ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും; ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടല്‍ പറഞ്ഞറിയിക്കാനാവില്ല; എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റര്‍നെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവര്‍ക്ക് ഒന്നും നല്‍കരുതെന്ന് വിളിച്ചുപറയുന്നവര്‍ എന്തുതരം മനുഷ്യരാണ്?
കേരളത്തില്‍ പെരുമഴ ഏതാനും ദിവസം നീണ്ടു നിന്നതോടുകൂടി സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പാവപ്പെട്ട പ്രളയബാധിതരെ സഹായിക്കണമോ വേണ്ടയോ എന്നതുമാണ്. ഇത് സംബന്ധിച്ചുള്ള ആശയ സംവാദങ്ങള്‍ ഒരുവശത്ത് അരങ്ങേറുമ്പോള്‍ നുണപ്രചരണങ്ങളുമായി മറ്റ് ചിലരും രംഗത്തിറങ്ങിയിട്ടുണ്ട. പതിവുപോലെ ജനങ്ങള്‍ വളരെ സെന്‍സിറ്റീവായി കാണുന്ന ഒരു വിഷയത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി അറ്റാക്ക ചെയ്താല്‍ ജനഹൃദയങ്ങളില്‍ വെറുപ്പുണ്ടാകും എന്ന് മനസ്സിലാക്കിയ ചില ബുദ്ധിമാന്മാര് എന്റെ ചില സംഭാഷണങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് കൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപൈസ പോലും കൊടുക്കരുത് എന്ന് മറ്റൊരു സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞ പ്രസ്ഥാവന ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരുടെ ആശങ്കയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേക്ക് തള്ളിയിടുന്നതിന് വേണ്ടി ഞാന്‍ പറഞ്ഞതാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നു. അനേകം പേര് ശാപവാക്കുകളുമായി എന്നെ ആക്രമിക്കാന്‍ രംഗത്തുണ്ട്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് പോലെ വ്യാജപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നവരുമുണ്ട്.
ആദ്യമേ തന്നെ പറയട്ടെ, ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ഏറെ കേട്ടും കണ്ടുമാണ് ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനം ജീവിതകാലം മുഴുവന്‍ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ നുണ പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുമ്പില്‍ കീഴടങ്ങാനോ അവരുടെ കാലില്‍ പിടിച്ച് രക്ഷിക്കണമേ എന്ന് അപേക്ഷിക്കുവാനോ എന്നെ കിട്ടുകയില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ സത്യം പറയുന്നതുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യാം. ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് രണ്ട് വിഷയമാണ്. ഒന്ന്, ദുരിതത്തില്‍ ആണ്ടുപോയ പാവപ്പെട്ടവരെ സഹായിക്കണമോ വേണ്ടയോ എന്നത്. രണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം കൊടുക്കണോ വേണ്ടയോ എന്നത്. ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിലെ ചില വാക്കുകളാണ് ഞാന്‍ ഈ വീഡിയോയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. 'ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടല്‍ പറഞ്ഞറിയിക്കാനാവില്ല. എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റര്‍നെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവര്‍ക്ക് ഒന്നും നല്‍കരുതെന്ന് വിളിച്ചുപറയുന്നവര്‍ എന്തുതരം മനുഷ്യരാണ്?' ഇതാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഹൃദയഭേദകമായ വാക്കുകള്‍.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കരുത് എന്നും അവര്‍ക്ക് ഭക്ഷണമോ വെള്ളമോ വസ്ത്രമോ മരുന്നോ കൊടുക്കരുത് എന്നും അതൊക്കെ ഈ സര്‍ക്കാര്‍ തന്നെ ചെയ്യട്ടെ എന്നും പറയുന്ന ചിലരെ ഞാനും സോഷ്യല്‍ മീഡിയായില്‍ കണ്ടു. അങ്ങനെ പറയുന്നവരോട് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറഞ്ഞ അതേ വാക്കുകള്‍ മാത്രമാണ് മായം കലര്‍ത്താതെ എനിക്കും പറയാനുള്ളത്. ഇന്നലെ വരെ എല്ലാം ഉണ്ടായിരുന്നവര്‍ ഒരു രാത്രിയില്‍ ഒന്നുമില്ലാതായി ഉടുതുണിയുമായി ഓടി രക്ഷപെടുമ്പോള്‍, അവര്‍ എവിടെയോ അഭയം പ്രാപിക്കുമ്പോള്‍, ഭാഗ്യം കൊണ്ട് മാത്രം അവരുടെ ജീവന് അവരുടെ കയ്യില്‍ ഇപ്പോഴും ബാക്കിയാകുമ്പോള്‍ അവരെ സഹായിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട്, നിങ്ങള്‍ എന്തുതരം മനുഷ്യരാണ് എന്ന് തന്നെ ചോദിക്കണം. അത് ഡോക്ടര്‍ നെല്‍സണ്‍ ജോസഫിനൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഞാനും ചോദിക്കുന്നു. നിങ്ങള്‍ എന്തുതരം മനുഷ്യരാണ്? എങ്ങനെയാണ് ദുരിതം അനുഭവിക്കുന്നവര്‍ക്ക്, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍ക്ക്, ഒരുനേരത്തേ ഭക്ഷണം ഇല്ലാത്തവര്‍ക്ക് സഹായം ചെയ്യരുത് എന്ന് പറയാന്‍ കഴിയുന്നത് എന്ന്.
കളക്ടര്‍ ബ്രോ എന്ന് നമ്മള് പറയുന്ന പ്രശാന്ത് നായര്‍ എന്ന യുവ ഐഎഎസുകാരന് പറഞ്ഞതാണ് ശരി. 'മോങ്ങുന്നവര് എന്നും മോങ്ങിക്കൊമ്ടിരിക്കും. കൊടുക്കുന്നവന് ഇപ്പോഴും കൊടുക്കുന്നുണ്ട് എന്ന്. അതുകൊണ്ട് കൊടുക്കരുത് എന്ന് പറഞ്ഞവരുടെ കൂടെ എന്നെ ആരെങ്കിലും കൂട്ടാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് ചിലരുടെ അജണ്ടയുടെ ഭാഗമാണ്. കൊടുക്കുകയും കൊടുക്കണം എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് ഒപ്പമാണ് ഞാന്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക.