1 GBP = 95.60 INR                       

BREAKING NEWS

ക്രോയ്ഡോണിലെ സൈമിയെ കുടുക്കാന്‍ നോക്കിയത് 25 പൗണ്ട് പെനാല്‍റ്റി നോട്ടീസില്‍; മാസങ്ങള്‍ക്കു മുന്‍പ് വന്ന ബാസില്‍ഡണിലെ മലയാളി പെണ്‍കുട്ടിക്ക് ഒറ്റയടിക്ക് നഷ്ടമായത് 900 പൗണ്ട്; കോവിഡില്‍ തകര്‍ത്താടാന്‍ തട്ടിപ്പുകാരും ഉഷാറായി രംഗത്ത്; എച്ച്.എം.ആര്‍.സിയുടെ പേരില്‍ 02072483277, 01413317902 എന്ന നമ്പറുകളില്‍ നിന്നെത്തുന്ന കോളുകളില്‍ കുടുങ്ങാതെ ശ്രദ്ധിക്കുക

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ക്രോയ്‌ഡോണ്‍ മലയാളിയായ സൈമി ജോര്‍ജ്ജിന് കഴിഞ്ഞ ദിവസം എത്തിയ ഇമെയില്‍ എത്രയും വേഗത്തില്‍ 25 പൗണ്ടിന്റെ ഫിക്‌സഡ് പെനാല്‍റ്റി ചാര്‍ജ്ജിങ് നോട്ടീസാണ്. കാരണം പറയുന്നത് ലണ്ടനിലെ ചാര്‍ജ്ജിങ് പ്രദേശത്തു കൂടി ഫീസ് നല്‍കാതെ വാഹനം ഓടിച്ചതിനുള്ള പിഴ എന്നതാണ് കത്തിലെ ഉള്ളടക്കം.

ലണ്ടന്‍ നഗരം ക്രോയ്‌ഡോണ്‍ പട്ടണത്തില്‍ നിന്നും അകലെയല്ലാത്തതിനാല്‍ ഏതാനും ദിവസത്തിനിടയിലെ യാത്രക്കിടയില്‍ അത്തരം അബദ്ധം അറിയാതെ ആണെങ്കില്‍ പോലും സംഭവിച്ചിരിക്കാം എന്ന ധാരണയില്‍ ആരും സാധാരണ ഗതിയില്‍ 25 പൗണ്ടിന്റെ പെനാല്‍റ്റി അടയ്ക്കാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ വാഹന ഉപയോഗത്തിന്റെ പേരില്‍ എച്ച്എംആര്‍സിയില്‍ നിന്നും എന്തിനു പിഴ നോട്ടീസ് വരണം എന്ന ചിന്തയാണ് സൈമിയെ രക്ഷിച്ചത്. തട്ടിപ്പുകാര്‍ പല രൂപത്തിലും പല ഭാവത്തിലും അവതാരമെടുത്ത് അഴിഞ്ഞാടുകയാണ് യുകെയില്‍ എന്ന് വ്യക്തമാക്കുകയാണ് സൈമിയ്ക്കുണ്ടായ അനുഭവം. 

എന്നാല്‍ വര്‍ഷങ്ങളായി യുകെയില്‍ ജീവിക്കുന്നത് വഴി നേടിയെടുത്ത അനുഭവ ജ്ഞാനം സൈമിയെ തട്ടിപ്പുകാരുടെ കെണിയില്‍ നിന്നും രക്ഷപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ ദിവസം തന്നെ ബാസില്‍ഡണിലെ മലയാളി പെണ്‍കുട്ടി അറിവില്ലായ്മ മൂലം കെണിയിലകപ്പെട്ടു 900 പൗണ്ട് ആണ് നഷ്ടമാക്കിയത്. യുകെയില്‍ എത്തിയിട്ട് കേവലം ഒരു വര്‍ഷം ആകുന്നത് മാത്രമേയുള്ളതിനാല്‍ തട്ടിപ്പും ചതിയും അഴിഞ്ഞാടുന്ന ഒരു യുകെയെ കുറിച്ച് ഈ പെണ്‍കുട്ടി കേട്ടിട്ടേയില്ല.

അതിനാല്‍ എച്ച്.എം.ആര്‍.സിയില്‍ നിന്നും ആണ് വിളിക്കുന്നത്, പറയുന്നത് അനുസരിക്കാന്‍ ഭാവം ഇല്ലെങ്കില്‍ പോലീസ് വരുന്നത് കാണാന്‍ തയ്യാറായിക്കോളൂ എന്ന താക്കീതില്‍ വീണുപോകുക ആയിരുന്നു എറണാകുളം ജില്ലക്കാരിയായ ഈ പെണ്‍കുട്ടി. സംസാര ഭാഷയില്‍ യൂറോപ്യന്‍ ശൈലിയാണ് മനസിലായത് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. 

