1 GBP = 100.60 INR                       

BREAKING NEWS

യുകെ മലയാളികള്‍ക്കിടയില്‍ അനധികൃത വഴിക്കച്ചവടം തകൃതി യായി; പരാതി നല്‍കാനൊരുങ്ങി മലയാളിക്കടക്കാര്‍; കച്ചവടം പൊടിപൊടിക്കുന്നത് വാട്സാപ്പ് ഗ്രൂപ്പിലൂടെ; പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പൗണ്ട് പിഴ: ജോലി നഷ്ടമായ തങ്ങള്‍ എന്തുചെയ്യുമെന്ന് ചോദ്യവുമായി വാന്‍ ഡെലിവറിക്കാരും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് ഓരോ വ്യക്തിയെയും ഏതൊക്കെ വിധത്തില്‍ ബാധിച്ചു കഴിഞ്ഞു എന്ന് ചോദിച്ചാല്‍ സകലര്‍ക്കും പരാതികള്‍ മാത്രം. എല്ലാവരും നിലനില്‍പ്പിനായുള്ള ഓട്ടത്തില്‍ തന്നെ. അതിനിടയില്‍ തങ്ങളുടെ വരുമാനം ഇല്ലാതാക്കുന്ന പുതിയ പ്രവണതകള്‍ ഉയരുമ്പോള്‍ കയ്യും കെട്ടി നോക്കി നില്ക്കാന്‍ ആരും തയ്യാറാകില്ല. ഇത്തരം ഒരു അവസ്ഥയിലാണ് പതിനായിരക്കണക്കിന് പൗണ്ട് മുതലിറക്കി കച്ചവടം ചെയ്യുന്ന പ്രാദേശിക മലയാളി സ്ഥാപനങ്ങള്‍. കോവിഡ് എത്തിയത് മുതല്‍ കച്ചവടത്തില്‍ വന്‍ ഇടിവ് നേരിടുന്ന മലയാളിക്കടക്കാര്‍ പുതിയ വെല്ലുവിളി നേരിടാനുള്ള ഒരുക്കത്തിലാണ്. വര്‍ഷങ്ങളായി അനധികൃത ഡോര്‍ ഡെലിവറി കച്ചവടം നടത്തുന്ന മലയാളികളുടെ ഉഡായിപ്പു കച്ചവടത്തിന് അവസാനം കുറിക്കും എന്ന് വ്യക്തമാക്കി മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ആംഗ്ലിയ, ലണ്ടന്‍ എന്നിവിടങ്ങളിലെ മലയാളി കച്ചവട സ്ഥാപനങ്ങള്‍ കൂട്ടായി കൗണ്‍സിലുകളെ സമീപിക്കാന്‍ ഉള്ള ഒരുക്കത്തിലാണ്.

പ്രധാനമായും അരി, ആട്ട , ഇറച്ചി , മീന്‍ എന്നിവയാണ് വാന്‍ ഡെലിവറി നടത്തുന്നവരുടെ പ്രധാന വിതരണ ഇനങ്ങള്‍. കടകളില്‍ പ്രധാനമായും കച്ചവടം നടക്കുന്നതും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് തന്നെയാണ്. ഇവ വാങ്ങാന്‍ കടകളില്‍ എത്തുന്നവര്‍ മറ്റു സാധനങ്ങള്‍ കൂടി വാങ്ങുന്നതോടെയാണ് തങ്ങള്‍ പിടിച്ചു നില്കുന്നതെന്നു കട ഉടമകള്‍ പറയുന്നു. എന്നാല്‍ ഇവ വീട്ടില്‍ എത്തിക്കിട്ടുന്നതോടെ കടകളില്‍ ആളെത്തുന്നത് ഇല്ലാതാക്കുകയാണ്. മറ്റു സാധനങ്ങള്‍ ഇല്ലെങ്കിലും ജീവിച്ചു പോകാം എന്ന മനസ്ഥിതി ഉപയോക്താക്കളും എത്തിയതോടെ പല കടകളും അടച്ചു പൂട്ടല്‍ ഭീക്ഷണിയിലാണ്. കോവിഡ് നിയന്ത്രണം മൂലം സ്വതവേ കടകളില്‍ പോകാന്‍ മടിക്കുന്ന സാധാരണക്കാര്‍ക്ക് വീടുകളില്‍ പ്രധാന സാധനങ്ങള്‍ എത്തിക്കിട്ടിയതോടെ കച്ചവടം വിപുലമായതു ഓരോ ടൗണിലും ഒന്നോ രണ്ടോ വാന്‍ കച്ചവടക്കാര്‍ പേരിനു ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചും ആറും പേരെങ്കിലും വാന്‍ കച്ചവട രംഗത്ത് എത്തുന്ന പ്രവണത സൃഷ്ടിച്ചിരിക്കുകയാണ്.

വിലക്കുറവ് ആകര്‍ഷണം; വീട്ടു പടിക്കല്‍ സാധനമെത്തും
കടകളില്‍ 12 പൗണ്ട് വിലയുള്ള അരി വാന്‍ കച്ചവടക്കാര്‍ വഴി വീട്ടില്‍ എത്തുമ്പോള്‍ വില പത്തു പൗണ്ടായി കുറയും. കടകളില്‍ ഏഴു പൗണ്ടിന് വില്‍ക്കുന്ന ബീഫിന് വാന്‍ കച്ചവടക്കാര്‍ ഈടാക്കുന്നത് അഞ്ചര പൗണ്ട്. ഒരു ബോക്സ് സീ ബ്രീം, സീബാസ് എന്നിവക്ക് കടകളില്‍ കിലോക്ക് എട്ട് പൗണ്ട് നല്‍കേണ്ടി വരുമ്പോള്‍ വാന്‍ കച്ചവടക്കാര്‍ എത്തിക്കുമ്പോള്‍ അഞ്ചു പൗണ്ടില്‍ താഴെയായി മാറും. ഇത്തരത്തില്‍ വിലക്കുറവ് പ്രധാന ആകര്‍ഷണമാകുമ്പോള്‍ ആരും അതിനു പിന്നിലെ ധാര്‍മ്മിക ചിന്തയെക്കുറിച്ചു ഒന്നും ആലോചിക്കില്ല. നികുതി നല്‍കാതെയും ഒരു കട തുടങ്ങാന്‍ ഉള്ള നിക്ഷേപം ആവശ്യമില്ലാത്തതിനാലും വാന്‍ കച്ചവടക്കാര്‍ക്ക് കിട്ടുന്നതെന്തും ലാഭമാണ്. അതിനാല്‍ ഏതിനവും പത്തു ശതമാനം ലാഭം കിട്ടിയാല്‍ പോലും വാനിലും കാറിലും കച്ചവടം നടത്തുന്നവര്‍ക്ക് ധാരാളമാണ്. എന്നാല്‍ കട വാടകയും നിക്ഷേപവും ജോലിക്കാരുടെ ശമ്പളവും വൈദ്യുതി ബില്ലും ഒക്കെ കൂടിയാകുമ്പോള്‍ 30 ശതമാനം വരെ മാര്‍ജിനില്‍ വില്‍ക്കേണ്ടി വരും. ഇതാണ് വിലയിലെ അന്തരത്തിനു പ്രധാന കാരണം. ഇതോടൊപ്പം പുറത്തിറങ്ങിയാല്‍ കോവിഡ് പിടിക്കാനുള്ള സാധ്യത കൂടിയായപ്പോള്‍ ഏവരും വാന്‍ കച്ചവടക്കാരെ കാത്തിരിക്കുകയാണ് എന്നതാണ് വാസ്തവം. ഈ നില തുടര്‍ന്നാല്‍ കടകള്‍ അടച്ചു പൂട്ടുകയേ നിവൃത്തിയുള്ളൂ എന്ന് കടക്കാരും പറയുന്നു.

