തന്ത്രപൂര്‍വ്വം നടപ്പാക്കിയത് റോയിയുടെ അമ്മാവന് വയലോരം മഞ്ചാടിയില്‍ മാത്യുവിന്റെ കൊല; ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ബഹളം വച്ച ബന്ധുവിനെ വകവരുത്തിയത് കട്ടന്‍ചായയില്‍ സയ്നൈയ്ഡ് നല്കി; കൊന്നത് മാത്യു ജീവിച്ചിരുന്നാല്‍ സത്യം പുറത്തുവരുമെന്ന ഭയം കാരണം; ഈ കൊലയോടെ സുരക്ഷിതെന്ന് കരുതിയ കുറ്റവാളിയെ കുടുക്കിയത് സ്വത്ത് തര്‍ക്കം; അന്നമ്മയെ വകവരുത്തിയത് കീടനാശിനി നല്‍കിയും; ആറു കൊലയും ജോളി ഒറ്റയ്ക്ക് നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തില്‍ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പൊലീസിനോട് സമ്മതിച്ചു. അതിനിടെ ആറ് കൊലപാതകങ്ങളും ജോളി ഒറ്റയ്ക്കാണ് നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയാണ്. കൊലപാതകത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ മാത്രമാണ് ജോളി പരസഹായം തേടിയത്. എന്നാല്‍, കൊലകള്‍ എല്ലാം ആസൂത്രണംചെയ്ത് നടപ്പാക്കിയത് ജോളി തനിച്ചാണെന്നാണ് വിലയിരുത്തല്‍.
ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഇത്രയും കാലം ജോളിക്ക് പിടിച്ചു നില്ക്കാന് സാധിക്കില്ലെന്നും രഹസ്യം ഏതെങ്കിലും വിധേന പുറത്താകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെ ജി സൈമണ്‍ പറയുന്നു. ലോകത്തെ പരമ്പര കൊലപാതകത്തിന്റെ ചരിത്രം പരിശോധിച്ചാലും കൊലയാളി ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബോധ്യപ്പെടും. ജോളിയുടെ കാര്യത്തിലും ഈ നിഗമനം ശരിയാണ്. ചോദ്യം ചെയ്തപ്പോഴും തനിച്ചാണ് കൊല നടത്തിയതെന്ന് ജോളി പറഞ്ഞിട്ടുണ്ട്. പൊന്നാമറ്റം തറവാട്ടിലെ സ്വത്ത് തര്‍ക്കമാണ് ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. അല്ലാത്ത പക്ഷം ജോളി ഇന്നും എന്‍ ഐ ടിയിലെ കറക്കം തുടരുമായിരുന്നു.
ആറ് കൊലയില്‍ തന്ത്രപൂര്‍വം ജോളി നടപ്പാക്കിയത് റോയിയുടെ അമ്മാവന് കൂടത്തായിയിലെ വയലോരം മഞ്ചാടിയില്‍ മാത്യുവിന്റെതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ കൊലയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മാത്യുവിന്റെ വീട്ടില്‍ പോയാണ് ജോളി കൃത്യം നിര്‍വഹിച്ചത്. കട്ടന്‍ കാപ്പിയില്‍ സയനൈഡ് കലര്‍ത്തുകയായിരുന്നു. ഭര്‍ത്താവ് റോയിയുടെ കൊലയില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ബന്ധിച്ചത് മാത്യുവായിരുന്നു. ജീവിച്ചിരുന്നാല്‍ ഭാവിയില്‍ കള്ളം വെളിച്ചത്തുവരുമെന്നും കുടുങ്ങുമെന്നും ഭയന്നാണ് ആസൂത്രിതമായി മാത്യുവിനെ വകവരുത്തിയത്. ഈ കൊലയോടെ താന്‍ സുരക്ഷിതയായെന്നും ജോളി വിശ്വസിച്ചിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോളി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങള്‍ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് മറ്റൊരു വിഷം ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്പി വ്യക്തമാക്കി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്കിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തില്‍ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരില്‍ നിന്ന് അന്വേഷിച്ചത്. അതിനിടെ വൈകുന്നേരത്തോടെ വിപുലീകരിച്ച അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേര്‍ന്നു. ഇത് വരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ യോഗത്തില്‍, ഇനി സ്വീകരിക്കേണ്ട തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികളും ചര്‍ച്ച ചെയ്തു.
റോയിയുടെ സഹോദരന് റോജോയുടെ പരാതിയില്‍ കേസ് പുനരന്വേഷിച്ചപ്പോഴാണ് ആറ് സ്വാഭാവിക മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കൊലയാളിയെ കണ്ടെത്തിയത്. രഹസ്യസ്വഭാവത്തോടെയുള്ള പൊലീസിന്റെ നീക്കത്തിനൊടുവിലായിരുന്നു 17 വര്‍ഷങ്ങള്‍ക്കുശേഷം ജോളി പിടിയിലായത്. കുടുംബത്തിലെ അധികാരത്തിനും സ്വത്തിനും വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങളെല്ലാമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്നാണ് ജോളിയുടെ മൊഴി. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സിഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.
അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വിശദീകരിച്ചു കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു. കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
റോയിയുടെ അമിതമദ്യപാനശീലത്തില്‍ ജോളിക്കുള്ള അതൃപ്തി, റോയിയുടെ അന്ധവിശ്വാസങ്ങളില്‍ ജോളിക്കുള്ള എതിര്‍പ്പ്, ജോളിയുടെ അവിഹിതബന്ധങ്ങളില്‍ റോയിക്കുള്ള എതിര്‍പ്പ്, സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണ് കാരണങ്ങള്‍. 2011 സെപ്റ്റംബര്‍ മുപ്പതിനാണ് ജോളി മാത്യുവിന്റേയും പ്രജികുമാറിന്റേയും സഹായത്തോടെ റോയിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാന്‍ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാരണങ്ങളില്‍ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.
അതിനിടെ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധം സംശയിക്കുന്ന ചാത്തമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയെയും ഭര്‍ത്താവ് മജീദിനെയും പൊലീസ് ചോദ്യംചെയ്തു. കോഴിക്കോട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസി. കമീഷണര്‍ ടി പി രഞ്ജിത്താണ് ചോദ്യംചെയ്തത്. രാമകൃഷ്ണന്റെ മകന് രോഹിത്തിന്റെ പരാതിയിലാണ് നടപടി. അച്ഛന് സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖക്കും ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു പരാതി. രാവിലെ രാമകൃഷ്ണന്റെ വീട്ടിലെത്തി ഭാര്യയുടെയും മകന്റെയും മൊഴിയെടുത്തു. കട്ടാങ്ങല്‍, എന്‍ഐടി, കുന്നമംഗലം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
എന്‍ഐടിയിലെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് കോഴിക്കോട്ടെ കെമിക്കല്‍ കടകളില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിന് എന്ന വ്യാജേന സയനൈഡ് ജോളി വാങ്ങിയോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നു. രാമകൃഷ്ണന്റെ ഭാര്യാ സഹോദരങ്ങളെ ഡിസിആര്‍ബി ഓഫീസില്‍ വിളിപ്പിച്ചും മൊഴി രേഖപ്പെടുത്തി.