1 GBP = 98.30INR                       

BREAKING NEWS

വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്; അവിടുത്തെ വൈകാരികത നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു; എല്ലാവര്‍ക്കും മുഖം മൂടിയുണ്ടായിരുന്നു; ഏത് ആള്‍ക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവം; കോവിഡ് അനുഭവ കുറിപ്പുമായി തോമസ് ഐസക്; ധനമന്ത്രി ആശുപത്രി വിട്ടു

Britishmalayali
kz´wteJI³

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് കോവിഡ്മുക്തനായി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടില്‍ ക്വാറന്റീനിലായിരിക്കുമെന്ന് അദ്ദേഹം തന്റെ ഫെയിസ്ബുക്ക് പേജിലൂടെ അറിയിച്ചു.

തന്റെ രോഗലക്ഷണങ്ങളെക്കുറിച്ചും കോവിഡ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചും അദ്ദേഹത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം കോവിഡ് വ്യാപനത്തിനിടയില്‍ പ്രതിപക്ഷത്തിന്റെ സമരത്തേയും അദ്ദേഹം തന്റെ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

തോമസ് ഐസക്കിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടില്‍ ക്വാറന്റൈന്‍. ഇന്നുകാലത്ത് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ് ടെസ്റ്റ് ചെയ്തു പോസിറ്റീവായി കണ്ടെത്തിയത്. 10 ദിവസംകൊണ്ട് ഭേദമായി.

ആദ്യത്തെ പാഠം നമ്മള്‍ എല്ലാവരും പാലിക്കേണ്ട അതീവജാഗ്രതയെക്കുറിച്ചാണ്. വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്. അവിടുത്തെ വൈകാരികത ആള്‍ക്കൂട്ടത്തിനിടയില്‍ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവര്‍ക്കും മുഖം മൂടിയുണ്ടായിരുന്നു. സാനിറ്റൈസറും സുലഭം. പക്ഷെ, ഏത് ആള്‍ക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവം.
എന്റെ രോഗലക്ഷണം കഠിനമായ ക്ഷീണമായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ 20 ഓളം പേരുമായി വീഡിയോ കോണ്‍ഫറന്‍സു വഴി ഇന്ററാക്ഷന്‍ ഉണ്ടായിരുന്നു. സാധാരണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എത്ര മണിക്കൂര്‍ നീണ്ടാലും ക്ഷീണം തോന്നാറില്ല. പക്ഷെ, ഇപ്രാവശ്യം യോഗങ്ങള്‍ക്കിടയില്‍ കിടക്കണമെന്ന് കലശലായ തോന്നല്‍. വൈകുന്നേരമായപ്പോഴേയ്ക്കും ശ്വാസംമുട്ടലും. പിന്നെ വൈകിപ്പിച്ചില്ല. ആദ്യത്തെ ടെസ്റ്റ് എന്റേത്. പോസിറ്റീവ്. വീട്ടിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്തു. വേറെയാര്‍ക്കും പ്രശ്‌നമില്ല. ഞാന്‍ മാത്രം ആശുപത്രിയിലേയ്ക്ക്. ബാക്കിയുള്ളവര്‍ എന്റെ വീട്ടില്‍ ക്വാറന്റൈന്‍. പിന്നീട് ഡ്രൈവര്‍ക്കും ഗാര്‍ഡിനും കോവിഡ് സ്ഥിരീകരിച്ചു.

രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂര്‍ണ്ണ ചെക്ക് അപ്പ്. ചികിത്സ തേടുന്നതില്‍ കാലതാമസം ഒട്ടും ഉണ്ടായില്ല. അതു നന്നായി. വൈറല്‍ ലോഡ് കുറവ്. ഉടനെ ആവശ്യമായ സ്റ്റിറോയിഡ് ആന്റി വൈറല്‍ ഫ്‌ലൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടല്‍ മൂര്‍ച്ഛിച്ചില്ല. കുറച്ചുദിവസം ഫോണ്‍ നിര്‍ത്തിവെച്ചതൊഴിച്ചാല്‍.

എന്റെ ലക്ഷണങ്ങള്‍- കലശലായ ക്ഷീണം, വര്‍ത്തമാനം പറഞ്ഞാല്‍ ശ്വാസംമുട്ടല്‍, ഭക്ഷണത്തോടു വിരക്തി. ദേഷ്യം പെട്ടെന്നുവരുന്നു. സ്റ്റിറോയിഡുകള്‍മൂലമാകാം പ്രമേഹത്തിന്റെ കയറ്റിറക്കങ്ങള്‍. ആദ്യമായി ഇന്‍സുലിന്‍ കുത്തിവച്ചു. ദിവസവും ഒട്ടനവധി തവണ ടെസ്റ്റിങ്. ഉറക്കം താളംതെറ്റി. മൂന്നാം ദിവസം ഉറക്കമേ കമ്മിയായി. ശുണ്ഠികൂടി. ചെറിയ തോതില്‍ ഉറക്കഗുളിക. ഇപ്പോള്‍ എല്ലാം സാധാരണ നിലയായി.

ഒരു നല്ല തീരുമാനം എടുത്തത്, ഐസിയുവില്‍ പോകേണ്ട എന്നു തീരുമാനിച്ചതാണ്. അതിന്റെ ഗൗരവം ഇല്ലായെന്നു ഡോക്ടര്‍ തന്നെ സമ്മതിച്ചു. എങ്കില്‍ പിന്നെ ഗൗരവരോഗമുള്ളവരുമായുള്ള സഹവാസം ഒഴിവാക്കാമല്ലോ.

ഡോ. അരവിന്ദാണ് മേധാവി. എല്ലാ ദിവസവും റൗണ്ട്‌സ് ഉണ്ട്. അതിരുകവിഞ്ഞ സംരക്ഷണത്തിലൊന്നും വിശ്വാസമില്ല എന്നുതോന്നും. മാസ്‌കും ഷീല്‍ഡും പൊതുവിലുള്ള കിറ്റും നമ്മളെ റിലാക്‌സ് ആക്കും. കോവിഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചു വിവരം തന്നു. പുതിയ അറിവുകളില്‍ ചിലവ.
(1) കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. അത്യപൂര്‍വ്വമായേ രോഗത്തിന് ഇരയാകുന്നുള്ളൂ. മറ്റു പൊതുചികിത്സയിലെ ആരോഗ്യ പ്രവര്‍ത്തകരെയാണ് കോവിഡ് ബാധിക്കുന്നത്.
(2) ഐസിയുവിലെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പോക്ക് അപകടകരമാണ്. കേരളത്തിലെ മരണനിരക്ക് 0.4 ആണ്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകാം.
(3) കാരണം വ്യാപന നിരക്ക് ഇപ്പോള്‍ 1-2 നും ഇടയ്ക്കാണ്. ഒരു രോഗി ഒന്നിലേറെ പേര്‍ക്ക് രോഗം പകരുന്നു.
(4) ഇത് ഐസിയു ബെഡ്ഡുകളുടെമേല്‍ സമ്മര്‍ദ്ദം കൂട്ടും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളില്‍ രണ്ടുതരക്കാരാണ്. പ്രായംചെന്നവര്‍. അതോടൊപ്പം പൊണ്ണത്തടിയന്മാരായ ചെറുപ്പക്കാര്‍.

ഡോ. അരവിന്ദിന്റെ അഭിപ്രായത്തില്‍ റെസ്റ്റാണ് പ്രധാനം. രോഗിയായിരിക്കുമ്പോള്‍ വ്യായാമത്തോട് അത്ര പ്രതിപത്തിയില്ലെന്നു തോന്നി. എന്റെ കാര്യത്തില്‍ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ സാധാരണ പ്രവര്‍ത്തനത്തിലേയ്ക്ക് മാറാന്‍ പാടുള്ളൂ എന്നാണ് ഉപദേശം. പതുക്കെ പതുക്കെ നടക്കുന്ന ദൂരം വര്‍ദ്ധിപ്പിക്കുക. സൂക്ഷിക്കേണ്ട ഹോം പ്രോട്ടോക്കോള്‍ കൃത്യമായി എഴുതിത്ത്തന്നെ തന്നിട്ടുണ്ട്. ഇതിനിടയ്ക്ക് സുഖവിവരങ്ങള്‍ തിരക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മ്മദും എത്തുമായിരുന്നു.

ഇനി യാത്രപറയേണ്ട താമസമേയുള്ളൂ. ലിഫ്റ്റ് പണിമുടക്കിയിരിക്കുകയാണ്. അതുശരിയാവാന്‍ കുറച്ചു സമയം എടുക്കും. എല്ലാ സ്റ്റാഫിനും ഒരു മധുപലഹാര പൊതി നല്‍കാന്‍ തയ്യാറാക്കിയിട്ടുണ്ട്. അവരുടെയൊക്കെ പേര് പറയുന്നില്ല. മരുന്നും ഭക്ഷണവും മാത്രമല്ല, ഓരോരുത്തരും അവരുടേതായ രീതിയില്‍ കൗണ്‍സിലിംഗും തരുന്നുണ്ട്. ഉപദേശമൊന്നുമല്ല. വെറും വര്‍ത്തമാനം. അവരുടെ വീട്ടുവിശേഷങ്ങള്‍. എനിക്ക് ഏറ്റവും കൗതുകം അവരുടെ കൊച്ചുകുട്ടികള്‍ അമ്മമാരുടെ 10-13 ദിവസത്തെ വിട്ടുനില്‍ക്കല്‍ എങ്ങനെ എടുക്കുന്നു എന്നതാണ്. അവര്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ദിനംതോറുമുള്ള ഫോണ്‍ വിളികള്‍. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍. കുത്തുമ്പോള്‍ വേദനിപ്പിക്കരുത്. കയ്ക്കുന്ന മരുന്നിനോടൊപ്പം തേന്‍ കൊടുക്കണം. എന്നിത്യാദി. ചിരിക്കാന്‍ ഏറെയുണ്ടാവും.

അസുഖം ഏറെ ഭേദമായെങ്കിലും രണ്ടു പ്രശ്‌നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ചെറിയ ശ്വാസം മുട്ടലുമുണ്ട്. അതുകൊണ്ട് ഫോണ്‍ വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോണ്‍ ഒഴിവാക്കുക. എടുക്കാന്‍ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ മെസേജ് അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

ഞാന്‍ അഡ്മിറ്റ് ആയതിന്റെ രണ്ടാം ദിവസം ഹൈക്കോടതിക്കു മുന്നിലാരോ സമരം നടത്തിയിരിക്കുന്നു എന്ന വാര്‍ത്ത വായിച്ചിരുന്നു. അത് രാഷ്ട്രീയഉദ്ദേശം വെച്ച് പ്രതിപക്ഷം നടത്തുന്ന സമരത്തിന്റെ കണക്കില്‍പ്പെടുത്തുന്നില്ല. പക്ഷേ, ഇത്രയും ബുദ്ധിയുള്ള ആളുകള്‍ക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ മനസിലാകുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. രോഗം വന്ന എല്ലാവരും മരിക്കില്ല. രണ്ടു ശതമാനം പേരെ മരിക്കുന്നുള്ളൂ. കടുത്ത രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടില്‍ കഴിഞ്ഞാല്‍ മതി. ഗൗരവമായാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കും. അതിനുള്ള സൗകര്യമുണ്ട്. രോഗം വന്ന എല്ലാവരെയും ആശുപത്രിയില്‍ കിടത്തേണ്ട കാര്യമില്ല.

കോവിഡ് ബാധിച്ച എല്ലാവരും മരിക്കില്ല എന്നാണ് അവര്‍ പറയുന്നത് . ലളിതമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട് ട്രംപും മറ്റും സ്വീകരിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. അവര്‍ പറയുന്നത് കുറച്ചധികം പേര്‍ മരിച്ചുപോകും. അതനുസരിച്ച് ജീവിച്ചാല്‍ മതിയെന്നാണ്. എന്നാല്‍ ഇവിടെ ആരെയും മരണത്തിനു വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ആരോഗ്യവകുപ്പ് ചെയ്യും. ആ ജാഗ്രത കര്‍ശനമായി പാലിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞു നില്‍ക്കുന്നത്.
ഈ ലക്ഷ്യം നേടുന്നതിന് രണ്ടുകാര്യം ചെയ്യണം. പ്രായം ചെന്നവരും രോഗാതുരത കൂടിയവരും നിര്‍ബന്ധമായും വീട്ടിലിരിക്കണം. അല്ലാത്തവര്‍ക്ക് പുറത്തു പോകാം. അതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ ഒരുകാര്യം ഓര്‍മ്മിക്കുക. വീട്ടില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരുണ്ട്. അതുകൊണ്ട് പുറത്തിറങ്ങുന്നവര്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കുന്നതില്‍ ഒരുവിട്ടുവീഴ്ചയും അരുത്. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷമേ വീട്ടില്‍ കയറാവൂ.

ഇനി ഏതെങ്കിലും കാരണവശാല്‍ രോഗം പിടിപെട്ടുപോയാലോ? എല്ലാ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണവിഭാഗം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. അതുകൊണ്ട് ഓര്‍മ്മിക്കേണ്ടത്, ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ അപ്പുറത്തേയ്ക്ക് രോഗവ്യാപനം കടന്നാല്‍, സ്ഥിതി ഗുരുതരമാകും. അമേരിക്കയിലും ഇറ്റലിയിലും സ്‌പെയിനിലും ഉണ്ടായതുപോലെ കൂട്ടമരണം ഉണ്ടാകും. അത് അനുവദിക്കാനാവില്ല. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരും. അത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്യാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊന്നും പൊലീസ് രാജൊന്നുമല്ല. അത്യാവശ്യത്തിനുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ.

ഒരിക്കല്‍ക്കൂടി പറയട്ടെ, ജാഗ്രതയാണ് മുഖ്യം. മുഖ്യമന്ത്രി പറഞ്ഞതുപോലെ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category