യുകെയിലെ നിയമത്തെക്കുറിച്ചും നികുതി പിഴയെകുറിച്ചും ഒക്കെ വിശദമായി പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ച തട്ടിപ്പുകാര്‍ ആദ്യം നിയമ നടപടിയില്‍ നിന്നും ഒഴിവാക്കാന്‍ ആമസോണ്‍ വൗച്ചര്‍ കാര്‍ഡ് ആണ് ആവശ്യപ്പെട്ടത്. അതും സമീപമുള്ള ടെസ്‌കോയില്‍ എത്തി കാര്‍ഡ് വാങ്ങി സ്‌ക്രാച്ച് നമ്പര്‍ പറയുന്നത് വരെ ഫോണ്‍ ഡിസ്‌കണക്ട് ആകാതെ കോള്‍ തുടരാനും തട്ടിപ്പുകാര്‍ക്ക് സാധിച്ചു. ഇതോടെ പെണ്‍കുട്ടി പൂര്‍ണമായും വലയിലായിക്കഴിഞ്ഞു എന്ന് ബോധ്യമായ തട്ടിപ്പുകാര്‍ അക്കൗണ്ട് നമ്പര്‍ നല്‍കി 600 പൗണ്ട് കൂടി സ്വന്തമാക്കുക ആയിരുന്നു.

ഈ പണം കയ്യില്‍ ഇല്ലാതിരുന്നെങ്കിലും വായ്പ വാങ്ങിയാണ് തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയത്. ഇത്തരം തട്ടിപ്പുകള്‍ തങ്ങളെപോലെ ഉള്ള ചെറുപ്പക്കാരായ കുടിയേറ്റക്കാര്‍ക്ക് അറിവില്ലാത്ത കാര്യം ആയതിനാല്‍ മറ്റുള്ളവര്‍ക്കും ഒരു അനുഭവമായി മാറട്ടെ എന്ന് കരുതിയാണ് ബ്രിട്ടീഷ് മലയാളിയോട് വെളിപ്പെടുത്തുന്നത് എന്നും പെണ്‍കുട്ടിയുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. 

ഈ തട്ടിപ്പില്‍ പെണ്‍കുട്ടി ആമസോണ്‍ കാര്‍ഡിന് വേണ്ടി ചിലവാക്കിയ 300 പൗണ്ടും നഷ്ടമായി എന്നുറപ്പായി. കാരണം അത് വ്യക്തിഗത ആവശ്യത്തിനായി ചെലവാക്കിയത് ആയിട്ടേ ബാങ്കിന് കരുതാന്‍ കഴിയൂ. എന്നാല്‍ രണ്ടാമത് അക്കൗണ്ടിലേക്കു നല്‍കിയ 600 പൗണ്ടിന്റെ കാര്യത്തില്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയും എന്ന നിലപാടാണ് ബാങ്ക് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ പെരുകിയ സമയത്ത് ഇത്തരം ട്രാന്‍സാക്ഷനുകള്‍ക്കു ബാങ്ക് ഉത്തരവാദി ആയിരിക്കില്ല എന്ന നിര്‍ദേശം രണ്ടു വര്‍ഷം മുന്‍പ് എല്ലാ ബാങ്കുകളും പുറപ്പെടുവിച്ചിരുന്നതാണ്. ഒരുപക്ഷെ പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയില്‍ കനിവ് തോന്നിയാകാം ബാങ്ക് അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട പണത്തെക്കുറിച്ചു അന്വേഷണം നടത്തി തിരിച്ചു നല്‍കാന്‍ ശ്രമിക്കാം എന്നു ബാങ്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. 

യുകെയില്‍ എച്ച്.എം.ആര്‍.സിയുടെയും ബാങ്കിന്റെയും കൗണ്‍സിലിന്റെയും മാത്രമല്ല ജലവിതരണ കമ്പിനിയില്‍ നിന്നും ഗ്യാസ്, ഇലക്ട്രിസിറ്റി കമ്പനിയില്‍ നിന്നും ആണെന്നൊക്കെ പറഞ്ഞ് ഇമെയിലും ഫോണ്‍ കോള്‍ വഴിയും തട്ടിപ്പുകാര്‍ മുന്നില്‍ എത്തുന്നത് മലയാളികള്‍ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അടുത്തിടെയായി ഒട്ടേറെ ചെറുപ്പക്കാരായ മലയാളികള്‍ എത്തികൊണ്ടിരിക്കുന്നതിനാല്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ ഏറ്റവും നിസാരമായി തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് ബസില്‍ഡണിലെ യുവതിയുടെ അനുഭവം തെളിയിക്കുന്നത്.

എച്ച്.എം.ആര്‍.സിയുടെ പേരില്‍ 02072483277, 01413317902 എന്നീ നമ്പറുകളില്‍ നിന്നുമാണ് കോളുകള്‍ എത്തിയത്. തട്ടിപ്പുകാര്‍ ഈ നമ്പറുകള്‍ മാറ്റി വിളിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ, കരുതലെടുക്കേണ്ടതുമാണ്. കോവിഡ് മൂലം പതിനായിരങ്ങളുടെ തൊഴില്‍ നഷ്ടം ഉണ്ടായതോടെ തട്ടിപ്പുകാരുടെ ശ്രേണി കൂടുതല്‍ വിപുലമാക്കാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമായ സമയം കൂടിയാണ് ഓരോ യുകെ മലയാളിക്കും നേരിടാന്‍ ഉള്ളത് എന്ന് ഈ രണ്ടു സംഭവങ്ങളും തെളിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category