
മുകളിലത്തെ നിലയിലെത്തിയ ഫെലിക്സിന്റെ ചെവിയില്‍ പോലും ആ തേങ്ങലെത്തിയില്ല. കയ്യിലിരുന്ന ഭക്ഷണസാധനങ്ങളും വെള്ളവും അവിടെയിരുന്ന വലിയ പിയാനയുടെ മുകളിലേക്ക് വച്ചിട്ട് അയാള്‍ ജാലകത്തിലൂടെ പുറത്തു പരന്നു കിടക്കുന്ന ഇരുട്ടിലേക്ക് നോക്കി.
രാവിന്റെ സംഗീതം കേള്‍ക്കാനായി കാതുകള്‍ കൂര്‍പ്പിച്ചു പിടിച്ചു. സംഗീതത്തിന് പകരം ദൂരെയെവിടെയോ ഉള്ള മഞ്ഞു മൂടിയ മലകളുടെ അടക്കിയ ചിരികള്‍, മരക്കൂട്ടങ്ങള്‍ക്കിടയില്‍ അറ്റു വീഴുന്ന മുകുളങ്ങളുടെ പൊട്ടിക്കരച്ചിലുകള്‍, സ്വപ്നങ്ങളില്‍ എപ്പോഴും കടന്നു വരാറുള്ള വിജനമായ പുഴവക്കും കടത്തുകാരനില്ലാത്ത തോണിയും, അതിന്റെ ചിറ്റോളങ്ങളില്‍ പെട്ടു ചുറ്റിത്തിരിയുന്ന ഒറ്റയിലയും അയാള്‍ ഓര്‍ത്തുപോയി. മനുഷ്യജീവിതങ്ങള്‍ പോലെ മോഹങ്ങള്‍ വീണ് ,ഉടഞ്ഞൊലിച്ചു, നനഞ്ഞ ജീവിതം നയിക്കുന്ന ആ ഇലക്ക് എന്തുകൊണ്ട് ഓളങ്ങളുടെ കൈകളില്‍ പിടിച്ചു അനന്തമായ ഒഴുക്കിലേക്കു പൊയ്ക്കൂടാ? ഒഴുക്കിലലിഞ്ഞു മുങ്ങി നിവര്‍ന്നു അങ്ങനൊരു സായൂജ്യം നേടിക്കൂടാ?
ഏകാന്തമായ ജീവിതത്തിന്റെ അമര്‍ഷം കളയാനെന്നവണ്ണം അയാള്‍ ഇരുവശത്തേക്കും ശക്തമായി കഴുത്തു വെട്ടിച്ചു. എന്നിട്ട് ജനല്‍പ്പടിയിലെ ഫ്ലവര്‍വേസില്‍ നിന്നും താക്കോലെടുത്തു കോണിപ്പടിക്ക് അഭിമുഖമായുള്ള മുറി തുറന്നു. മഞ്ഞനിറമുള്ള ഒരു സീറോ വാള്‍ട് ബള്‍ബ് ഇരുട്ടിന്റെ കൈകളിലമര്‍ന്നു പരിഭ്രമത്തോടെ അതിനുള്ളില്‍ കത്തുന്നുണ്ടായിരുന്നു. പൂര്‍ണ്ണമായും സൗണ്ട് പ്രൂഫ് ചെയ്ത സാമാന്യം വലിപ്പമുള്ള മുറിയില്‍ സംഗീത ഉപകരണമായി ഒരു വയലിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസാമാന്യ വലിപ്പമുള്ള ഒരു ബുക്ക് ഷെല്‍ഫ് ഇരുണ്ട വെളിച്ചത്തില്‍ അവ്യക്തമായി കാണാമായിരുന്നു.
മുറിയുടെ പ്രകാശം കുറഞ്ഞ ഭാഗത്തേക്ക് നടന്ന ഫെലിക്സ് കയ്യിലിരുന്ന പെന്‍ടോര്‍ച്ചു തെളിച്ചു. മുറിയില്‍ ചെറിയൊരു മേശയും രണ്ടു കസേരകളും ഭിത്തിയില്‍ ഘടിപ്പിച്ച ഒരു ടിവി യും ഉണ്ടായിരുന്നു. ഇന്‍ ബില്‍റ്റ് വാര്ഡറോബില് നിന്നും അയാള്‍ രണ്ടു ഫ്ളീസ് ബ്ളാങ്കറ്റുകള്‍ എടുത്തു. അടുത്ത മുറിയിലേക്ക് കടക്കാനായി വാര്ഡറോബിനോട് ചേര്‍ന്നുള്ള വാതില്‍ തുറന്നു. ഒറ്റ നോട്ടത്തില്‍ അതൊരു വാതിലാണെന്നു തോന്നുകയേയില്ല. നമ്പര്‍ ലോക്ക് ഉള്ള ആ വാതില്‍ ഇന്‍ ബില്‍ഡ് സേഫ് ആണെന്നെ തോന്നൂ. നേരിയ പ്രകാശം മാത്രമുള്ള ആ മുറിയും സൗണ്ട് പ്രൂഫ് ചെയ്തിരുന്നു. മുറിയുടെ ഇരുവശങ്ങളിലുമായി രണ്ടു കട്ടിലുകള്‍, അര്‍ദ്ധവൃത്താകൃതിയിലുള്ള മേശയില്‍ ഒരു ടിഷ്യു ബോക്സും കുറച്ചു പഴങ്ങളും. കയ്യിലിരുന്ന ലെഡ് ലൈറ്റ് റിമോട്ട് ഉപയോഗിച്ച്, ഫെലിക്സ് പ്രകാശം കൂട്ടിയപ്പോഴാണ് കട്ടിലില്‍ കിടക്കുന്നവരുടെ മുഖങ്ങള്‍ വ്യക്തമായത്.
രണ്ടു ദിവസമായി ഒരു കൂട്ടം മനുഷ്യര്‍ രാപകലില്ലാതെ ഊണും ഉറക്കവുമൊഴിഞ്ഞു തിരഞ്ഞു നടക്കുന്ന ഇസബെല്ലയും ലെക്സിയുമായിരുന്നത്. സ്കൂള്‍ യൂണിഫോം ധരിച്ച അവര്‍ പാതി മയക്കത്തിലായിരുന്നു. ലെക്സിയില്‍ പ്രത്യേകിച്ചൊരു ചലനവും കണ്ടില്ല. ഇസ ഇടയ്ക്കു ഞരങ്ങുന്നുണ്ടായിരുന്നു. ലെക്സിയെ ഒന്നു നോക്കിയിട്ട് ഫെലിക്സ് ഇസയുടെ അടുത്തായി കട്ടിലില്‍ ഇരുന്നു. അവളുടെ മുഖത്തിന് ചുറ്റും സമൃദ്ധമായ മുടിയിഴകള്‍ വീണു കിടന്നിരുന്നു. എന്നോ കണ്ടു മറന്ന ചുവന്ന ഗുല്മോഹറിന് പൂവിതളുകള്‍ അവളുടെ അവളുടെ കപോലങ്ങളിലും അരുണിമചോരാത്ത വാടിയ ചുണ്ടുകളിലും ഒളിഞ്ഞിരുന്നു. കണ്ണുകള്‍ ആയാസപ്പെട്ടു തുറന്നു ഫെലിക്സിനെ ഒന്ന് നോക്കിയിട്ട് അവള് വീണ്ടും കണ്ണുകളടച്ചു. അയാള്‍ നോക്കിയിരിക്കെ നിദ്ര അവളുടെ നെറ്റിയുടെ വിശാലതയിലൂടെ ഒഴുകി പുരികക്കൊടികളിലൂടെ കണ്ണിലേക്ക് പതിയെ വന്നണഞ്ഞു. ഇസ വീണ്ടും ഉറങ്ങിത്തുടങ്ങി. ഫെലിക്സ് കുനിഞ്ഞു അവളുടെ നെറ്റിയില്‍ വാത്സല്യത്തോടെ ചുംബിച്ചു. ഇസാ....സമാധാനമായി ഉറങ്ങൂ.
ഫ്ളീസ് ബ്ലാങ്കെറ്റ് കൊണ്ട് ഇസയെ പുതപ്പിച്ചിട്ടു ഒന്നും സംഭവിക്കാത്തതുപോലെ ഫെലിക്സ് പുറത്തിറങ്ങി. ബുക്ക് ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ചെറിയ ഒരാല്‍ബം എടുത്തു നോക്കി. അതില്‍ നിറയെ ഇസയുടെ ചിത്രങ്ങളായിരുന്നു. വയലിന് വായിക്കുന്ന, പാട്ടു പാടുന്ന, പൂക്കളിറുക്കുന്ന ഇസ. ആല്‍ബം സ്റ്റാന്ഡിലെടുത്തു വച്ച് ഫെലിക്സ് വയലിന് എടുത്തു വായിക്കാനാരംഭിച്ചു. ഇസക്ക് ഇഷ്ടമുള്ള പാട്ടുകള്‍ പലതും ഒരു ഭ്രാന്തനെപ്പോലെ അയാള്‍ വായിച്ചു തീര്‍ത്തു.
മുറിപൂട്ടി താക്കോല്‍ എടുക്കുമ്പോള്‍ ഫെലിക്സ് ഓര്‍ത്തു. എന്തായാലും രണ്ടുമണിക്കൂറിലധികമെടുക്കും ഇസയും ലെക്സിയും ഉണരാന്‍. ആകാശത്തിന്റെ ഉയരമെടുക്കാന് ശ്രമിക്കുന്നതുപോലെ തലയുയര്‍ത്തി നില്ക്കുന്ന മലനിരകളിലേക്കു നോക്കി നില്‍ക്കുമ്പോഴാണ്. ചിന്തകളെ മുറിച്ചു കൊണ്ട് ഫെലിക്സിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. നോ കോളര്‍ ഐഡിയില്‍ നിന്നുള്ള ആ കോള്‍ എടുക്കണോ എന്ന് ഒരു നിമിഷം അയാള്‍ സംശയിച്ചു.
(തുടരും)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam