാണോ എന്നറിയാന്‍ ഞാന്‍ കൈത്തണ്ടയില്‍ നുള്ളി നോക്കി.

അതെ, എല്ലാം നടന്ന കാര്യങ്ങള്‍ തന്നെയാണ്. എനിക്കൊരു കുഞ്ഞുണ്ടായിരിക്കുന്നു. കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് പോലും എനിക്കറിയില്ല. എണീക്കാന്‍ ശ്രമിച്ചിട്ട് പറ്റുന്നില്ല.

ശരീരത്തെവിടെയൊക്കെയോ നല്ല വേദന. അപ്പോഴാണ് ഫെലിക്‌സ് മുറിയിലേക്ക് വന്നത്.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam