1 GBP = 101.80 INR                       

BREAKING NEWS

രാധയുടെ പ്രണയലേഖനത്തിനു കൃഷ്ണന്‍ നല്‍കിയ മറുപടിയുമായി റോഷ്നി നിഷാന്ത്; കവന്‍ട്രിയില്‍ ആഘോഷം പൊടിപാറിക്കാന്‍ അയല്‍നാട്ടുകാരും; ബ്രിട്ടീഷ് ഭരണകാലത്തു നിന്നു പോയ നൃത്തം വീണ്ടുമെ ത്തുമ്പോള്‍ കാഴ്ചക്കാരായി ബ്രിട്ടീഷ്, ഫിലിപ്പീന്‍സ് വംശജരും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഭാരതീയ നൃത്ത രൂപങ്ങളിലെ എട്ടു വിഭാഗത്തിലും ഏറ്റവും വശ്യതയാര്‍ന്ന നടനമാണ് മോഹിനിയാട്ടം എന്നത് തര്‍ക്കിക്കേണ്ട കാര്യമേയല്ല. പക്ഷെ പതിനാറാം നൂറ്റാണ്ടില്‍ ദേവദാസികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ നൃത്ത രൂപം അല്‍പം ശരിയല്ലെന്ന് തോന്നിയ വൈദേശിക ഭരണാധികാരികളായ ബ്രിട്ടീഷ് സായിപ്പിന്റെ അല്‍പ ജ്ഞാനത്തില്‍ ഏറെക്കാലം നിരോധിക്കപ്പെട്ട നടന രൂപം എന്ന വിശേഷണവും മോഹിനിയാട്ട ചരിത്രത്തില്‍ ഉണ്ട്.

ഏതു ജനതയെയും നിശ്ശബ്ദരാക്കാന്‍ അവര്‍ക്കു മേല്‍ സാംസ്‌കാരിക അധിനിവേശമാണ് ഏറ്റവും ശക്തമായ ആയുധം എന്ന തിരിച്ചറിവും ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സായിപ്പിനുണ്ടായതാണ് മോഹിനിയാട്ടം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കു വിലക്കുണ്ടാക്കിയത്. പിന്നീട് സ്വതന്ത്ര ഭാരതത്തിലാണ് ഈ കലാരൂപങ്ങള്‍ വീണ്ടും കരുത്തുനേടി ജനപ്രിയമായത്. ഇത്തരത്തില്‍ കേരളത്തിന് വേണ്ടി മാത്രമായി രൂപമെടുത്ത കലാരൂപമാണ് മോഹിനിയാട്ടം എന്നും വിശേഷിപ്പിക്കാം. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ നേതൃത്വത്തിലാണ് ഈ കലാരൂപം വീണ്ടും ജീവന്‍ വച്ച് ജനകീയമായത്.

ഏകദേശം തൊണ്ണൂറു വര്‍ഷം മുന്‍പ് ബ്രിട്ടീഷുകാരന്‍ നിരോധിച്ച നൃത്തരൂപം വീണ്ടും അവരുടെ മണ്ണില്‍, അവര്‍ കൂടി കാണികളായ സദസ്സിലാണ് ഇത്തവണ അവാര്‍ഡ് നൈറ്റില്‍ മോഹിനിയാട്ടത്തിന്റെ മനോഹാരിത ഇതള്‍ വിടര്‍ത്തുക എന്ന പ്രത്യേകത കൂടിയുണ്ട്. പതിനായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ഏതാനും ബ്രിട്ടീഷ്, ഫിലിപ്പീന്‍സ് വംശജര്‍ ഇത്തവണ അവാര്‍ഡ് നൈറ്റ് ആസ്വദിക്കാന്‍ എത്തുന്നുണ്ട് എന്നാണ് വിവരം. തങ്ങളുടെ പൂര്‍വികര്‍ നിരോധിച്ച ഒരു നൃത്തരൂപമാണ് കണ്‍മുന്നില്‍ നിറഞ്ഞാടുന്നത് എന്ന ചരിത്ര സത്യം അറിയാതെയാകും ഇവരില്‍ പലരും മോഹിനിയാട്ടത്തിനു മുന്നില്‍ കാഴ്ചക്കാരായി എത്തുക എന്നതും കൗതുകമുണര്‍ത്തുന്ന വസ്തുതയാണ്.

ഇന്ന് മലയാളിയുടെ ഗൗരവമുള്ള ഏതു ആഘോഷവേദിയിലും മോഹിനിയാട്ടം ആദരിക്കപ്പെടുന്ന കലാരൂപം കൂടിയാണ്. ശാസ്ത്രീയ നൃത്തങ്ങളുടെ നടവഴികളില്‍ ഭരതനാട്യത്തില്‍ ഏറെപ്പേരുടെ ശ്രദ്ധ കിട്ടുമ്പോഴും ശാലീന സുന്ദരിയായ മോഹിനിയാട്ടം അല്‍പം ഓരം ചേര്‍ന്ന് നില്‍ക്കുകയാണ്. ഒരുപക്ഷെ ഭരത നാട്യത്തിനു ദക്ഷിണ ഇന്ത്യയില്‍ എങ്ങും ശക്തമായ വേരുകള്‍ ഉള്ളതും മോഹിനിയാട്ടം കേരളത്തില്‍ മാത്രം ഒതുങ്ങിപ്പോയതുമാകും ഈ മനോഹര നൃത്തത്തിന് കൂടുതല്‍ ജനസമ്മതി പുറം നാടുകളില്‍ ഇല്ലാതാകാന്‍ കാരണമായത്.

അതിനാല്‍ തന്നെ നൃത്തത്തില്‍ ഏറ്റവും ഗൗരവം നല്‍കുന്നവരാണ് സാധാരണ മോഹിനിയാട്ടം വേദിയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ എട്ടു അവാര്‍ഡ് നൈറ്റുകളിലും പ്രൊഫഷണല്‍ നര്‍ത്തകര്‍ ഏറ്റെടുത്ത മോഹിനിയാട്ട വേദി ഇത്തവണ കൈക്കലാക്കിയിരിക്കുന്നത് ഷേക്സ്പിയറിന്റെ നാടായ വാര്‍വിക്കിലെ ലെമിങ്ടന്‍ സ്പായിലെ റോഷ്‌നി നിശാന്താണ്. തൃശൂര്‍ കലാക്ഷേത്രയുടെ പുത്രിയായ റോഷ്‌നി നിഷാന്ത് ബ്രിട്ടനില്‍ നൃത്തപരിശീലനം നല്‍കാന്‍ ഉള്ള ഒഫാല്‍ സേര്‍ട്ടിഫൈഡ് നര്‍ത്തകി കൂടിയാണ്.

പ്രണയ വിവശയായ രാധ തന്റെ ഇഷ്ടം കൃഷ്ണനെ അറിയിക്കാന്‍ സഖികളുടെ സഹായം തേടുന്നതും പ്രണയ കുറിമാനം നല്‍കിയ ശേഷം അതിനു ഭഗവാന്റെ മറുപടി എന്താണ് എന്നറിയാന്‍ നടത്തുന്ന സല്ലാപവുമാണ് റോഷ്‌നിയുടെ മോഹിനിയാട്ടത്തിന്റെ ഇതിവൃത്തം. ഏറെ രസകരവും വശ്യവുമായ ഈ നടനരൂപം അതിന്റെ പൂര്‍ണത ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഷേക്‌സ്പിയര്‍ കൗണ്ടിയായ വാര്‍വിക്കിലെ ലെമിങ്ങ്ടണില്‍ താമസിക്കുന്ന ഈ നര്‍ത്തകിയിപ്പോള്‍. ലെമിങ്ങ്ടണിലെ പുതു തലമുറയ്ക്ക് നൃത്ത പരിശീലനം നല്‍കുന്ന റോഷ്‌നി ഐ ബി എം ബാംഗ്ലൂരിലെ ഫങ്ക്ഷണല്‍ മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് യുകെ മലയാളി ആയിരിക്കുന്നത്. മികച്ച പാട്ടുകാരന്‍ കൂടിയായ ഭര്‍ത്താവ് നിഷാന്ത് കൂടി ചേരുമ്പോള്‍ പൂര്‍ണമായും കലാര്‍പ്പണം ചെയ്യുകയാണ് ഈ കുടുംബം.

നൃത്തത്തിന്റെ നാള്‍ വഴി ചിട്ടകളില്‍ നിന്നും കടുകിട മാറാത്ത നടന വൈഭവം കൂടിയാണ് രോഷ്‌നിയുടെ പ്രത്യേകത. കലര്‍പ്പില്ലാത്ത ശുദ്ധ നടനത്തിന്റെ മനോഹാരിത ഒരിക്കല്‍ കൂടി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ എത്തുമ്പോള്‍ കാണികള്‍ക്ക് സുന്ദര മുഹൂര്‍ത്തങ്ങള്‍ ഇത്തവണയും നഷ്ടമാകില്ലെന്നു ഉറപ്പിക്കാം. കവന്‍ട്രിക്ക് അടുത്ത പട്ടണമായ ലെമിങ്ങ്ടണില്‍ റോഷ്‌നിയുടെ കൂട്ടുകാരും ഇപ്പോള്‍ ആവേശത്തിലാണ്. തങ്ങളുടെ കൂടി പങ്കാളിത്തം ഉണ്ടായതോടെ അവാര്‍ഡ് നൈറ്റ് ആഘോഷമാക്കാന്‍ തന്നെയാണ് വാര്‍വിക്. ലെമിങ്ടന്‍ നിവാസികളുടെ തയ്യാറെടുപ്പ്. ഇവരോടൊപ്പം നനീട്ടന്‍, റഗ്ബി പ്രദേശത്തെ മലയാളികള്‍ കൂടി ചേരുമ്പോള്‍ കവന്‍ട്രിയില്‍ ആഘോഷം പൊടിപാറിക്കാന്‍ നാട്ടുകാരും വിരുന്നുകാരും മത്സരിക്കുന്ന കാഴ്ച കൂടി കാണേണ്ടി വരും. 

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category