1 GBP = 100.60 INR                       

BREAKING NEWS

എണ്ണത്തില്‍ കുറവെങ്കിലും ഇന്ത്യയിലേക്ക് കൂടുതല്‍ പറന്നെത്തുന്നത് യുകെ മലയാളികള്‍; കൊച്ചിയിലേക്ക് എയര്‍ഇന്ത്യ നേരിട്ട് പറന്നപ്പോള്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം; കേരളം സമ്മര്‍ദം ചെലുത്തി യാല്‍ കോവിഡിന് ശേഷവും എയര്‍ ഇന്ത്യക്ക് നേരിട്ടുള്ള സര്‍വീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് ദൂരം കുറയുമോ?

Britishmalayali
പ്രത്യേക ലേഖകന്‍

 കവന്‍ട്രി: യുകെയിലെ 15 ലക്ഷം ഇന്ത്യക്കാരില്‍ വെറും പത്തു ശതമാനം മാത്രമാണ് മലയാളികളുടെ വിഹിതം, അതായതു ഏകദേശം ഒന്നര ലക്ഷത്തോളം. ഈ കണക്കിലേക്കു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്തികൊണ്ടിരിക്കുന്ന ഏതാനും ആയിരങ്ങളും കൂടി ചേര്‍ത്താലും ഇന്ത്യക്കാര്‍ക്കിടയിലെ ന്യൂനപക്ഷം തന്നെയാണ് മലയാളികള്‍. പഞ്ചാബികളുമായി സാമ്പത്തികമായും സാമൂഹികമായും മലയാളികള്‍ക്ക് യുകെയില്‍ ഒപ്പത്തിനൊപ്പം എത്താന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. പക്ഷെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ കണക്കെടുത്താല്‍ സകല ഇന്ത്യന്‍ സമൂഹത്തെയും പിന്നിലാക്കുകയാണ് മലയാളികള്‍. ഇതിന്റെ ഏറ്റവും പ്രായോഗിക ഉദാഹരണമായി മാറുകയാണ് എയര്‍ ഇന്ത്യ ബബിള്‍ സ്‌കീമിലൂടെ ആരംഭിച്ച സര്‍വീസുകള്‍. ഇക്കഴിഞ്ഞ ആഗസ്ത് 15 ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസ് ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വീതം ആക്കിയിട്ടും യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും ലാഭകരമായ റൂട്ടായി ലണ്ടന്‍ - കൊച്ചി വിലയിരുത്തപ്പെടുകയാണ്.

കേന്ദ്ര തലസ്ഥാനമായ ഡല്‍ഹിയും വാണിജ്യ തലസ്ഥാനമായ മുംബൈയും മാത്രമാണ് കൊച്ചിക്കു മുന്നില്‍ നില്കുന്നത്. മറ്റു ആറു കേന്ദ്രങ്ങളിലേക്ക് കൂടി എയര്‍ ഇന്ത്യ പേരിനു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അവയില്‍ ഒക്കെ യാത്രക്കാര്‍ കുറവാണു എന്ന സൂചനയാണ് സര്‍വീസുകളുടെ എണ്ണം കൂട്ടാതിരിക്കുന്നതിലൂടെ തെളിയുന്നത്. എക്കാലവും ഉത്തരേന്ത്യന്‍ ലോബിയുടെ പിടിയില്‍ നിന്നൂട്ടുള്ള എയര്‍ ഇന്ത്യയില്‍ നിന്നും ഇതാദ്യമായാണ് സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണെങ്കിലും പ്രവാസി മലയാളി സമൂഹത്തില്‍ തന്നെ വീരോചിതം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ദീര്‍ഘ ദൂര സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം യാത്ര ചെയ്തു എത്തുന്നതും ലണ്ടനില്‍ നിന്നുള്ള ഡ്രീം ലൈനര്‍ വിമാനങ്ങള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ഡല്‍ഹിയിലേക്ക് ഏഴു സര്‍വീസും മുംബൈയിലേക്ക് നാലു സര്‍വീസുകളുമാണ് കൊച്ചിയേക്കാള്‍ അധികമായി എയര്‍ ഇന്ത്യ പറക്കുന്നത്. എന്നാല്‍ ഈ രണ്ടു റൂട്ടിലും പറന്നെത്തുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായുള്ള യാത്രക്കാര്‍ കൂടിയാണ്. നിലവിലെ എയര്‍ ബബിള്‍ സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയായിരിക്കും എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. അതോടെ ഇന്ത്യ അന്താരാഷ്ട്ര വിമാന വിലക്ക് പിന്‍വലിക്കും എന്നാണ് കരുതപ്പെടുന്നത്. ആ ഘട്ടത്തില്‍ ലണ്ടന്‍ - കൊച്ചി വിമാനവും പിന്‍വലിക്കപ്പെടും എന്നാണ് എയര്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇനിയെന്ത്? യുകെ മലയാളികള്‍ വീണ്ടും നിരാശപ്പെടേണ്ടി വരുമോ?
ഈ ചോദ്യം തല്ക്കാലം ആരും ഉയര്‍ത്തുന്നില്ല എന്നതാണ് ഏറ്റവും കൗതുകം .അഥവാ യുകെ മലയാളി സമൂഹം അത്തരത്തില്‍ ചിന്തിച്ചു വരുമ്പോഴേക്കും എയര്‍ ഇന്ത്യ സര്‍വീസ് അടച്ചു പൂട്ടി വീണ്ടും ലാഭകരമല്ലാത്ത ഉത്തരേന്ത്യന്‍ റൂട്ടുകളിലേക്കു തന്നെ പറന്നു തുടങ്ങിയിട്ടുണ്ടാകും. കാരണം അത്തരം റൂട്ടുകളില്‍ പിടിച്ചു പറി നടത്താന്‍ അന്നാടുകളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പ്രത്യേക താലപര്യമുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബര്‍മിന്‍ഹാമില്‍ നിന്നുള്ള അമൃത്സര്‍ വിമാനം. ലണ്ടന്‍ - കൊച്ചി എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഓര്‍മ്മിപ്പിക്കുന്ന റൂട്ട് ഭാവിയില്‍ സ്വകാര്യ കമ്പനികള്‍ കൊത്തിയെടുക്കാനുള്ള സാധ്യതയും ചെറുതല്ല. കാരണം എയര്‍ ഇന്ത്യയുടെ ലാഭകരമായ റൂട്ടിനെ കുറിച്ച് അവരും പഠനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ എയര്‍ലൈനര്‍ ആയ എയര്‍ ഇന്ത്യ ഈ റൂട്ടില്‍ പറക്കുന്നതാണ് യുകെ മലയാളികള്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദം.

പക്ഷെ ഇതിനായി കോവിഡാനന്തര  കാലത്തു ആര് സംസാരിക്കും ? 
പ്രസക്തമായ ചോദ്യം ഇതാണ്. യുകെ മലയാളികള്‍ക്ക് വേണ്ടി സമ്മര്‍ദ ശക്തിയാകാന്‍ ഭരണ പ്രതിപക്ഷ ഭേദം മറന്നു രാഷ്ട്രീയക്കാര്‍ ഒന്നിക്കുമോ? ലോക്‌സഭയിലെയും രാജ്യസഭയിലെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ചു എത്തിയ നാലുപേരും അടക്കം 33 എംപിമാര്‍ ഇക്കാര്യത്തില്‍ യുകെ മലയാളികള്‍ക്കൊപ്പം നില്‍ക്കുമോ? എന്തിനു പ്രവാസി മലയാളികള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ലോക് കേരള സഭയുടെ യുകെ പ്രതിനിധികള്‍ ഇത്തരം കാര്യങ്ങള്‍ വല്ലതും അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ? അതോ ഈ സര്‍വീസ് നിര്‍ത്തിയ ശേഷം ഘോരഘോര പ്രസ്താവന ഇറക്കുവാന്‍ കാത്തിരിക്കുകയാണോ സകലരും? ലണ്ടന്‍ - കൊച്ചി റൂട്ട് സ്ഥിരപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താനാകുന്ന ഏറ്റവും പറ്റിയ സമയം കൂടിയാണിത്. സര്‍വീസ് തുടരാതിരിക്കാന്‍ എയര്‍ ഇന്ത്യക്കു പ്രത്യേക കാരണമൊന്നും പറയാനുണ്ടാവില്ല എന്നും ഉറപ്പാണ്.

എന്തുകൊണ്ട് കൊച്ചി റൂട്ടില്‍ ആളുകള്‍ ഇടിച്ചു കയറുന്നു?
ഗോവയിലേക്ക് പോലും ആളുകള്‍ പോകാന്‍ മടിക്കുമ്പോള്‍ എന്താണ് കൊച്ചി റൂട്ടില്‍ ആളുകള്‍ ഇടിച്ചു കയറാന്‍ താല്‍പരം കാട്ടുന്നത്? ലക്ഷക്കണക്കിന് പഞ്ചാബികള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അമൃത്സര്‍ വിമാനത്തില്‍ തിരക്കില്ല? ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളായ ബാംഗ്ലൂരും അഹമ്മദാബാദും കൊല്‍ക്കത്തയും ചെന്നൈയും ഒക്കെ എന്തുകൊണ്ട് പിന്നില്‍ നില്‍ക്കുന്നു? ഇതിനൊക്കെ ഒരൊറ്റ ഉത്തരമേയുള്ളൂ. യുകെ മലയാളികളുടെ നാടിനോടുള്ള സ്‌നേഹം. താരതമെന്യേ പുതിയ കുടിയേറ്റ സമൂഹം ആയതിനാല്‍ അടിക്കടി നാട്ടില്‍ പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോ യുകെ മലയാളിയും. നാടിനോടുള്ള ബന്ധം അറുത്തു മുറിക്കാന്‍ ഒന്നാം യുകെ മലയാളി കുടിയേറ്റത്തിനു സമയം ആയിട്ടില്ല എന്നതാണ് വസ്തുത. പഞ്ചാബികളും ഗുജറാത്തികളും തമിഴരും ഒക്കെ ഏറെയുണ്ടെങ്കിലും അവരൊക്കെ രണ്ടും മൂന്നും തലമുറ പിന്നിട്ടവര്‍ ആയതിനാല്‍ ഇന്ത്യയിലേക്കുള്ള മടക്ക യാത്ര വല്ലപ്പോഴും മാത്രം ആഗ്രഹിക്കുന്നവരാണ് എന്നതാണ് വസ്തുത.

എന്നാല്‍ ഇപ്പോഴും വീടും സ്വത്തും ഒക്കെ കേരളത്തില്‍ തന്നെ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളില്‍ നല്ല പങ്കും. മരിച്ചാല്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പോലും കേരളത്തില്‍ എത്തിച്ചു പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുള്ള ഈ പുത്തന്‍ കുടിയേറ്റ സമൂഹത്തിന്റെ നൊസ്റ്റാള്‍ജിയ കൂടിയാണ് ലണ്ടന്‍ - കൊച്ചി വിമാനത്തിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഈ വിമാനത്തില്‍ കയറിയാല്‍ കൂടുതല്‍ വേഗത്തില്‍ നാട്ടില്‍ എത്താന്‍ സാധിക്കും എന്ന് മനസിലാക്കി ശ്രീലങ്കക്കാരും കൊച്ചി വഴി പറന്നു തുടങ്ങിയത് മറ്റൊരു ശുഭ കാര്യമാണ്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂര്‍ അടക്കമുള്ള അന്യനാട്ടുകാര്‍ക്കും കൊച്ചി അകലെയല്ല എന്നതാണ് മറ്റൊരു അനുകൂല ഘടകം. ഇത്തരം അനുകൂല ഘടകങ്ങള്‍ ഏറെയുള്ളതിനാല്‍ കോവിഡ് നിയന്ത്രണം മാറിയ ശേഷവും ലണ്ടന്‍ - കൊച്ചി റൂട്ട് ലാഭകരമായി പറക്കാന്‍ ഉള്ള സാധ്യതകളാണ് അവശേഷിക്കുന്നത്. പക്ഷെ ഈ വിമാനം തുടര്‍ന്ന് പറക്കാന്‍ നിശ്ചയമായും കേരളം മുന്നിട്ടിറങ്ങുക തന്നെ വേണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category