നിക്ഷേപം വാട്സാപ്പ് മാത്രം; കടക്കാര്‍ തെളിവുകള്‍ ശേഖരിക്കുന്നു; പരാതികള്‍ കൗണ്‍സിലിന്
ഒരു വാട്സ്ആപ് ഗ്രൂപ് കയ്യില്‍ ഉണ്ടെങ്കില്‍ ആഴ്ചയില്‍ അമ്പതു ചാക്ക് അരിയും 150 മുതല്‍ 200 കിലോ വരെ ഇറച്ചിയും വില്‍ക്കാന്‍ ഒരു പ്രയാസവും ഇല്ല. കൂടെ മുപ്പതു മുതല്‍ നാല്‍പതു ബോക്സ് വരെ മീനും വില്‍ക്കാം. മേമ്പൊടിയായി ഇത്ര തന്നെ ആട്ടയും വില്കാനാകും. ഇതോടെ ഏതാനും മണിക്കൂറിലെ അദ്ധ്വാനം വഴി കയ്യിലെത്തുന്ന ലാഭം 500 മുതല്‍ 700 പൗണ്ട് വരെയാണ്. മാസത്തില്‍ രണ്ടായിരം മുതല്‍ നാലായിരം പൗണ്ട് വരെ നികുതി നല്‍കാതെ സമ്പാദിക്കാന്‍ ഒരു വിഷമവുമില്ല. എല്ലാ പട്ടണത്തിലും നൂറു കണക്കിന് പുതിയ മലയാളി കുടുംബങ്ങള്‍ കൂടി എത്തിയതോടെ നാലും അഞ്ചും വാട്സാപ്പ് ഗ്രൂപ് വഴി കച്ചവടം നടത്തുന്നവരാണ് മിക്കവരും. കടക്കാര്‍ സ്റ്റോക് എടുക്കുന്ന സ്ഥലങ്ങളില്‍ നിന്നും തന്നെയാണ് ഇവരും സാധനം വാങ്ങുന്നത് എന്നതിനാല്‍ മാര്‍ജിനില്‍ ഉള്ള വത്യസം വരുത്തി മാത്രമേ കടക്കാര്‍ക്കു വാന്‍ കച്ചവടക്കാര്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ പറ്റൂ.

എന്നാല്‍ വീടുകളില്‍ സാധനം എത്തിക്കാന്‍ ആള്‍ ഉള്ളപ്പോള്‍ മിനക്കെട്ടു കടയില്‍ പോകാന്‍ ആളുകള്‍ തയ്യാറകില്ല എന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ കടക്കാര്‍ തിരിച്ചറിയുന്നത്. ഇതോടെ നിയമ വിരുദ്ധമായി വാന്‍ കച്ചവടം ചെയ്യുന്നവരെ പൂട്ടാന്‍ തന്നെയുള്ള ഒരുക്കമാണ് കടക്കാര്‍ നടത്തുന്നത്. ഇതിനായി വാന്‍ കച്ചവടം ചെയ്യുന്നവരുടെ തെളിവ് ശേഖരണം ആരഭിച്ചിരിക്കുകയാണ്. വീടുകളില്‍ ഭക്ഷണ വസ്തു വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ , വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് എന്ന് ഒരു പ്രധാന കച്ചവട സ്ഥാപന ഉടമ വ്യക്തമാക്കി. എല്ലാ കൗണ്‍സിലുകളും കടക്കാര്‍ കൂട്ടായി പരാതി നല്‍കി ദേശ വ്യാപക പ്രശ്‌നമാണ് എന്ന് തെളിയിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ട്രേഡിങ്ങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയും കൗണ്‍സില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്റ്ററേറ്റും എന്‍വയോണ്‍മെന്റല് ഹെല്‍ത്ത്് വിഭാഗവും പറയുന്ന നിര്‍ദിഷ്ട ഭക്ഷണ വിതരണ, ശേഖരണ സംവിധാനം ഇല്ലാത്ത വാനുകളിലും കാറുകളിലും ഇറച്ചിയും മീനും ഒക്കെ വിതരണം നടത്തുന്നത് പിടിക്കപ്പെട്ടാല്‍ ആയിരക്കണക്കിന് പൗണ്ട് പിഴയും വിധി ഉണ്ടെങ്കില്‍ ജയില്‍ വാസവും ഉറപ്പാക്കുന്ന കുറ്റമായാണ് പരിഗണിക്കപ്പെടുക.

