ആരിഫിന്റെ പേരു പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കൈയടി; ഇഷ്ടപ്പെടാതെ പോയ പിണറായി പ്രസംഗം നിര്‍ത്തി ആരിഫ് മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് തിരുത്തിയപ്പോള്‍ ആദ്യം നിശബ്ദത; സ്റ്റാലിന് കാലത്തെ ഓര്‍മിപ്പിക്കും പോലെ പിന്നെ പിണറായിക്ക് കൈയടി; പെരുമ്പളം പാലം ഉദ്ഘാടനത്തില്‍ സംഭവിച്ചത്
പെരുമ്പളം: ഏകാധിപത്യത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു ജോസഫ് സ്റ്റാലിന്. സ്റ്റാലിന് ഭരിക്കുമ്പോള്‍ റഷ്യ മുഴുവന്‍ കൈയടിച്ചിരുന്നത് ഈ ഭരണാധികാരിക്ക് മാത്രമായിരുന്നു. ഭയത്തിന്റെ വികാരത്തില്‍ നിന്ന് രൂപപ്പെട്ട കൈയടി. ആലപ്പുഴയിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിലും സ്റ്റാലിന്റെ കാലത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നു. പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ എ.എം.ആരിഫ് എംപിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസ്സില്‍ കയ്യടി ഉയര്‍ന്നു. കയ്യടിക്കേണ്ട കാര്യമില്ലെന്നും ജില്ലയിലെ മന്ത്രിമാര്‍ കാരണമാണ് പെരുമ്പളം പാലം യാഥാര്‍ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിച്ചു. ഇതോടെ വേദിയിലുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ കലിപ്പ് തിരിച്ചറിയാനായി. പിന്നീട് മുഖ്യമന്ത്രിക്ക് മാത്രമായി കൈയടി മാറി.
പെരുമ്പളം പാലം നിര്‍മ്മാണോദ്ഘാടന വേദിയിലാണ് എ.എം.ആരിഫ് എംപിയെ സദസ്സിലിരുത്തി, മുഖ്യമന്ത്രി കയ്യടിച്ചവര്‍ക്കു മറുപടി നല്‍കിയത്. പ്രസംഗം മുറിച്ച് ഒരു നിമിഷം മുഖ്യമന്ത്രി സദസ്സിലേക്കു നോക്കി. 'എന്തിനാ കയ്യടിച്ചതെന്നു മനസ്സിലായില്ല...' മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കു വീണ്ടും സദസ്സില്‍ കയ്യടിയുയര്‍ന്നു. അങ്ങനെ വേദി മുഖ്യമന്ത്രിയുടെ മനസ്സിന് ഒപ്പിച്ച് വീണ്ടും കൈയടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 ഇടത്തും സിപിഎം തോറ്റു. ജയിച്ചത് ആരിഫ് മാത്രമാണ്. ആലപ്പുഴയില്‍ ആരിഫിന് ജനപ്രീതി കൂടുകയാണ്. ഇത് സിപിഎമ്മിലെ പലര്‍ക്കും പിടിക്കുന്നില്ല. ഇതും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിച്ചുവെന്ന് വേണ്ടം വിലയിരുത്താന്‍.
'മുന്‍കൈ എടുക്കുന്നത് സ്വാഭാവികമാണ്, പക്ഷേ അതുകൊണ്ടു മാത്രം പാലം യാഥാര്‍ഥ്യമാകില്ല എന്നാണു ഞാന്‍ പറഞ്ഞത്...' എന്നു മുഖ്യമന്ത്രി തുടര്‍ന്നു. അതു സദസ്സ് ചിരിയോടെ ഏറ്റെടുത്തു. 'ഇവിടെ പെരുമ്പളത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന ഒരാള്‍ പൊതുമരാമത്ത് മന്ത്രിയായി ഉണ്ട്. അതോടൊപ്പം പ്രദേശത്തെക്കുറിച്ച് അറിയാവുന്നയാള്‍ ധനമന്ത്രിയായും ഉണ്ടായി. ജനപ്രതിനിധി എത്ര കരഞ്ഞു പറഞ്ഞാലും ഇതുപോലെ ചിലത് അനുവദിക്കാതിരിക്കുന്നത് നമ്മള് എത്രയോ കണ്ടിട്ടുള്ളതാണ്. എല്ലാം ഒത്തുവന്നത് നിങ്ങളുടെ പ്രത്യേകതയായി കണ്ടാല്‍മതി..' മുഖ്യമന്ത്രി ഇങ്ങനെയാണ് കൈയടിച്ചവരെ നോക്കി പറഞ്ഞത്.
മുമ്പ് പാലക്കാട്ടെ ചടങ്ങില്‍ നടന് മോഹന്‍ലാലിന് ആര്‍പ്പുവിളിച്ച ആരാധകരോട് കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടല്‍ നടത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകന്‍, മോഹന്‍ലാല്‍ വിശിഷ്ടാതിഥിയും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. തുടര്‍ന്ന് സൂപ്പര്‍താരം എത്തിയതോടുകൂടി ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു. അവര്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിപ്പിക്കാന്‍ ആരാധകര്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം.
ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ബോധവാന്മാരല്ല എന്നായിരുന്നു മോഹന്‍ലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. മോഹന്‍ലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേര്‍ത്തു.ഇതോടുകൂടി സദസ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാലാകട്ടെ സംഭവം പരാമര്‍ശിച്ചതേ ഇല്ല.-ഈ സംഭവവും ഏറെ ചര്‍ച്ചയായി.
തനിക്ക് കൈയടി കിട്ടാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന വാദം സോഷ്യല്‍ മീഡിയയില്‍ എത്തി. ഇത്തരം ചര്‍ച്ചകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നതാണ് പെരുമ്പളത്തെ സംഭവവും. സ്റ്റാലിന് ഭരണത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. ആരിഫും പിണറായിയും തമ്മില്‍ തുടക്കം മുതല്‍ നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങളില്‍ പക്ഷം പിടിക്കാത്ത നേതാവാണ് ആരിഫ്. ഇത് പലപ്പോഴും പ്രശ്നമായി മാറിയിരുന്നു. സുധാകരനും തോമസ് ഐസക്കും ആരിഫിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ആലപ്പുഴയില്‍ ആരിഫിനെ മത്സരിപ്പിച്ചതും തന്ത്രത്തിന്റെ ഭാഗമായിരുന്നു.
ആലപ്പുഴയില്‍ കെസി വേണുഗോപാലായിരുന്നു ദീര്‍ഘകാലം എംപി. വേണുഗോപാല്‍ മത്സരിച്ചാല്‍ ആരിഫ് തോല്‍ക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയപ്പോള് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാന് എത്തി. ഷാനിമോള്‍ക്കെതിരെ ആരിഫ് ജയിക്കുകയും ചെയ്തു. ഇതോടെ സിപിഎം രാഷ്ട്രീയത്തിലെ തിളങ്ങും നേതാവായി ആരിഫ് മാറി. ഇതാണ് പെരുമ്പളം പാലം ഉദ്ഘാടനത്തിലും ആരിഫിന് കൈയടി നേടാനാകുന്ന നേതാവാക്കിയത്. ഇത് മനസ്സിലാക്കിയാണ് ആരിഫിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം.