1 GBP =98.80INR                       

BREAKING NEWS

കളിച്ചത് ഇംഗ്ലണ്ട് ആണെങ്കിലും കാണികള്‍ നല്ല പങ്കും ഇന്ത്യക്കാര്‍ ആയത് എങ്ങനെ? എഡ്ജ്ബാസ്റ്റണില്‍ മുഴങ്ങിയ ആര്‍പ്പുവിളികള്‍ പോലും ഹിന്ദിയില്‍; സായിപ്പു തുണിയൂരി എറിഞ്ഞിട്ടും ശ്രദ്ധ കിട്ടിയത് ഇന്ത്യക്കാര്‍ക്ക്; ക്രിക്കറ്റ് രാജാക്കന്മാരെ വാഴിക്കാന്‍ ഞായറാഴ്ച യുകെ മലയാളികളടക്കം ലോഡ്സിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

ഡ്ജ്ബാസ്റ്റനില്‍ നിന്നും: സമയം രാവിലെ പത്തു ആകുന്നതേയുള്ളൂ. ഗ്രൗണ്ടില്‍ കളിക്കാര്‍ ഫീല്‍ഡ് ചെയ്യും മുന്‍പ് തന്നെ ഗാലറിയുടെ 90 ശതമാനവും നിറഞ്ഞു കഴിഞ്ഞു. എങ്ങും ഇന്ത്യക്കാരുടെ നിഴലുകള്‍. തലയില്‍ തൊപ്പിയും തലപ്പാവും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയും ഒക്കെയായി ഓരോ കൂട്ടങ്ങളായി വന്നുകൊണ്ടിരുന്നവര്‍ കളി തുടങ്ങിയപ്പോഴേക്കും ഗാലറിയും എല്ലാ ഭാഗത്തും നിറഞ്ഞു കഴിഞ്ഞിരുന്നു. ഈ ആവേശം കണ്ടാല്‍ തോന്നുക മൈതാനത്തു നീലയുടുപ്പില്‍ എത്തിയിരിക്കുന്നത് ഇന്ത്യന്‍ ടീം ആണെന്ന്. പലരും വലിയ ത്രിവര്‍ണ പതാകയുമായി എത്തിയാണ് ആവേശം ജ്വലിപ്പിക്കുന്നത്.

എന്താണ് ഇത്രയധികം സ്‌നേഹം സ്വന്തം ടീമിനോട് കാട്ടാന്‍ കാരണം. കളിയില്‍ ഇല്ലാതെ തോറ്റു പുറത്തു പോയിട്ടും സ്വന്തം ടീമിന് വേണ്ടി ഗാലറിയില്‍ ആവേശം വിതറുന്നതെന്തിന്? ഇതിന്റെ കാരണം തേടുമ്പോള്‍ രസകരമായ ഉത്തരമാണ് കിട്ടുന്നത്. ഇന്ത്യയുടെ അപാരമായ പെര്‍ഫോമന്‍സില്‍ കണ്ണുമടച്ചു വിശ്വസിച്ചിരുന്ന ആരാധകര്‍ സെമി ഫൈനലിന്റെയും ഫൈനലിന്റെയും ടിക്കറ്റുകള്‍ വന്‍തുക നല്‍കിയാണ് സ്വന്തമാക്കിയത്. ഇനി അതു ചുളു വിലക്ക് നല്‍കി നഷ്ടം വരുത്തുന്നതിലും നല്ലതു സ്വന്തമായി കാണുക തന്നെയാണ്. എന്ന് വച്ച് ഒരു പരിധി വിട്ടു ഇംഗ്ലണ്ടിന് വേണ്ടി ജയ് വിളിക്കാന്‍ ഒന്നും തയ്യാറുമല്ല. ഇതാണ് ഇന്നലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ പ്രേമികളെ കൊണ്ട് നിറയാന്‍ ഉള്ള പ്രധാന കാരണം.

കെട്ടിലും മട്ടിലും ഇന്ത്യന്‍ കളിപ്രേമിയുടെ സകല രൂപഭാവങ്ങളും എടുത്തണിഞ്ഞ ജസ്വീത് പ്രീത് വിഐപി ഗാലറിയില്‍ എത്തിയപ്പോള്‍ എന്തിനാണ് ഇത്ര ആവേശം ഏന് ചോദിക്കാതിരിക്കാനായില്ല. അതിനു അദ്ദേഹം പറഞ്ഞ മറുപടിയും രസകരമാണ്. ഈ ചോദ്യം തന്നെ അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ ഇതിനോടകം ചോദിച്ചു കഴിഞ്ഞു. ജസ്വീത് നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്.
ഒന്നാമത് ഇത് ലോകകപ്പാണ്. അടുത്ത ലോകകപ്പിലേക്കു നമ്മളില്‍ എത്ര പേര് ബാക്കിയുണ്ടാകാം? നമ്മള്‍ ഇവിടെ ഉള്ളപ്പോള്‍ ലോക കപ്പു എവിടെയായിരിക്കും. അടുത്ത ലോകകപ്പും 2027 ല്‍ ഉള്ള ലോകകപ്പും ഇംഗ്ലണ്ടില്‍ ആയിരിക്കില്ല എന്ന് ഉറപ്പുള്ളപ്പോള്‍ ഇനിയൊരു ലോകകപ്പ് എന്നായിരിക്കും ബ്രിട്ടനില്‍ എത്തുക? ഇത്തരത്തില്‍ ചിന്തിച്ചാല്‍ നാം എങ്ങനെ ഈ ലോകകപ്പ് ആഘോഷിക്കാതിരിക്കും. ജീവിതം ഇങ്ങനെ പലതിനും കൂടി വേണ്ടിയുള്ളതാണെന്നും ജസ്വീത് സമര്‍ത്ഥിക്കുന്നു.

ലോകമൊട്ടാകെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എഡ്ജ്ബാസ്റ്റണില്‍ കാണാന്‍ സാധിച്ചെങ്കിലും എല്ലാവര്‍ക്കും ഇന്ത്യന്‍ ആരാധകരുടെ കമന്ററി മതി, കളിക്കളത്തില്‍ ഇംഗ്ലണ്ട് എത്തിയിട്ടും ഇന്ത്യന്‍ കാണികളെ ആവേശം കൊള്ളിക്കാന്‍ ഉള്ള തുറുപ്പുചീട്ടുകളാണ് മാധ്യമ പ്രവര്‍ത്തകരും ഇന്നലെ ആവശ്യത്തിലേറെ ഉപയോഗിച്ച് കൊണ്ടിരുന്നത്. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ ഇന്ത്യക്കാരുടെ ആവേശം വിതറുന്ന പ്രകടനങ്ങള്‍ അടിക്കടി എത്തിക്കൊണ്ടിരുന്നു.
ഇതില്‍ അസൂയ പൂണ്ട ഒരു തടിമാടന്‍ സായിപ്പു വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു നിക്കര്‍ മാത്രം ധരിച്ചു നൃത്തം ചെയ്‌തെങ്കിലും ചാനല്‍ ക്യാമറകള്‍ കണ്ടില്ലെന്നു നടിച്ചു. ചുരുക്കത്തില്‍ കളിക്കളത്തില്‍ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചപ്പോള്‍ കാണികളില്‍ വലിയൊരു വിഭാഗമായി ഇന്ത്യക്കാരും ശ്രദ്ധ പിടിച്ചു പറ്റി. ഇടയ്ക്കിടെ ഹിന്ദിയില്‍ പോലും ആര്‍പ്പുവിളികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. പിച്ചെ ദേഖോ തുടങ്ങിയ കാലപ്പഴക്കം ഉള്ള മുദ്രാവാക്യങ്ങള്‍ പോലും ഓസീസിനെതിരെ ഉയര്‍ന്നു കൊണ്ടിരുന്നു.

ഇന്ത്യ ഓള്‍ഡ് ട്രാഫൊര്‍ഡില്‍ നടത്തിയ പ്രകടനത്തിന്റെ തനി ആവര്‍ത്തനമാണ് ഇന്നലെ എഡ്ജ്ബാസ്റ്റണില്‍ അരങ്ങേറിയത്. ആദ്യ ഇരുപതു ഓവറുകളില്‍ എങ്കിലും വിരുന്നുകാരെ ചങ്ങലപ്പൂട്ടിട്ടു നിലയ്ക്ക് നിര്‍ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചത് തന്നെയാണ് മത്സരത്തിലെ ഹൈലറ്റ്. ഒരു ഘട്ടത്തില്‍ 20 റണ്‍സ് നല്‍കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ ടീമിനെ ഫൈനല്‍ ബെര്‍ത്തു ഉറപ്പിച്ചു നല്‍കുക ആയിരുന്നു ആദ്യ മണിക്കൂറില്‍ തന്നെ. തുടര്‍ന്ന് മത്സരത്തില്‍ ഉടനീളം ഓസീസിനെ വരിഞ്ഞുകെട്ടി നിലംപരിശാക്കുന്ന കളിയാണ് ഇംഗ്ലീഷ് പട സ്വന്തം മണ്ണില്‍ പുറത്തെടുത്തത്. ഇന്ത്യക്കെതിരെ കാട്ടിയ മത്സരത്തിന്റെ പതിന്മടങ്ങു വീര്യമാണ് ഇന്നലെ ഇംഗ്ലണ്ട് പുറത്തെടുത്തത്. ഓസിസ് നിര കാര്യമായ ചെറുത്തു നില്‍പ്പ് നടത്താതെയാണ് ആറു പന്തുകള്‍ ശേഷിക്കവേ മുഴുവന്‍ കളിക്കാരും ഗാലറിയിലേക്കു വലിഞ്ഞത്.

മൂന്നര മണിക്കൂര്‍ ക്രീസില്‍ നിന്ന് പൊരുതിയ സ്മിത്ത് മാത്രമാണ് ഓസിസ് നിരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയത്, 119 പന്തില്‍ നിന്നും 85 റണ്‍സ് നേടിയ അദ്ദേഹം ആറു ഫോറുകളും സ്വന്തം പേരില്‍ കുറിച്ചിട്ടു, ഒടുവില്‍ സെഞ്ചുറിക്കരികെ വച്ച് റണ്‍ ഔട്ടില്‍ അദ്ദേഹം ബലിയാടാവുക ആയിരുന്നു. എന്നാല്‍ മറുവശത്തു കൃത്യതയാര്‍ന്ന പന്തുകളുമായി ആറു കളിക്കാരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.

ഇംഗ്ലീഷ് ബൗളര്‍മാരെ കണക്കിന് ശിക്ഷിക്കാന്‍ ഓസിസ് ബാറ്റസ്മാന്‍മാര്‍ ഭയക്കുന്നത് പോലെയാണ് പലപ്പോഴും തോന്നിയത്. പത്തു ഓവറും എറിഞ്ഞു 54 റണ്‍സ് നല്‍കിയെങ്കിലും റഷീദ് മൂന്നു പിക്കറ്റുകള്‍ പിഴുതിട്ടു. അതേ സമയം എട്ടു ഓവര്‍ എറിഞ്ഞു വെറും 20 റണ്‍സിന് മൂന്നു വിക്കറ്റ് എടുത്തു വോക്‌സും തന്റെ റോള്‍ നിറവേറ്റി. അരച്ചറിനു രണ്ടു വിക്കറ്റും വൂഡിന് ഒരു വിക്കറ്റും സ്വന്തമാക്കാന്‍ സാധിച്ചു.

മറുപടി പറയാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതല്‍ പോരാട്ട വീര്യം ഒരിക്കലും കൈമോശം വന്നില്ല. റണ്‍ റേറ്റ് അഞ്ചില്‍ നിന്ന് ആറ് ആയും ഏഴായും ഒക്കെ ഉയര്‍ന്നു കൊണ്ടിരുന്നു. രണ്ടു റണ്‍ മാത്രം റണ്‍ റേറ്റില്‍ നില്‍ക്കുമ്പോള്‍ പോലും കളിയുടെ വേഗത കുറയ്ക്കാന്‍ ഇന്ഗ്ലീഷ് താരങ്ങള്‍ തയ്യാറായില്ല. അതിനാല്‍ തന്നെ രണ്ടേമുക്കാലോടെ ആരംഭിച്ച ഇംഗ്ലീഷ് ബാറ്റിംഗ് അഞ്ചേകാലോടെ അവസാനിപ്പിക്കാനുമായി. ശരിക്കും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഓര്‍മിപ്പിക്കുന്ന ബാറ്റിംഗ് ശൈലി.