ജോലി പോയി; ജീവിക്കാന്‍ മാര്‍ഗം പറഞ്ഞു തരൂ
കടക്കാര്‍ തങ്ങളുടെ ആവലാതി പറയുമ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗം പറഞ്ഞു തരൂ എന്നാണ് മിഡ്‌ലാന്‍ഡ്സില്‍ നാലു പ്രധാന നഗരങ്ങളില്‍ വാന്‍ വഴി കച്ചവടം നടത്തുന്ന മലയാളി രോക്ഷത്തോടെ ചോദിക്കുന്നത്. ഒരു കമ്പനിയില്‍ ജോലിയും ഒഴിവു വേളയില്‍ ടാക്‌സിയും ഓടിച്ചിരുന്ന ഇദ്ദേഹം കോവിഡ് മൂലം ജോലി നഷ്ടമായ വ്യക്തിയാണ്. കാര്‍ ഓടിച്ചിട്ടും കാര്യമില്ല , മണിക്കൂറുകള്‍ കിടന്നാല്‍ പോലും നൂറു പൗണ്ടിന്റെ ഓട്ടം കിട്ടുന്നില്ല. മൂന്നു മക്കള്‍ ഉള്ള താന്‍ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞു തരൂ എന്ന് ഇയാള്‍ പറയുമ്പോള്‍ സംഭവത്തിന്റെ മറ്റൊരു വശമാണ് തെളിയുന്നത്. എണ്ണായിരം പൗണ്ട് മുടക്കി വാനും ഭക്ഷണം സ്റ്റോക് ചെയ്യാന്‍ രണ്ടു സ്റ്റോര്‍ വാടകക്ക് എടുത്തതും ഒക്കെയായി 30,000 പൗണ്ടാണ് ഇയാള്‍ ഈ ബിസിനസ്സില്‍ മുടക്കിയിരിക്കുന്നത്. ചെയ്യുന്നത് തെറ്റാണു എന്നറിയാമെങ്കിലും ഇപ്പോള്‍ ഒരു കട ഏറ്റെടുത്തു കച്ചവടം നടത്താന്‍ ഉള്ള ത്രാണി ഇല്ലെന്നാണ് ഇയാള്‍ പറയുന്നത്. അനധികൃത കച്ചവടത്തിന്റെ അനന്തര ഫലം അറിയാമോ എന്ന ചോദ്യത്തിന് പിടിക്കപ്പെടട്ടെ, അപ്പോള്‍ നോക്കാം എന്നും ഇയാള്‍ പറയുമ്പോള്‍ രണ്ടു പക്ഷത്തും ന്യായാന്യായങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ വാനില്‍ കച്ചവടം നടത്തുന്നവര്‍ ഒരു കട തുടങ്ങട്ടെ , അത് കണ്ടെത്താന്‍ തങ്ങളും സഹായിക്കാം അപ്പോഴേ നിയമപരമായി ചെയ്യുന്ന കച്ചവട ത്തിന്റെ പ്രയാസം മനസിലാകൂ എന്ന് കട ഉടമകളും പറയുന്നു.

ഇതോടെ കോവിഡ് പ്രയാസത്തില്‍ യുകെ മലയാളി സമൂഹത്തില്‍ കച്ചവട രംഗത്ത് ഇരു കൂട്ടരും തമ്മിലുള്ള ഒരു നിയമ ഏറ്റുമുട്ടലിനു കളം ഒരുങ്ങുകയാണ്. വാന്‍ ഡെലിവറി നടത്തുന്നവരെ പ്രാദേശിക സമൂഹവും ശ്രദ്ധിക്കപെട്ടാല്‍ അതുവഴിയും പരാതി എത്തുമെന്ന് ഉറപ്പാണ്. ഡെര്‍ബിഷെയര്‍ സിറ്റി കൗണ്‍സില്‍ ഇപ്പോള്‍ ഇത്തരം പരാതികള്‍ വ്യാപകമായി അന്വേഷിക്കുകയാണ് എന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ആരും വീണുപോകാതിരിക്കട്ടെ എന്നതാണ് ഇരുഭാഗവും കേള്‍ക്കുന്നവര്‍ക്കു പറയാന്‍ ബാക്കിയാവുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category