1 GBP = 100.60 INR                       

BREAKING NEWS

ആറു മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് കോവിഡ് നിയന്ത്രണം പാലിക്കാതെ പാര്‍ട്ടി നടത്തി; മിഡ്ലാന്‍ഡ്സ് ഹോസ്പിറ്റലിലെ ആറ്‌ മലയാളി ജീവനക്കാരും അവധിയില്‍ പോയതോടെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ പകരം സംവിധാനം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : കോവിഡ് പടര്‍ത്തുന്നതില്‍ യുകെയില്‍ മലയാളികള്‍ സാമൂഹ്യ ഉത്തരവാദിത്ത ബോധം ഇല്ലാതെ പെരുമാറുന്നു എന്ന പരാതികള്‍ ഏറുന്നു. ഒട്ടേറെ പട്ടണങ്ങളില്‍ നിന്നാണ് പുതുതായി എത്തിയ യുകെ മലയാളികളെ കുറിച്ച് പരാതി ഉയരുന്നത്. ഉച്ചഭക്ഷണ സമയത്തു ഭക്ഷണം പങ്കുവയ്ക്കല്‍ തുടങ്ങി കോഫി റൂമുകളിലെ ആള്‍ക്കൂട്ട ബഹളങ്ങള്‍ വരെ എന്‍എച്എസ് ആശുപത്രികളില്‍ മലയാളികളെ കൊണ്ടുള്ള പരാതികളായി മാറുന്നു. ജോലി ചെയ്യാന്‍ ഏറ്റവും മിടുക്കര്‍ എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ തന്നെയാണ് ഒഴിവാക്കാന്‍ കഴിയുന്ന ഈ പരാതികള്‍ കൂടി മലയാളി സമൂഹത്തിലെ ഏതാനും പേര്‍ ചേര്‍ന്ന് വാങ്ങിച്ചെടുക്കുന്നത്. തങ്ങള്‍ ചെറുപ്പക്കാരാണ്, കൂടുതല്‍ ആരോഗ്യം ഉള്ളവരാണ് എന്ന ഭാവത്തില്‍ പെരുമാറുന്നവരില്‍ ഒരാള്‍ക്ക് പോസിറ്റീവായാല്‍ കൂടെയുള്ള എല്ലാവരും രോഗബാധിതരായി മാറുന്നതും കോവിഡിനോട് അല്പം പോലും സങ്കോചം ഇല്ലാതെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട് തന്നെയാണ് എന്ന് വിവിധ പട്ടണങ്ങളില്‍ നിന്നെത്തുന്ന റിപോര്‍ട്ടുകള്‍ പറയുന്നു.

ലോക് ഡൗണിനു തൊട്ടു മുന്നേ പാര്‍ട്ടി, ഐടിയു ജീവനക്കര്‍ കൂട്ടത്തോടെ അവധിയില്‍
ലോക്ഡോണ്‍ വരുന്നതിനു തൊട്ടു മുന്നേ ആറു മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി നടത്തിയ കഥയാണ് മിഡ്ലാന്‍ഡ്‌സില്‍ ആയിരത്തോളം മലയാളി കുടുംബമുള്ള നഗരത്തില്‍ നിന്നും കേള്‍ക്കുന്ന വര്‍ത്തമാനം. നല്ല തലവേദനയാണെന്നു പറഞ്ഞിട്ടും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നു. പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന നിര്‍ബന്ധം കൊണ്ട് കൂടിയാണ് ഇവര്‍ പാര്‍ട്ടിക്കെത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെ ഇവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇവര്‍ മൂന്നു പേരും ഹോസ്പിറ്റലില്‍ ഐടിയു ജീവനക്കാരാണ്. ഇതോടെ ഇവരോടൊപ്പം അടുത്ത ദിവസങ്ങളില്‍ ചിലവഴിച്ചവരും ക്വറന്റീനില്‍ പോകാന്‍ നിര്‍ബന്ധിതരായി. ഇതോടെ ഹോസ്പിറ്റലില്‍ ഐ ടി യൂ പ്രവര്‍ത്തനം താളം തെറ്റുന്ന നിലയിലും. ഒടുവില്‍ തിയറ്റര്‍ ജീവനക്കാരെ എത്തിച്ചാണ് നിര്‍ണായക വിഭാഗമായ ഐടിയു പ്രവര്‍ത്തനം മുടങ്ങാതെ നോക്കിയത്. ഏതായാലും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടി വിവരം ഹോസ്പിറ്റലിലും പരാതിയായി എത്തും എന്നാണ് ലഭ്യമായ വിവരം.

പാര്‍ട്ടി നടന്ന വീട്ടില്‍ എത്തിയ മലയാളി ടാക്‌സി ഡ്രൈവറും പോസിറ്റീവായി
പാര്‍ട്ടി നടന്ന വീട്ടില്‍ വിരുന്നുകാര്‍ തിരികെ സ്വന്തം വീട്ടിലെത്തിക്കാന്‍ എത്തിയ ടാക്‌സി ഡ്രൈവറും പോസിറ്റീവായി. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നിരീക്ഷണത്തിലാണ്. ഇവരോടൊപ്പം അടുത്ത ദിവസങ്ങളില്‍ കഴിഞ്ഞവരും ഇപ്പോള്‍ ആശങ്കയിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചയായി ഈ പട്ടണത്തിലെ അനേകം മലയാളികളാണ് കോവിഡ് പോസിറ്റീവ് ആയി മാറിയിരിക്കുന്നത് . ഇവരോടൊപ്പം ജോലി ചെയ്തിരുന്ന നൂറുകണക്കിന് ആളുകള്‍ക്ക് കോവിഡ് ആപ് നിര്‍ദേശാനുസരണം ഇപ്പോള്‍ രണ്ടാഴ്ച ക്വറന്റീന്‍ സമയം ആയതിനാല്‍ പ്രദേശത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് ഷോര്‍ട്ടേജ് മൂലം ചക്ര ശ്വാസം വലിക്കുകയാണ . ഏതാനും പേര്‍ വിചാരിച്ചാല്‍ പോലും വലിയൊരു വിഭാഗം ജനത്തെ പ്രതിസന്ധിയില്‍ക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.

കവന്‍ട്രിയില്‍ ചെറുപ്പക്കാര്‍ക്ക് വീട് നല്‍കാനില്ലെന്നു വീട്ടുടമ, അയല്‍വാസികള്‍ക്കും പരാതി
മലയാളികളായ ചെറുപ്പക്കാര്‍ക്ക് ഇനി വീട് നല്കാന്‍ ഇല്ലെന്നാണ് തൃശൂര്‍ സ്വദേശിയായ വീട്ടുടമയുടെ നിലപാട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് അടുത്തുള്ള മൂന്നു ബെഡ്റൂം വീട് അത്രകണ്ട് അലങ്കാലമാക്കി എന്നാണ് വീട്ടുടമയുടെ പരാതി. താന്‍ 15 വര്‍്ഷം താമസിച്ചിട്ടും ഒരു പരാതി പോലും അയല്‍വാസികള്‍ ഉയര്‍ത്തിയിട്ടില് . എന്നാല്‍ വീട്ടില്‍ വാടകക്കാര്‍ വന്നത് മുതല്‍ താന്‍ അയല്‍വാസികളുടെ പരാതി കേള്‍ക്കുകയാണ്. ഒരു വിധത്തിലാണ് ആറുമാസത്തെ വാടക കരാര്‍ കാലാവധി തീര്‍ത്തെടുത്തത്. പരാതി കൂടിയപ്പോള്‍ വീട്ടില്‍ എത്തിയ ഉടമ പുറത്തെ അടുക്കള മുറ്റത്തു നിന്നും ബിയര്‍, മദ്യക്കുപ്പികള്‍ പെറുക്കി ശേഖരിച്ചത് വലിയ ബിന്നിന്റെ പാതിയോളം ആയിരുന്നു എന്നതിന് തെളിവായി അദ്ദേഹം ചിത്രം എടുത്തു സൂക്ഷിച്ചിരിക്കുകയാണ്. വീട്ടില്‍ മദ്യപാനം പാടില്ലെന്ന് പറയുന്നില്ലെങ്കിലും അയല്‍വാസികളെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ കാണിക്കാന്‍ ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നു രോക്ഷത്തോടെ വീട്ടുടമ പറയുന്നു. ഏതായാലും വീട് എസ്റ്റേറ്റ് ഏജന്‍സിക്കു കൈമാറിയതോടെ വിദേശികളായ പുതിയ താമസക്കാരെ ചൊല്ലി ഒരു പരാതിയും അയല്‍വാസികള്‍ക്കില്ല എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ ഈ വീട്ടുടമ.

