കാട്ടിറച്ചിയെന്നു കേട്ടാല്‍ പിന്നാലെ പോകുന്ന യുകെ മലയാളികള്‍ അറിയുക; എവിടെ നിന്നെങ്കിലും വരുന്ന ആ ഇറച്ചി നിങ്ങളെയും ഒരുപക്ഷേ ജയിലില്‍ ആക്കിയേക്കാം: മൊബൈലില്‍ ഓര്‍ഡര്‍ ചെയ്തു വീട്ടിലെത്തുന്ന ഇറച്ചി വില്‍ക്കുന്ന മിഡ്ലാന്റ്സിലെ വിരുതന് പിടിയിലായപ്പോള്‍ ചങ്കിടിക്കുന്നവരില് മലയാളികളും
ലണ്ടന്‍: മൊബൈല്‍ ഫോണ്‍ വഴി ഓര്‍ഡര്‍ ശേഖരിച്ച് ഏഷ്യന്‍ കുടിയേറ്റക്കാര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും മാംസം വിതരണം ചെയ്തിരുന്ന ആള് പോലീസ് പിടിയില്‍. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ കവന്‍ട്രി, ലെസ്റ്റര്‍, നോര്‍ത്താംപ്ടണ്‍, വാര്‍വിക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ പ്രധാനമായും ഇറച്ചി വില്പന നടത്തിയത്. ഈ പ്രദേശത്തെ മലയാളികളില്‍ പലരും ഇയാളുടെ സ്ഥിരം ആവശ്യക്കാരായിരുന്നു എന്ന സൂചന പരക്കുന്നുണ്ട്.
വാങ്ങുന്ന ഇറച്ചിയുടെ ഉറവിടം എവിടെ ആണെന്ന് തിരക്കാത്ത മലയാളികള്‍ വില്പ്പനക്കാരന് അറസ്റ്റില്‍ ആയ കഥ പരന്നതോടെ ആശങ്കയിലാണ്. കാട്ടിറച്ചിയെന്നും മാട്ടിറച്ചിയെന്നും ഒക്കെയുള്ള പേരിലാണ് ഇയാള്‍ ഇറച്ചി വില്‍പ്പനക്ക് എത്തിച്ചിരുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു കിലോയോളം വരുന്ന ഓര്‍ഡറുകള്‍ മാത്രം കിലോയ്ക്ക് പത്തു പൗണ്ട് നിരക്കില്‍ ഈടാക്കി ആയിരുന്നു വില്‍പ്പന.
വില്പന കൂടുതല്‍ സജീവമായതോടെ വാര്‍ത്ത പുറത്താക്കുകയും പോലീസ് പിന്നാലെ കൂടി പിടികൂടുകയും ആയിരുന്നു. മാംസ വില്‍പ്പന നടത്താന്‍ ആവശ്യമായ ലൈസന്‍സ് പോലും ഇല്ലാതെയാണ് ഇയാള്‍ ഇറച്ചിക്കച്ചവടത്തിനു ഇറങ്ങിയത്. പ്രാദേശികമായി ഉപയോക്താക്കളെ കണ്ടെത്താന്‍ ഓരോ ടൗണിലും മലയാളികള്‍ക്കിടയില്‍ സബ് ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു എന്ന് സൂചനയുണ്ട്. ഓരോ കിലോ ഇറച്ചിക്ക് ഒരു പൗണ്ട് ആയിരുന്നു സബ് ഏജന്റിനുള്ള വരുമാനം.
ഇത്തരത്തില്‍ ഒരേ സമയം ഒരു ടൗണില്‍ 150 കിലോഗ്രാം വരെ ഇറച്ചി വില്പന നടന്നതായി സൂചനയുണ്ട്. മാംസ വില്പന നടക്കുന്നതറിഞ്ഞു ഒരേസമയം ഒട്ടറെ ആളുകള്‍ ചില വീടുകളില്‍ മാംസം വാങ്ങാന്‍ എത്തിയതോടെ പരിസരവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. കാട്ടുമൃഗങ്ങളുടെ അടക്കം ഇറച്ചി വില്‍പ്പന നടത്തുന്ന അനേകം ഇറച്ചി വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മലയാളികള്‍ അടക്കം ഉള്ളവര്‍ അനധികൃത മാംസ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് എന്നത് ഗൗരവമേറുകയാണ്.
കഴിഞ്ഞ വര്‍ഷം ബോര് മീറ്റ് കഴിച്ചു നെതര്‍ലാന്‍ഡില്‍ ഒരു മലയാളി കുടുംബം ജീവന് പോലും നഷ്ടമാകും വിധം അതിതീവ്ര പരിചരണം തേടിയിരുന്നു. ഇതേതുടര്‍ന്ന് അനധികൃത മാംസ വില്‍പ്പന പാടെ നിലച്ചു എന്ന് കരുതവേയാണ് പുതിയ ആശങ്ക സമ്മാനിച്ച് പോലീസ് അറസ്റ്റു സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയ ആള് മലയാളി സബ് ഏജന്‍സിയെ കുറിച്ച് പൊലീസിന് സൂചന നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. കള്ളത്തരത്തില്‍ ആട്ടിറച്ചി വില്‍പ്പന നടത്തി എന്നതാണ് പോലീസ് റിപ്പോര്‍ട്ട്.
ഇയാള്‍ സാധാരാണ ഇറച്ചിയും കാട്ടിറച്ചി എന്ന പേരില്‍ വിലകൂട്ടി വില്പന നടത്തിയിട്ടുണ്ടോ എന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കവന്‍ട്രി സ്വദേശിയായ ഇറച്ചി വില്പനക്കാരനെ വാര്‍വിക് പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. സമീപകാലത്തു ഫാം ഹൗസുകളില്‍ നിന്നും കന്നുകാലികള്‍ മോഷണം പോയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ഏതാനും മാസങ്ങളായി ഇയാള്‍ ടണ്‍ കണക്കിന് മാംസം വിറ്റതായി പോലീസ് സംശയിക്കുന്നു.
ഇയാളുടെ താമസ സ്ഥലത്തു നിന്നും വിതരണത്തിന് തയ്യാറായ ഒട്ടേറെ മാംസ പായ്ക്കുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വലിയ ഫ്രീസറുകളില്‍ ശേഖരിച്ച മാംസമാണ് പോലീസ് പിടിച്ചെടുത്തത്. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതിനാല്‍ ഇയാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്. ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണു 25 അംഗ പോലീസ് ടീം എത്തി പരിശോധനകള്‍ നടത്തി പഴകിയതും വിതരണം ചെയ്യാന്‍ ഉണ്ടായിരുന്നതുമായ മാംസം പിടിച്ചെടുത്തതും. ഇയാള്‍ ചെറിയ ഹോട്ടലുകളിലും മറ്റുമായി ഇയാള്‍ മാംസം വിറ്റതായും സംശയിക്കപ്പെടുന്നുണ്ട്.