മാനത്തെ മഴ പെയ്യണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ റണ്‍മഴയുടെ പ്രളയം ഒരുക്കുക ആയിരുന്നു ഇന്ഗ്ലീഷ് കളിക്കാര്‍. ഇടയ്ക്കു ഒരോവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പറത്തി റോയ് ഗാലറിയില്‍ പത്തുമിനിറ്റോളം ആവേശതിരമാലകള്‍ സൃഷ്ടിച്ചു. സ്വന്തം ടീം ജയിക്കാന്‍ അധിക സമയം വേണ്ടെന്നു ഉറപ്പിച്ച ഇന്ഗ്ലീഷ് കാണികള്‍ ഫുടബോള്‍ മത്സരങ്ങളില്‍ പാടിത്തുടങ്ങുന്ന താളത്തില്‍ ഒരു തലക്കല്‍ നിന്നും പാടിത്തുടങ്ങുമ്പോള്‍ മറുതലക്കലിലേക്കു ആവേശം വെടിക്കെട്ടിന് തിരികൊളുത്തിയ പോലെ കത്തിക്കയറുക ആയിരുന്നു. ഇടയ്ക്കു ആവേശം മൂത്ത കാണികള്‍ ഓസീസിനെ പരിഹസിച്ചും പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു.

ഈ ലോകകപ്പിലെ കരുത്തരായ എത്തിയ ഇന്ത്യയെ എറിഞ്ഞിട്ട ഞങ്ങള്‍ക്ക് മുന്നില്‍ കപ്പില്‍ മുത്തമിടുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ എന്നാണ് ഗ്രൗണ്ടില്‍ കളിക്കാരും ഗാലറിയില്‍ കാണികളും അലറിക്കൊണ്ടിരുന്നത്. ഇനി ഞായറാഴ്ച ഒരൊറ്റ കളികൂടി. തുടര്‍ച്ചയായി രണ്ടാം വട്ടം ഫൈനല്‍ കളിക്കുന്ന ന്യൂസിലന്‍ഡിനെ മറികടന്നു സ്വന്തം മണ്ണില്‍, വീറുറ്റ പിന്തുണ നല്‍കുന്ന കാണികളെ സാക്ഷിയാക്കി ലോകകപ്പ് കിരീടം എന്ന സ്വപ്നം നേടാന്‍, ക്രിക്കറ്റ് ലോകത്തിലെ പുതിയ രാജാക്കള്‍ തങ്ങളാണെന്ന് ലോകത്തോട് പറയാന്‍ ഉള്ള വരവാണ് ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് ടീം ലക്ഷ്യമിടുന്നത്.
ഞങ്ങളുടെ ടീം പുറത്തായി ഇനി ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരും പറയുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന ലോര്‍ഡ്‌സില്‍ കിവീസിന്റെ ചിറകുകള്‍ കരുത്തു ചോരുമോ അതോ ഇന്ഗ്ലീഷ് സിംഹങ്ങള്‍ ഇന്നലത്തെ വീര്യത്തില്‍ കൂടുതല്‍ കരുത്തുകാട്ടുമോ? ഇനി മണിക്കൂറുകള്‍ മാത്രം, ലോകകപ്പിലെ രണ്ടു കരുത്തുറ്റ ടീമുകളാണ് തങ്ങളെന്ന് തെളിയിച്ച ശേഷമുള്ള ഈ ഫൈനല്‍ മത്സരം ലോകകപ്പിന്റെ ആവേശത്തില്‍ കാത്തിരിക്കുന്ന ലോകമെങ്ങും ഉള്ള കോടിക്കണക്കിനു ആരാധകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിക്കുമെന്നുറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category