പുട്ടിനു പീര പോലെ ഐ പി എല്‍ ആഘോഷം
മാസങ്ങളായി തമ്മില്‍ കാണാതെയും ആഘോഷങ്ങള്‍ ഇല്ലാതെയും ജീവിച്ചയുകെ മലയാളികള്‍ ഒന്നാം ഘട്ട കോവിഡ് വ്യാപനം കഴിഞ്ഞു അല്പം ആശ്വാസമെത്തിയപ്പോള്‍ വന്ന ഐ പി എല്‍ മത്സരങ്ങള്‍ കൂട്ടം ചേര്‍ന്ന് ആഘോഷിക്കാന്‍ എടുത്ത തീരുമാനം ഒട്ടേറെ വീടുകളെ കോവിഡ് ഉല്പാദന കേന്ദ്രമാക്കുക ആയിരുന്നു. ഇത്തരത്തില്‍ കൂട്ടം ചേര്‍ന്ന് ഐ പി എല്‍ മത്സരങ്ങള്‍ കണ്ടത് സ്റ്റോക് ഓണ്‍ ട്രെന്റ് , മാഞ്ചസ്റ്റര്‍ , ബര്‍മിങ്ഹാം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ്. നിര്‍ഭാഗ്യവശാല്‍ ഇവിടെയൊക്കെ കോവിഡ് രണ്ടാം ഘട്ടത്തില്‍ അനേകം മലയാളികള്‍ രോഗബാധിതരായി മാറിയിരിക്കുകയാണ്. ആര്‍ക്കും തന്നെ സ്ഥിതി ഗുരുതരമായി മാറുന്നില്ല എന്നതും ആശ്വാസ വാര്‍ത്തയാണ്. ഹോസ്പിറ്റലില്‍ എത്തുന്നവര്‍ക്ക് ആന്റിബയോട്ടിക് അടക്കം നല്‍കി തുടങ്ങിയതോടെ വേഗത്തില്‍ വീട്ടിലേക്കു മടങ്ങാനും കഴിയുന്നു.

രണ്ടാം ഘട്ടത്തില്‍ ഇതുവരെ അഞ്ചു മരണം, ഒരു ഡസനിലേറെ പേര്‍ ആശുപത്രിയില്‍
കഴിഞ്ഞ ദിവസം പ്രെസ്റ്റണില്‍ കോവിഡ് ബാധിച്ചു 70 കാരിയായ അന്നമ്മ മരിച്ചതടക്കം രണ്ടാഴ്ച കൊണ്ട് യുകെ മലയാളികള്‍ക്കിടയില്‍ ജീവന്‍ നഷ്ടമായത് അഞ്ചു പേര്‍ക്കാണ്. ആദ്യ കോവിഡ് വ്യാപനത്തില്‍ നാലു മാസത്തെ സമയം കൊണ്ട് 17 പേരുടെ ജീവന്‍ നഷ്ടമായിടത്താണ് രണ്ടാം വ്യാപനത്തില്‍ കൂടുതല്‍ വേഗത്തില്‍ ജീവന്‍ നഷ്ടമാകുന്നത് എന്നത് പ്രധാനമാണ്. മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നവരാണ് കോവിഡിന് കീഴടങ്ങിയത് എന്ന് ആശ്വാസത്തിന് പറയാമെന്നു മാത്രം, എന്നാല്‍ ലെസ്റ്ററില്‍ കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ച ഡോ കൃഷ്ണന്‍ സുബ്രഹ്മണ്യന് കാര്യമായ അസുഖം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല താരതമെന്യേ ചെറുപ്പവും ആയിരുന്നു. ലിവര്‍പൂള്‍ , ബിര്‍മിങ്ഹാം, സ്ട്രെച്ചഫോര്‍ഡ്, എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category