1 GBP = 97.70 INR                       

BREAKING NEWS

വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണം; സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റി; കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകര്‍ ഉറപ്പുവരുത്തണം; ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്; ഷെഹലാ ഷെറിന്റെ മരണത്തില്‍ ഉയരുന്നത് വ്യാപക പ്രതിഷേധം; നടപടിക്ക് സര്‍ക്കാര്‍

Britishmalayali
kz´wteJI³

വയനാട്: ദുരന്തം ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ചു. വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷെഹലാ ഷെറിന്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്, ഇന്ന് കളക്ടര്‍ക്ക് കൈമാറും. വയനാട്ടില്‍ ഇന്ന് കെഎസ്യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപെടല്‍ നടത്തുന്നത്. അതിനിടെ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവ് വിശദീകരിക്കുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കും. എല്ലാ ക്ലാസ് മുറികളും പ്രധാന അദ്ധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നു തന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദ്ദേശം. കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ഈ നിര്‍ദ്ദേശങ്ങള്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അദ്ധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഃഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യും- മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശവും എത്തിക്കഴിഞ്ഞു. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയും നടപടി വരും. കുട്ടിയുടെ ആരോഗ്യനില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ തയ്യാറായില്ലെന്നും ഷെഹ്ല ഷെറിന്റെ പിതാവ് പറഞ്ഞു. താന്‍ വരുന്നതിന് മുമ്പ് തന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമായിരുന്നു. താന്‍ വന്നിട്ട് ആശുപത്രിയില്‍ എത്തിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല. പാമ്പ് കടിയേറ്റത് വളരെ സിംപിളായാണ് ആശുപത്രി അധികൃതര്‍ കണ്ടതെന്നും അച്ഛന്‍ പറഞ്ഞു. വൈകുന്നേരം മൂന്നര കഴിഞ്ഞാണ് സ്‌കൂളില്‍ നിന്ന് ഫോണ്‍ വിളിച്ചത്. ലീഗല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സമയത്താണ് വിളിച്ചത്. പത്ത് മിനിറ്റ് കൊണ്ട് സ്‌കൂളില്‍ എത്താവുന്ന ദൂരമേയുള്ളൂ സ്‌കൂളിലേക്ക്. സ്‌കൂളില്‍ കുട്ടിയെ കാണുമ്പോള്‍ കാലു കെട്ടിവച്ച നിലയിലായിരുന്നു. കാലിന് താഴെ പാമ്പ് കടിച്ചതിന്റെ പാടും കണ്ടിരുന്നു. കാലിന് നീല നിറം വച്ചിരുന്നു. നീല നിറം കണ്ടപ്പോള്‍ തന്നെ പാമ്പ് കടിച്ചതാണെന്ന് തോന്നിയിരുന്നെന്നും പിതാവ് പറഞ്ഞു.

മൂന്നേകാലോടെയാണ് ഇത് സംഭവിച്ചത്. കുട്ടിയെ തോളത്ത് എടുത്തിട്ട് അസംഷന്‍ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. ക്യാഷ്വാലിറ്റിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പാമ്പ് കടിച്ച പാടാണിതെന്നും ആന്റിവെനം ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ഓട്ടോയില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയും ക്യാഷ്വാലിറ്റിയില്‍ തന്നെയാണ് കാണിച്ചത്. പാമ്പ് കടിച്ചതിന്റെ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നതായും ഡോക്ടറോട് പറഞ്ഞു. ആന്റിവെനം കൊടുക്കണമെങ്കില്‍ ഒബ്‌സര്‍വേഷനില്‍ വയ്ക്കാതെ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം ഒബ്‌സര്‍വേഷനില്‍ കിടത്തണമെന്ന് പറഞ്ഞു. അതിനിടെ രക്തം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വരാന്‍ അര മണിക്കൂര്‍ കഴിയുമെന്ന് പറഞ്ഞു. ഇതിനിടെ കുട്ടി ഛര്‍ദ്ദിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അതേസമയം കുട്ടിക്ക് ആന്റിവെനം കൊടുക്കാന്‍ താന്‍ നിര്‍ബന്ധിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ ചെവിക്കൊണ്ടില്ലെന്നും പിതാവ് പറഞ്ഞു.

മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് കല്‍പ്പറ്റ കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ചു. വൈത്തിരി ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു. പിന്നീട് അവിടെ പോയി. അവിടെ ഒന്നും ചെയ്യാനായില്ല. ചേലോട് ആശുപത്രിയില്‍ വിഷ ചികിത്സയുണ്ട്. അവിടേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. അപ്പോഴേയക്കും കുട്ടി ശ്വാസം നിലക്കാറായ അവസ്ഥയിലായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണം സംഭവിച്ചുവെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയില്‍ വീഴച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നല്‍കിയില്ലെന്നതിലും അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു.

അദ്ധ്യാപികയെ ശകാരിച്ച അദ്ധ്യാപകന്‍
പാമ്പ് കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഷെഹ്ലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അദ്ധ്യാപിക ലീന നിരവധി തവണ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ധ്യാപകന്‍ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നെന്നും വെളിപ്പെടുത്തലുമായി സഹപാഠികള്‍. പാമ്പ് കടിച്ചുവെന്ന് ഷെഹ്ല പറഞ്ഞിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല. അദ്ധ്യാപകന്‍ ഷിജില്‍ ലീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നെന്നും തുടര്‍ന്ന് അദ്ധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികള്‍ പറഞ്ഞു.

ഷെഹ്ല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അദ്ധ്യാപകന്‍ പറഞ്ഞത്. ഇന്നലെ വൈകിട്ട് മുന്ന് മണി കഴിഞ്ഞാണ് ഷെഹ്ല ഷെറിന് ക്ലാസില്‍ വച്ച് പാമ്പുകടിലേറ്റത്. ക്ലാസ് മുറിയിലെ പൊത്തില്‍ കാലുടക്കിയപ്പോഴായിരുന്നു സംഭവം. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അദ്ധ്യാപകരുടെ വാദം. അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറും ഡി.എം.ഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് നടപടി എടുക്കുമെന്ന് കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.

ദുരന്തമുണ്ടായത് വയനാട്ടിലെ പഴക്കമേറിയ വിദ്യാലയത്തില്‍
പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയിടെ അനുവദിച്ചത് ഒരു കോടി രൂപ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ക്ലാസ് മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ് തുക അനുവദിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. ഈ കെട്ടിടത്തിലെ ക്ലാസ് മുറിയിലെ സിമന്റിട്ട തറയിലെ പൊത്തില്‍നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റത്. നേരത്തെതന്നെ പൊത്ത് അദ്ധ്യാപകരുടെയും പിടിഎയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് അടയ്ക്കാന്‍ തയ്യാറായില്ല. നഗരസഭാ അധികൃതരേയും വിവരം അറിയിച്ചില്ല. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ ചെരിപ്പിടാനും അനുവദിക്കാറില്ല. ചെരിപ്പിട്ടിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് കാലില്‍ പാമ്പ് കടിയേല്‍ക്കില്ലായിരുന്നു. മറ്റ് ക്ലാസ് മുറികളില്‍ ചിലതും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ശൗചാലയങ്ങളും സ്‌കൂള്‍ പരിസരവും വൃത്തിഹീനമാണ്. ഇവ വൃത്തിയായി സൂക്ഷിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വലിയ വീഴ്ചയാണ് വരുത്തിയത്.

നഗരത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളായ സര്‍വജനയിലെ ക്ലാസ്മുറിയില്‍നിന്നും പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ദാരുണ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരില്‍ ചിലരുടെയും പിടിഎയുടെയും അനാസ്ഥ കാരണമാണ് പൊട്ടിപ്പൊളിഞ്ഞ ക്ലാസ്മുറിയിലെ പൊത്തില്‍ നിന്നും വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. സമഗ്രമായ അന്വേഷണത്തിലൂടെ സംഭവത്തിലെ അനാസ്ഥ പുറത്തു കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം.

ഗവ. സര്‍വജന ഹൈസ്‌കൂളിലെ ക്ലാസ്മുറിയില്‍നിന്നും പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. കെ വൈ നിഥിന്‍ അധ്യക്ഷനായി. എം എസ് ഫെബിന്‍, നിധീഷ് സോമന്‍, അഹ്നാസ് എന്നിവര്‍ സംസാരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category