
ജബ്ബാര്‍ ടൈപ്പ് റൈറ്റിങ് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ഒമേഗ ടൈപ്പ് റൈറ്റിങ് സ്കൂളിന്റെ എതിര്‍വശത്തുള്ള ഫാത്തിമ ടീസ്റ്റാളില്‍ ഇരുന്ന് പൊറോട്ടയും ഇറച്ചിയും തിന്നുമ്പോഴെടുത്ത തീരുമാനമാണ്.
ഫാത്തിമ ടീസ്റ്റാളിന്റെ ഉടമ അബ്ദുറഹ്മാന് കാക്കയ്ക്ക് ബീവിയെന്ന് കേട്ടാല്‍ ഹാലിളകും. ആരെങ്കിലും ബീവിയെക്കുറിച്ച് പറഞ്ഞാല്‍ അന്ന് മുഴുവന്‍ ഹറാം പിറപ്പായിരിക്കും.
എന്നാലും ടീസ്റ്റാളിനു ബീവിയുടെ പേരുതന്നെ വേണമെന്ന് കാക്കയ്ക്ക് നിര്‍ബന്ധമാണ്. എന്നും കാലത്ത് ഫാത്തിമ ടീസ്റ്റാള്‍ എന്നെഴുതിയിരിക്കുന്ന ബോര്‍ഡിലേക്ക് നോക്കി രണ്ട് ആട്ടാട്ടിയിട്ടേ കാക്ക മാവാട്ടുകയുള്ളൂ.
ജബ്ബാറിത് വെറുതെ എടുത്ത തീരുമാനമല്ല. ദിവസങ്ങളോളം ഒമേഗയിലേക്ക് തന്നെ നോക്കിയിരുന്ന് പൊറോട്ട തിന്നെടുത്ത തീരുമാനമാണ്.
പുതുതായി ഫാത്തിമ ടീസ്റ്റാളിലേക്ക് വരുന്ന എല്ലാവര്ക്കും ശങ്കരമേനോന് രഹസ്യമായി ഒരു താക്കീത് നല്‍കും. ഫാത്തിമാന്നുള്ള പേര് ഉച്ചരിക്കരുത്.
ഇത് പറയാന്‍ വേണ്ടി ശങ്കരമേനോന് നേരം വെളുക്കുമ്പം തൊട്ട് വൈകുന്നേരം വരെ ചായക്കടേലുണ്ടാകും. പോകെ പോകെ ശങ്കരമേനോനാണ് കടയുടെ ഉടമസ്ഥന് എന്നൊരു തോന്നല്‍ വരണോര്‍ക്കും പോണോര്‍ക്കും ഉണ്ടായി. അബ്ദുറഹ്മാന് വെറും പണിക്കാരനും.
ജബ്ബാര്‍ ടൈപ്പ് റൈറ്റിങ് പഠിക്കാനുള്ള സമയം നോക്കിവെച്ചു. കൃത്യം പന്ത്രണ്ടിനും ഒരുമണിക്കുമിടയില്‍. വാങ്ക് വിളിക്കുമ്പോള്‍ കാര്ന്നോമ്മാരൊക്കെ പള്ളീല് പോകും. ജബ്ബാറിന് പണ്ടേ പള്ളീപ്പോക്കും നിസ്കാരവും ഇല്ല.
ടൈപ്പ് റൈറ്റിങ് പഠിക്കാന്‍ പോണെന്ന് കേള്‍ക്കുമ്പോള്‍ കൂടെ പണിയെടുക്കണ വട്ടോളി രാജന് വട്ടാവും. അല്ലെങ്കി തന്നെ ഓനെന്തെങ്കിലും കാരണം നോക്കിയിരിക്കാണ് മൊതലാളിയോട് പറഞ്ഞു കൊടുക്കാന്‍.
മണി പന്ത്രണ്ടാവാറായി. വാങ്ക് വിളി ഇതുവരെ കേട്ടില്ല. ജബ്ബാറിന്റെ ചങ്ക് പിടക്കാന്‍ തുടങ്ങി. ഒമേഗയില്‍ കയറി ടൈപ്പ് റൈറ്റിങ് പഠിപ്പിക്കുമോ എന്ന് ചോദിക്കണം.
ടീച്ചറിന്റെ ഒരായിരം ചോദ്യം ഉണ്ടാവുമെന്ന് ജബ്ബാറിനറിയാം.
''ജ്ജ് ഏതാ, ഇതിന് മുന്‍പ് കണ്ടിട്ടില്ലല്ലോ, എന്തിനാ ടൈപ്പ് റൈറ്റിങ് പടിക്കണേ?'' ഇങ്ങനെ ചോദ്യങ്ങള്‍ നീണ്ടുപോകും.
