1 GBP = 94.40 INR                       

BREAKING NEWS

വിഷ്ണുനാഥ് പേരൂര്‍ക്കടയിലേക്ക് താമസം മാറ്റിയത് വട്ടിയൂര്‍കാവ് മോഹവുമായി; ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ വെട്ടാന്‍ മോഹന്‍കുമാറിന്റെ പേരുയര്‍ത്താന്‍ ചെന്നിത്തല; എന്‍ എസ് എസ് പിന്തുണയുമായി ആര്‍ എസ് എസിനെ വീഴ്ത്താന്‍ ചരട് വലിച്ച് ബിജെപി നേതാവ് സുരേഷ്; വടകരയില്‍ ജയരാജന്‍ തന്നെ ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ കരുനീക്കങ്ങള്‍ക്ക് മുതിരാതെ സിപിഎം നേതാക്കളും; വടകരയിലെ ഫലം വരും മുമ്പേ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കളുടെ കഥ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപും: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. വടകരയിലെ ഫലം അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. സിപിഎമ്മും വിജയ പ്രതീക്ഷയിലാണ്. ശബരിമല വികാരം വടകരയില്‍ പ്രതിഫലിക്കുമെന്ന് ബിജെപിയും കരുതുന്നു. അതുകൊണ്ട് തന്നെ വട്ടിയൂര്‍കാവിലെ എംഎല്‍എ കെ മുരളീധരന്‍ വടകരയില്‍ ജയിച്ച് എംപിയാകുമെന്നാണ് കോണ്‍ഗ്രസും ബിജെപിയും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഈ നിമയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കരുനീക്കവും സജീവമായി. കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പ് അവകാശവാദങ്ങളും തുടങ്ങി. എന്‍ എസ് എസ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകാനാണ് ബിജെപിയിലെ പ്രമുഖന്റെ നീക്കം.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാജഗോപാല്‍ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലും ബിജെപിയിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ ചരട് വലികള്‍ സജീവമാണ്. വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മനസ്സ്. എന്നാല്‍ മുരളീധരന്‍ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുന്‍ എംഎല്‍എ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താല്‍പ്പര്യം.

ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തില്‍ മുന്നിലുള്ളത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എന്‍ എസ് എസ് നേതൃത്വത്തെ കൊണ്ട് ആര്‍ എസ് എസിനോട് തന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടല്‍. വട്ടിയൂര്‍ക്കാവില്‍ മറ്റ് നേതാക്കള്‍ സജീവമാകുന്നതിന് മുമ്പ് തന്നെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എന്‍ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വത്തോട് സുകുമാരന്‍ നായര്‍ നിര്‍ദ്ദേശിച്ചാല്‍ പിന്നെ ആര്‍ക്കും തന്റെ പേര് വെട്ടാനാകില്ലെന്നതാണ് സുരേഷിന്റെ കണക്ക് കൂട്ടല്‍.

വട്ടിയൂര്‍കാവിനെ മോഹിക്കുന്ന ബിജെപിയിലെ സംസ്ഥാന നേതാക്കളും ഈ നീക്കം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ മുമ്പേ സുരേഷ് പണി തുടങ്ങിയതു കൊണ്ട് തന്നെ കരുതോലോടെ മാത്രമേ അവര്‍ നീങ്ങൂ. ലോക്സഭയില്‍ തിരിച്ചടിയുണ്ടായാലും ഉടന്‍ കുമ്മനം വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ തയ്യാറാവില്ല. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് സുരേഷിന്റെ നീക്കം. തൃശൂരില്‍ തോറ്റാല്‍ സുരേഷ് ഗോപിയും വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥിയില്‍ തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതൃത്വം വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇത് തനിക്ക് എതിരാണെന്ന് മനസ്സിലായാണ് എന്‍ എസ് എസ് പിന്തുണ നേടാനുള്ള സുരേഷിന്റെ ശ്രമം. തിരുവനന്തപുരത്തെ എന്‍ എസ് എസിലെ ബിജെപി അനുകൂലികളെ അടുപ്പിക്കാനും സുരേഷ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് നിലവില്‍ സുരേഷ്.

കോണ്‍ഗ്രസിലും തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥ് രണ്ടും കല്‍പ്പിച്ചാണ്. ലോക്സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നത് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂര്‍കാവില്‍ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാല്‍ കെ മോഹന്‍കുമാറിനെ മുന്നില്‍ നിര്‍ത്തി ഈ നീക്കത്തെ വെട്ടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. പ്രാദേശികമായി സ്വാധീനമുള്ള മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. വട്ടിയൂര്‍ക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോര്‍ത്തില്‍ മുമ്പ് മോഹന്‍കുമാര്‍ എംഎല്‍എയായിരുന്നു. സിപിഎമ്മിലെ എം വിജയകുമാറിനെ അട്ടിമറിച്ചായിരുന്നു ആ നേട്ടം. പിന്നീട് മോഹന്‍കുമാറിനെ വിജയകുമാര്‍ തോല്‍പ്പിക്കുകയും ചെയ്തു.

മോഹന്‍കുമാറിന് ഇനി ഒരു വര്‍ഷം കൂടി മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് തുടരാം. എങ്കിലും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കാനും മോഹന്‍ കുമാര്‍ തയ്യാറാണ്. അതിനിടെ മോഹന്‍കുമാറിനേക്കാള്‍ നല്ലത് യുവ മുഖമാണെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ സജീവമാണ്. അതും വിഷ്ണുനാഥിന് അനുകൂലമാണ്. ഇതിനൊപ്പം ജില്ലയില്‍ നിന്നുള്ള നേതാവെന്ന നിലയില്‍ യുത്ത് കമ്മീഷന്‍ ചെയര്‍മാനായിരുന്ന ആര്‍ വി രാജേഷിന്റെ പേരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കാര്യങ്ങളിലെല്ലാം അന്തിമ അഭിപ്രായം ഇനി അദ്ദേഹത്തിന്‍േതാകും. അതുകൊണ്ട് തന്നെ വിഷ്ണുനാഥിന് സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്. എന്‍ എസ് എസ് നിലപാട് വട്ടിയൂര്‍ക്കാവില്‍ ഏറെ നിര്‍ണ്ണായകമാണ്. ഇതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് പരിഗണനാ വിഷയമാക്കും.

സിപിഎമ്മിനായി കഴിഞ്ഞ തവണ ടിഎന്‍ സീമയാണ് മത്സരിച്ചത്. മൂന്നാമതാവുകയും ചെയ്തു. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിനും കരുത്ത് കാട്ടണം. എന്നാല്‍ വടകരയിലെ ഫലം വരും വരെ ഒരു തരത്തിലുള്ള ചര്‍ച്ചകളും ആരും നടത്തില്ല. വടകരയില്‍ പി ജയരാജന്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വവും. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ വലിയ വെല്ലുവിളിയുണ്ടാകുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category