1 GBP = 102.00 INR                       

BREAKING NEWS

യുകെയില്‍ എത്തിയാല്‍ മാസം 6,000 പൗണ്ട് ശമ്പളം; താമസം സൗജന്യം; കോവിഡില്‍ തൊഴില്‍ നഷ്ടമായി വിദേശത്തു എത്താന്‍ ആഗ്രഹികുന്ന മലയാളികള്‍ കൂട്ടത്തോടെ യുകെയില്‍ നിന്നെത്തുന്ന വാഗ്ദാന കെണിയില്‍: ലക്ഷങ്ങള്‍ നഷ്ടമായത് പതിനായിരങ്ങള്‍ക്ക്

Britishmalayali
രാജന്‍ കുര്യന്‍

മാര്‍സ്ബറോ: അനേകായിരം മലയാളികള്‍ കോവിഡ് ദുരിതത്തില്‍ ജോലി നഷ്ടമായി എങ്ങനെയും ജീവിതം തിരിച്ചു പിടിക്കാനുള്ള കഷ്ടപ്പാടിലാണെന്നു ആദ്യം തിരിച്ചറിഞ്ഞിരിക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ തന്നെയാണ്. ഇത്തരക്കാര്‍ വല വീശാന്‍ കാര്യമായി രംഗത്തിറങ്ങയതോടെ നൂറുകണക്കിന് മലയാളികള്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്. പലരും നാണക്കേട് ഓര്‍ത്തു പുറത്തു പറയുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഫേസ്ബുക്കിലും മറ്റും പ്രൊഫൈല്‍ പരിശോധന നടത്തി ഇരകളെ കണ്ടെത്തുന്ന തട്ടിപ്പുകാര്‍ ഇമെയില്‍ വഴി ബന്ധം സ്ഥാപിച്ചു രജിസ്‌ട്രേഷന്‍ ഫീസെന്ന പേരിലടക്കം പതിനായിരക്കണക്കിന് രൂപയാണ് പോക്കറ്റിലാക്കി കൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ശരിയായ ജോലി വാഗ്ദാനം എന്ന പേരില്‍ തന്നെയാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തന രീതി. അതിനാല്‍ വ്യാജന്‍ ആണോ എന്ന് കേരളത്തിലിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് കണ്ടെത്താനുമാകില്ല. യുകെയില്‍ ലോക്ഡൗണ്‍ മാറുമ്പോള്‍ ആയിരക്കണക്കിനാളുകളെ ഹോട്ടല്‍ രംഗത്ത് ജോലി ചെയ്യാന്‍ ആവശ്യമുണ്ട് എന്നാണ് തട്ടിപ്പുകാര്‍ ബോധ്യപ്പെടുത്തുന്നത്.

ഇക്കാര്യം വ്യക്തമാക്കി അനേകം മലയാളികളാണ് ഇപ്പോള്‍ യുകെയില്‍ പരിചയം ഉള്ളവരെ ബന്ധപ്പെടുന്നത്. അത്തരത്തില്‍ ലഭിച്ച ഒരു മെസേജിലെ സന്ദേശം ഇപ്രകാരമാണ് - ''ചേട്ടാ, എനിക്കു ഒരു ഇന്റര്‍വ്യൂ കഴിഞ്ഞു, ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ട് ലണ്ടനിലെ ഒരു ഹോട്ടലിലേക്ക്. എനിക്കാണേല്‍ അവിടെ പരിചയക്കാര്‍ ഒന്നുമില്ല. അതുകൊണ്ട് ഇത് ഉള്ളത് ആണോ എന്ന് ഒന്ന് അന്വേഷിച്ചു പറയാമോ?'' ഇതാണ് വീഡിയോയിലൂടെ കണ്ടുള്ള പരിചയം വെച്ച് ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ട, ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ അന്വേഷകന്‍ ചോദിച്ചത്. ഓഫര്‍ ലെറ്ററിന്റെ കോപ്പിയും ലഭ്യമാണ്.

എന്നാല്‍ യുകെയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഈ ലെറ്റര്‍ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇത് വ്യാജമാണ് എന്ന് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് വ്യക്തമായി അന്വേഷണം നടത്തിയ ശേഷം മാത്രം മുന്നോട്ട് പോകുകയായിരിക്കും നല്ലത് എന്നാണ് ഇത്തരം ഉദ്യോഗാര്‍ത്ഥികളോട് പറയാനാവുക. എന്നാല്‍ മാസം 6,000 പൗണ്ടും കൂടെ വേറെ അനുകൂല്യങ്ങളും ഉണ്ട് എന്ന് പറയുന്നത് കൊണ്ട്, അമ്മയുടെ താലിമാല പണയം വെച്ചും, സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് മറിച്ചും പലപ്പോഴായി മൂന്ന് ലക്ഷം രൂപ ബോംബെയില്‍ ഉള്ള ബ്രിട്ടീഷ് അംബാസിഡര്‍ക്ക് കൊടുത്തു കഴിഞ്ഞു, അതിന്റെ രസീതും കയ്യില്‍ ഉണ്ട് എന്നാണ് ഉദ്യോഗാര്‍ത്ഥിയായ ഒരാള്‍ വ്യക്തമാക്കുന്നത്. ഇനി അടുത്ത ഘട്ടമായി പോലീസ് ക്ലിയറന്‍സിനും വിസക്കും ആയി ഏകദേശം 5 ലക്ഷം കൂടെ കൊടുക്കണം, അപ്പോള്‍ അംബാസിഡര്‍ വിസ തരും എന്ന്. എന്നാല്‍ ബ്രിട്ടന്‍ ഇന്ത്യയിലേക്ക് നിയമിക്കുന്നത് ഹൈ കമ്മീഷണര്‍മാരെയാണ് എന്ന സാമാന്യ വിവരം പോലും മനസിലാക്കാതെയാണ് ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ ഏതോ ഒരു അംബാസിഡര്‍ക്കു പണം അയച്ചു നല്‍കുന്നത്.

എന്തായാലും ഉദ്യോഗാര്‍ഥികളുടെ പരാതി മുന്നില്‍ വച്ച്, കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടുതലായി പുറത്തുവരുന്നത്. അപ്പോള്‍ അവര്‍ പറഞ്ഞത് അവര്‍ക്ക് ഇതുമായി ഒരു ബന്ധവും ഇല്ലാ എന്ന് മാത്രമല്ല ഇവരുടെ പേരില്‍ ഇതിനു മുമ്പും ഇതുപോലെ തട്ടിപ്പ് നടന്നതായി അവര്‍ക്ക് അറിയാം, അവര്‍ അത് പോലീസില്‍ അറിയിച്ചിട്ടുമുണ്ട് എന്നാണ്.

ആത്മഹത്യയുടെ വക്കില്‍ ആണെന്ന് പറയുന്ന ഉദ്യോഗാര്‍ത്ഥിയോട് കാര്യം വ്യക്തമാക്കിയെങ്കിലും എങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇത്തരത്തില്‍ നഷ്ടമായ പണം മടക്കി ലഭിച്ച അനുഭവം ആര്‍ക്കും തന്നെ പറയാന്‍ ഇല്ലെന്നതാണ് ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച ഓരോ വാര്‍ത്തയും വ്യക്തമാക്കുന്നതും.

മറ്റു രണ്ട് പേര് കൂടി സമാനരീതിയില്‍ ഉള്ള അനുഭവം ഇയ്യിടെ പങ്കുവച്ചതില്‍ പക്ഷെ ജോലി സീനിയര്‍ കെയറര്‍ ആയിട്ട് ആയിരുന്നു. മാത്രമല്ല ചെറിയ ഒരു തുക രജിസ്‌ട്രേഷന്‍ ഫീ ആയി മാത്രം ഇപ്പോള്‍ കൊടുത്താല്‍ മതി ബാക്കി ലക്ഷങ്ങള്‍ ആറു മാസത്തിനുള്ളില്‍ വിസ വന്നതിന് ശേഷം മാത്രം കൊടുത്താല്‍ മതിയാകും. ഏതു സ്ഥലം ആണെന്നോ, കെയര്‍ഹോം ആണെന്നോ ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കുകയുമില്ല.

ഹോട്ടല്‍ ജോലി തേടിയ വ്യക്തിയും ഇതുപോലെ ചെറിയ തുക രജിസ്‌ട്രേഷന്‍ എന്ന് പറഞ്ഞു ആണ് തുടങ്ങിയത്. ഇവിടെ ഏറ്റവും കൗതുകകരമായ വസ്തുത എന്താണെന്നു വെച്ചാല്‍ ഈ മൂന്ന് ഏജന്‍സികളെയും ഫേസ്ബുക്കില്‍ നിന്നും കിട്ടിയതാണ് എന്നുള്ളത് ആണ്. നമ്മുടെ തായ് വേര് മുതല്‍ ഉള്ള വിവരങ്ങളും നമ്മുടെ താല്പര്യങ്ങളും ഇത് പോലെയുള്ള ഭീമന്‍മാര്‍ക്ക് മനഃപ്പാഠം ആയതിനാല്‍ എങ്ങനെയാണ് ഈ പരസ്യങ്ങള്‍ നമ്മളെ തേടി വരുന്നത് എന്ന് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ.

വെറുതെ കാര്യങ്ങള്‍ നൈസ് ആയിട്ട് ചോദിച്ചു മനസിലാക്കാന്‍ പൈസ മുടക്കില്ലാത്തതിനാലും എങ്ങനെയെങ്കിലും ഏതേലും വഴിയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും രാജ്ഞിയുടെ സ്വന്തം നാട്ടില്‍ എത്തിപ്പെടണം എന്നുള്ള അതിയായ ആഗ്രഹവും ഉള്ളിടത്തോളം കാലം ഏജന്‍സികള്‍ ഇത് തുടര്‍ന്ന്‌കൊണ്ടേ ഇരിക്കും. കേവലം നിസാര പൈസ മുടക്കിയാല്‍ ആര്‍ക്കും ഫേസ്ബുക്കില്‍ പരസ്യമിടാം എന്നുള്ള കാര്യം മിക്കവര്‍ക്കും ഇപ്പോഴും അറിയില്ല. ഇത്തരം പരസ്യങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം ഉണ്ടെന്നു കരുതുന്ന മലയാളികളാണ് ഇത്തരം തട്ടിപ്പുകളില്‍ ഇയ്യിടെയായി കൂടുതല്‍ കുരുങ്ങുന്നതും. അതിനാല്‍ ഫേസ്ബുക്ക് അല്‍ഗോരിതങ്ങളില്‍ മലയാളികളെ തേടിയാണ് ഇത്തരം പരസ്യങ്ങള്‍ കൂടുതലായി എത്തുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category