''മൊഹബത്താണ് ടീച്ചറെ, മൊഹബത്ത്. പന്ത്രണ്ട് മണിക്ക് ഒമേഗയിലേക്ക് വരുന്ന കുട്ടികളുടെ കൂട്ടത്തിലെ ആ ഹൂറിയെ കണ്ടതുമുതലുള്ള ആഗ്രഹമാണ് ടൈപ്പ് റൈറ്റിങ് പഠിക്കാന്‍. ഓള്‍ടെ കൂടെയിരുന്ന് ടൈപ്പ് റൈറ്റിങ് പഠിക്കണം''.
ഇത്രേം ശേലുള്ള ഒരു മൊഞ്ചത്തീനെ ജബ്ബാര്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. വാങ്ക് വിളി തുടങ്ങുമ്പോഴേക്കും ഒമേഗയിലേക്ക് ഓടി കയറുന്ന വെളുത്ത തട്ടമിട്ട മൊഞ്ചത്തീനെ ഒരു മിന്നല്‍ പോലെയേ ജബ്ബാര്‍ കണ്ടിട്ടുള്ളൂ. എന്തായാലും ഇന്ന് പോയി ചോദിക്കന്നെ.
ചകിരി കയറ്റിയ ടെമ്പോ വന്നുനിന്ന് ഒമേഗയുടെ മുഖം മറച്ചു. ടെമ്പോയില്‍ നിന്നും ചാടിയിറങ്ങിയ ഹമീദിനെ കണ്ടു ജബ്ബാറന്ധിച്ചു. കുഷ്ഠമാണെന്നും പറഞ്ഞ് നാട്ടുകാരുടെ കയ്യീന്ന് കാശ് പിരിച്ച് നാടുവിട്ടോനാണ്.
ഒരു കൊഴപ്പോം ഇല്ല്യാണ്ട് ചകിരിപ്പണിക്ക് നടക്കാണ്. എന്തായാലും പണി എടുക്കുന്നുണ്ടല്ലോ.
ഹമീദിന് മുഖം കൊടുക്കാണ്ട് ജബ്ബാര്‍ തലയും താഴ്ത്തിയിരുന്നു. വന്നപാടെ ഹമീദ് അറിഞ്ഞിട്ടോ, അറിയാതെയോ ഫാത്തിമാന്ന് പറയണ കേട്ടു.
അബ്ദുറഹ്മാന് കാക്ക തൊള്ള തൊറക്കണേലും മുന്‍പ്, ശങ്കരമേനോന് സ്ഥലം വിട്ടു. പൊറോട്ട തിന്നോണ്ടിരുന്നവര് ബാക്കിയുള്ള പൊറോട്ടകളെല്ലാം ചുരുട്ടിക്കൂട്ടി വായിലേക്ക് തിരുകി പുറത്തേക്കു ചാടി കൈകഴുകാന്‍ പോയി. ഹമീദ് കാണാണ്ട് ജബ്ബാര്‍ ഒമേഗയിലേക്ക് കയറിച്ചെന്നു.
തന്റെ മൊഹബത്ത് എപ്പോഴേ വന്ന് ടൈപ്പ് റൈറ്ററില്‍ ഈണത്തില്‍ കൊട്ടാന്‍ തുടങ്ങിയെന്ന് ജബ്ബാര്‍ കണ്ടു. റംല ടീച്ചര്‍ ജബ്ബാറിന് അഡ്മിഷന് കൊടുത്തു. പക്ഷെ ഒരാഴ്ചത്തേക്ക് ടീച്ചര്‍ പഠിപ്പിക്കാന്‍ കാണൂല്യ. നിക്കാഹ് കഴിഞ്ഞ് ടീച്ചര്‍ടെ കെട്ട്യോന് ഗള്‍ഫിലേക്ക് പോയിട്ട് രണ്ട് കൊല്ലം കഴിഞ്ഞുള്ള ആദ്യത്തെ വരവാ.
''ടീച്ചറില്ലെങ്കി പിന്നെ ആരാ ഇതൊക്കെ പഠിപ്പിക്കാ? ജബ്ബാറിന് മുമ്പിതൊന്നും ശീലമില്ല.''
വെള്ള തട്ടമിട്ട, സുറുമയെഴുതിയ ഹൂറിയെ ചൂണ്ടിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു,
''ജ്ജ് ബേജാറാവാണ്ടിരി, ഓള് അനക്ക് പറഞ്ഞ് തരും. ഓളാണിവിടെ സീനിയര്‍.''
ജബ്ബാറിന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി. നോമ്പ് തുറ പെരുന്നാളിന് വാങ്ങിച്ച സില്‍ക്കിന്റെ ഷര്‍ട്ട് വെറുതെ മേത്തിട്ടപോലെ ഒരു കുളിര്.
പക്ഷെ ടൈപ്പ് റൈറ്ററിന്റെ കീയ്ക്കിടയില് വിരല്‍ പെട്ട് വേദനിച്ചതല്ലാതെ ഒരാഴ്ചകൊണ്ട് ജബ്ബാറൊന്നും പഠിച്ചില്ല. മൊഞ്ചത്തിയെ നോക്കിയിരുന്ന് പേരുപോലും ചോദിക്കാന്‍ വിട്ടുപോയി.
ഫാത്തിമ ടീസ്റ്റാളിലെ പൊറോട്ടയും, അബ്ദുറഹ്മാന് കാക്കയും, ശങ്കരമേനോനും, വട്ടോളി രാജനും, കുഷ്ഠം പിടിച്ചൂന്ന് നൊണ പറഞ്ഞ ഹമീദുമൊക്കെ ജബ്ബാറിന്റെ ദുനിയാവില് നിന്ന് തന്നെ മാഞ്ഞു പോയി. മാനത്തു വിരിഞ്ഞ അമ്പിളി കണക്കെ ആ മൊഞ്ചത്തീടെ മുഖം മാത്രമായി മനസ്സില്‍.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടീച്ചര്‍ തിരിച്ചുവന്നു. വന്നപാടെ മുഖം കറുപ്പിച്ച് ഒരു ഇരുപ്പ്. അവരുടെ മുഖത്തെ ദുഃഖം പയ്യെ പയ്യെ തട്ടമിട്ട ഹൂറിയുടെ മുഖത്തേക്കും ചേക്കേറി.
ചിരിയില്ല, വര്‍ത്താനം ഇല്ല. ഇടയ്ക്കിടെ ടൈപ്പ് റൈറ്ററിന്റെ കീയമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം മാത്രം. അതൊരു അരോചകമായി ജബ്ബാറിന് തോന്നി. മയ്യത്തടക്കിയ ശ്മശാനം പോലെ.
താനൊരു അധികപ്പറ്റാണിവിടെ എന്ന് ജബ്ബാറിന് മനസ്സിലായി. ആരോടൊന്നും പറയാതെ ജബ്ബാര്‍ ടൈപ്പ് റൈറ്റിങ് പഠിപ്പ് നിര്‍ത്തി.
കാലം ജബ്ബാറിനെയും കൊണ്ട് ഒരുപാടലഞ്ഞു. യാത്രകള്‍ക്കിടയില്‍ ഒരുപാട് പേരെ കണ്ടു. ദുഃഖത്തിനും സന്തോഷത്തിനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. അവരതിന് കീഴടങ്ങി അങ്ങോട്ടുമിങ്ങോട്ടും പായുന്നു എന്ന് മാത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷം ബസ്റ്റാന്‍ഡിലെ തിക്കിനും തിരക്കിനുമിടയില്‍ തന്നെനോക്കി ചിരിച്ചു കൊണ്ട് നില്ക്കുന്ന റംല ടീച്ചറെ കണ്ടപ്പോള്‍ ഈ ലോകം ഇപ്പോഴും കറങ്ങുന്നുണ്ട് എന്ന് ജബ്ബാറിന് ഒറപ്പായി. അല്ലാണ്ട് കറങ്ങി തിരിഞ്ഞ് ഇവരിപ്പോള്‍ തന്റെ മുന്പില് വരാന്‍ വഴിയില്ല.
''ജ്ജ് എന്താടാ, ഒന്നും മുണ്ടാണ്ട് അന്ന് പഠിപ്പും നിര്‍ത്തി പോയെ?''
ടീച്ചറിന്റെ ആ പഴയ ചിരി ഇപ്പഴും അവരുടെ മുഖത്ത് ഉണ്ടെന്ന് ജബ്ബാര്‍ കണ്ടു.
''ഏയ് ഒന്നൂല്യ. ഇങ്ങക്കെന്തോ എടങ്ങേറായീന്ന് മനസ്സിലായി. ഇങ്ങടെ വെഷമം കണ്ടപ്പോ ഒന്നും ചോയ്ക്കാന്‍ തോന്നീല്ല. അല്ലാ, ടീച്ചറെന്താ ഇപ്പൊ ഇവിടെ?''
''എന്റെ എടങ്ങേറ് ഒന്നും ഈ ജന്മത്ത് മാറില്ല. അത് പടച്ചോന് കൂടപ്പിറപ്പായിട്ട് അയച്ചതാണ്. കെട്ട്യോന് ജയിലീന്ന് ഇറങ്ങണ ദിവസാ. കൂട്ടികൊണ്ടരാന്‍ പോവാണ്''.
''ജയിലോ?'' ജബ്ബാറിന് മിണ്ടാട്ടം ഇല്ല്യാണ്ടായി.
''പഹയന് രണ്ട് വര്‍ഷം ഗള്‍ഫില്‍ ജയിലിലായിരുന്നു. നാട്ടീ വന്നേന്റെ പിറ്റേ ദിവസം ആരുടെയോ മാല മോഷ്ടിച്ചതിന് പോലീസ് പിടിച്ച് ജയിലിലിട്ടതാണ്. ഇന്നാണ് പുറം ലോകം കാണുന്നത്.''
ബസ്സില്‍ കയറി ടീച്ചര്‍ തിരിഞ്ഞ് നോക്കണത് ജബ്ബാര്‍ കണ്ടു. അവരുടെ മുഖത്തെ ചിരി അപ്പോഴേക്കും മാഞ്ഞ് പോയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam