1 GBP = 101.90 INR                       

BREAKING NEWS

പതിവ് തെറ്റിക്കാതെ യുവ പ്രതിഭ പുരസ്‌കാരം തേടി എത്തിയത് അനേകം പേര്‍; അവസാന പട്ടികയില്‍ ഇടം പിടിച്ചത് ഓര്‍മ്മയായ അമ്മയ്ക്ക് വേണ്ടി മാര്‍ക്ക് വാങ്ങിയ നിമിഷ, കലാതിലകം ശ്രുതി, യുവ പൈലറ്റ് അലന്‍, പാട്ടുകാരായ ഡെന്ന, ടെസ്സ എന്നിവര്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും ആവേശത്തോടെ എത്തുന്നവരാണ് യുവ പ്രതിഭകള്‍. ഓരോ വര്‍ഷവും അവാര്‍ഡിനുള്ള നോമിനേഷന്‍ തേടി വാര്‍ത്ത നല്‍കുമ്പോള്‍ അനേകം പേരാണ് ഒരവസരം തേടി രംഗത്ത് വരിക. കഴിഞ്ഞ ഏതാനും വര്‍ഷമായി അഞ്ചു പേര്‍ക്ക് വേണ്ടി അനേകം അപേക്ഷകരില്‍ നിന്നും യുവ പ്രതിഭകളെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് അവാര്‍ഡ് നൈറ്റ് ടീമിന് മുന്നില്‍ എത്തുക. ആ പതിവ് ഇക്കുറിയും തെറ്റിയില്ല. മുപ്പതോളം അപേക്ഷകളാണ് ഇത്തവണ യുവപ്രതിഭ പുരസ്‌കാരത്തിന് എത്തിയത്.

എന്തിനും ഏതിനും അവാര്‍ഡുകള്‍ ഉള്ള ഇക്കാലത്തു ജനങ്ങള്‍ നല്‍കുന്ന പുരസ്‌കാരം എന്ന നിലയില്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡിന് വായനക്കാര്‍ നല്‍കുന്ന അംഗീകാരം കൂടിയാണ് പരിധി വിട്ടെത്തുന്ന അപേക്ഷകള്‍. ഇത്തവണയും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയവരുടെ അപേക്ഷകള്‍ വന്നെങ്കിലും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവസാന പട്ടിക തയാറാക്കിയപ്പോള്‍ ഏറ്റവും അര്‍ഹരായവര്‍ തന്നെയാണ് യുകെയില്‍ മലയാളി യുവത്വത്തിന് പ്രതീക്ഷയും ആവേശവും നല്‍കി വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.
മലയാള നാടിന്റെ കലയും സംസ്‌കാരവും അടുത്ത തലമുറയില്‍ എത്താന്‍ കാരണമായി മാറുന്ന പാട്ടിലും നൃത്തത്തിലും കുട്ടികള്‍ക്കുള്ള അഭിനിവേശത്തിനു യുവ പ്രതിഭ പുരസ്‌കാരം കൂടി പിന്തുണയായി മാറട്ടെ എന്ന ചിന്തയില്‍ ഓരോ വര്‍ഷവും കലാസാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടുന്ന യുവ നക്ഷത്രങ്ങളെ അവാര്‍ഡിനായി പരിഗണിക്കുന്ന പതിവില്‍ ഇക്കുറിയും ഞ്ചുപേരാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.

യുക്മ കലാതിലകം ശ്രുതി അനിലും ചെറുപ്രായത്തില്‍ തന്നെ മികച്ച പാട്ടുകാരായി മാറിയ ഡെന്ന ജോമോന്‍, ടെസ്സ ജോണ്‍ എന്നിവരാണ് കലാരംഗത്തും നിന്നും അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വിദ്യാഭ്യസ രംഗത്തെ നക്ഷത്ര തിളക്കമായ ജിസിഎസ്ഇ പരീക്ഷ ജേതാവ് നിമിഷാ നോബിയും അധികമാരും കയ്യെത്തിപിടിക്കാത്ത മികവിന് ഉദാഹരണമായി യുവ പൈലറ്റിന്റെ വേഷമിടാന്‍ തയ്യാറെടുക്കുന്ന അലന്‍ ജോബിയും പട്ടികയില്‍ ഇടം പിടിച്ചതോടെ ഇത്തവണ യുവ പ്രതികള്‍ക്ക് വേണ്ടിയും ശക്തമായ വോട്ടെടുപ്പിന് കളം ഒരുങ്ങുകയാണ്.

എത്ര സൗകര്യങ്ങള്‍ മാതാപിതാക്കള്‍ ഒരുക്കി നല്‍കിയാലും പഠിക്കാന്‍ പിന്നോക്കം പോകുകയും അതിനൊക്കെ ഓരോ തൊടുന്യായങ്ങള്‍ പറയുകയും ചെയ്യുന്ന ആയിരക്കണക്കിന് കൗമാരക്കാര്‍ക്കിടയില്‍ വെള്ളിനക്ഷത്രം പോലെ ജ്വലിക്കുകയാണ് പ്രസ്റ്റണിലെ ജിസിഎസ്ഇ വിജയിയായ നിമിഷ നോബി. അമ്മയെ മരണ കിടക്കയില്‍ കണ്ട ശേഷം പരീക്ഷ എഴുതിയിട്ടും മുഴുവന്‍ വിഷയത്തിലും നൂറു മേനി കൊയ്തെടുത്ത നിമിഷയെ ഏതു വിധത്തില്‍ ഒക്കെ ആദരിച്ചാലും അധികമാകില്ല എന്നുറപ്പ്. അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സങ്കടക്കടല്‍ ഉള്ളിലൊതുക്കി പരീക്ഷ ഹാളിലെ ചോദ്യ പേപ്പറുകളില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ കണ്ണീര്‍ നനവില്‍ വക്തമാകാതിരിന്നിട്ടും റിസള്‍ട്ട് വന്നപ്പോള്‍ അതിശയിപ്പിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ച നിമിഷയോളം മികച്ച ഒരു പഠിതാവ് കഴിഞ്ഞ വര്‍ഷം യുകെ മലയാളികള്‍ക്കിടയില്‍ വേറെയുണ്ടാകില്ല.

പഠനത്തില്‍ മികവ് കാട്ടുന്നവര്‍ക്കിടയില്‍ പോലും പലരും പിന്നീട് ഫോക്കസ് മാറി ഒന്നുമാകാതെ പോകന്ന അനുഭവങ്ങളും ഏറെയാണ്. ഇത്തരക്കാര്‍ക്ക് മാതൃകയാവുകയാണ് യുവ പൈലറ്റിന്റെ വേഷമണിയാന്‍ അവസാന വട്ട പരീക്ഷണ പറക്കലില്‍ ശ്രദ്ധ നല്‍കുന്ന കാര്‍ഡിഫിലെ അലന്‍ റെജി. കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ വിമാനം കളിപ്പാട്ടമായി കിട്ടുന്ന ഓരോ കുട്ടിയുടെയും ആഗ്രഹമായിരിക്കും ഭാവിയിലെ പൈലറ്റ് എന്ന സ്വപ്നം. എന്നാല്‍ അലന്‍ ഇതുപോലെ സ്വപ്നം കാണുക മാത്രമല്ല അതിനായി പ്രൈമറി ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ കഠിന അധ്വാനം ചെയ്യുക കൂടി ആയിരുന്നു. അലസര്‍ക്കുള്ളതല്ല വിജയം എന്നോര്‍മ്മപ്പെടുത്തിയയാണ് ആകാശം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഈ യുവാവ് യുവ പ്രതിഭ പുരസ്‌കാരത്തിന് വായനക്കാരുടെ മുന്നില്‍ എത്തുന്നത്.

മലയാളം തപ്പി പെറുക്കി പറയുന്ന യുകെയിലെ യുവ തലമുറയ്ക്ക് ആവേശമാണ് പാട്ടിലും നൃത്തത്തിലും കഴിവ് കാട്ടുന്ന പ്രതിഭകള്‍. വര്‍ഷങ്ങളായി ചിലങ്ക അണിഞ്ഞു നിരന്തര ശ്രമം നടത്തിയ ക്രോയ്ഡോണിലേ ശ്രുതി അനില്‍ ഇപ്പോള്‍ മലയാളി യുവത്വത്തിന് നല്‍കുന്ന സന്ദേശവും വേറൊന്നല്ല. വെറും ഒരു രസത്തിനുള്ളതല്ല നടനവും പാട്ടുമൊക്കെ. എല്ലാവരെയും പോലെ അനുകരിക്കാന്‍ ശ്രമം നടത്തുന്നവര്‍ക്കിടയില്‍ ശ്രുതി വേറിട്ട് നില്‍ക്കുന്നതും കലയോടുള്ള അര്‍പ്പണം കൊണ്ട് തന്നെ.  പഠിക്കാന്‍ ഉള്ളപ്പോള്‍ പഠിക്കുക, വേദികള്‍ കീഴടക്കാന്‍ അവസരം ഒത്തുവരുമ്പോള്‍ മതിമറന്നു അതിലും ലയിക്കുക. ഇതത്ര എളുപ്പമാണോ എന്ന് ചോദിച്ചാല്‍ ശ്രുതി പറയും ഇതൊക്കെ വളരെ സിംപിള്‍ അല്ലേയെന്ന്. ഈ വര്‍ഷം ജി സി എസ് ഇ ഫൈനല്‍ ഇയര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന ശ്രുതിപഠനത്തിലും ഏറെ പ്രതീക്ഷ പങ്കിടുന്ന വിദ്യാര്‍ത്ഥിനിയാണ്. ഇത്തവണത്തെ യാങ് ടാലന്റ് പട്ടികയില്‍ ശ്രുതി വെല്ലിവിളി ഉയര്‍ത്തുന്ന മത്സരാര്‍ത്ഥി ആയിരിക്കുമെന്നുറപ്പ്.

അച്ഛനമ്മമാരെ അനുകരിക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കലാരംഗത്താകുമ്പോള്‍ അതത്ര എളുപ്പം ആകില്ല. കാരണം അതിനെ ഇന്‍ബോണ്‍ ടാലന്റ് എന്ന് വിശേഷിപ്പിക്കുന്ന നൈപുണ്യം കൂടി ആവശ്യമാണ്. ഡോക്ടറെയും എഞ്ചിനിയറെയും ശാസ്ത്രജ്ഞനെയും ഒക്കെ പണം മുടക്കി സൃഷ്ടിക്കാന്‍ സാധിച്ചേക്കുമെങ്കിലും പാട്ടുകാരെയും എഴുത്തുകാരെയും അഭിനേതാക്കളെയും ഒന്നും ഇത്തരത്തില്‍ വളര്‍ത്തി എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെയാണ് എല്ലാക്കാലത്തും സമൂഹം ഇത്തരക്കാര്‍ക്ക് മുന്നില്‍ ആദരവോടെ നില്‍ക്കുന്നതും. ഈ യാഥാര്‍ഥ്യത്തെ സാധ്യമാക്കി യുകെയിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന രണ്ടുപേരാണ് ബെഡ്ഫോര്‍ഡിലെ ഡെന്ന ജോമോനും കേംബ്രിഡ്ജിലെ ടെസ്സ ജോണും. സ്വന്തമായി ആല്‍ബം വരെ തയ്യാറാക്കിയ ഇവരും ചേരുമ്പോള്‍ ഇത്തവണത്തെ യുവ പ്രതിഭ പട്ടിക നൂറു ശതമാനം കുറ്റമറ്റതായി മാറുകയാണ് എന്ന് നിസംശയം പറയാം.
ഇതോടെ വായനക്കാര്‍ക്ക് നേരിയ സംശയം സ്വാഭാവികമായും തോന്നാം. ഒന്നിനൊന്നു മികവ് കാട്ടുന്ന ഇവരില്‍ ആരെ തിരഞ്ഞെടുക്കും. പക്ഷെ ഒരാളെ കണ്ടെത്തിയേ തീരൂ. അതാരായാലും അര്‍ഹത ഉള്ള കൈകളില്‍ തന്നെയാണ് ഈ പുരസ്‌കാരം എത്തുന്നതെന്ന ഉറപ്പില്‍ നിങ്ങളുടെ ഇഷ്ട പ്രതിഭക്കു കയ്യോടെ വോട്ടു ചെയ്യാം. നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള ലിങ്ക് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ നക്ഷത്ര തിളക്കമുള്ള ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് തീര്‍ച്ചയായും വായനക്കാരുടെ ഇഷ്ടത്തെ കൂടെക്കൂട്ടിയ യുവപ്രതിഭ തന്നെ ആയിരിക്കും.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category