1 GBP = 98.20INR                       

BREAKING NEWS

ആരോടും പറയാതെ സോണി യാത്രയായപ്പോള്‍ തനിച്ചായതു ടിന്റുവും രണ്ടു കുരുന്നുകളും; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു കണ്ടത് മരിച്ചു കിടക്കുന്ന പിതാവിനരികെ ഒന്നുമറിയാതെ നില്‍ക്കുന്ന മക്കളെ; ടിന്റുവിനോട് സംസാരിക്കാന്‍ പോലുമാകാത്ത സാഹചര്യം; ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ക്ക് മുന്നില്‍ പ്രതിസന്ധിയുടെ കൂരിരുട്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാല് ദിവസത്തിനിടയില്‍ രണ്ടു ചെറുപ്പക്കാരുടെ മരണത്തിനു സാക്ഷികളാകേണ്ടി വന്ന നടുക്കമാണ് ഇന്നലെ യുകെ മലയാളികള്‍ നേരിട്ടത്. കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത വച്ച 29കാരനായ പ്രിന്‍സ് യോഹന്നാന്‍ നാലുനാള്‍ മുന്നേ ലെസ്റ്ററില്‍ അസുഖബാധിതനായി മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്നെയാണ് ഇന്നലെ രാവിലെ മറ്റൊരു ചെറുപ്പക്കാരന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ തേടിയെത്തിയത്.

നോട്ടിന്‍ഹാമിന് അടുത്ത ചെസ്റ്റര്‍ ഫീല്‍ഡ് എന്ന ചെറു പട്ടണത്തില്‍ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്ന കോട്ടയം കങ്ങ സ്വദേശി സോണി ചാക്കോയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാളോടും യാത്ര പറയാതെയുള്ള ഈ മരണം ഇനിയും ഭാര്യയായ ടിന്റുവിന് ഉള്‍ക്കൊള്ളായിട്ടില്ല. കാരണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ്. 

ഒരാള്‍ക്കും ജീവിതത്തില്‍ ഉണ്ടാകരുത് എന്ന് ആരും ആഗ്രഹിക്കുന്ന കാഴ്ചയില്‍ നിന്നും ടിന്റു ഇനിയും മോചിതയായിട്ടില്ല. എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇക്കാരണത്താല്‍ തുടര്‍നടപടികള്‍ എന്തായിരിക്കണം എന്ന കാര്യത്തില്‍ ടിന്റുവിനോട് അഭിപ്രായം ചോദിയ്ക്കാന്‍ പോലും അധൈര്യപ്പെടുകയാണ് പ്രദേശവാസികളായ മലയാളികള്‍.

സംഭവം അറിഞ്ഞ സമയം മുതല്‍ സുഹൃത്തുക്കളും മറ്റും കരുതലും സ്‌നേഹവുമായി ടിന്റുവിനും മക്കള്‍ക്കും ഒപ്പമുണ്ട്. ഇന്ന് രാവിലെ ടിന്റുവിനെ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഒരു പരിധി വരെയെങ്കിലും ആശ്വസിപ്പിച്ച ശേഷം സംസ്‌കാര കര്‍മ്മങ്ങളുടെയും മറ്റും കാര്യത്തില്‍ തീരുമാനം എടുക്കാം എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. 

യുകെയില്‍ എത്തിയിട്ട് ഏതാനും വര്‍ഷം പിന്നിട്ടെങ്കിലും ജീവിതത്തില്‍ ചുവടുറപ്പിക്കാന്‍ സോണിക്ക് സാധിച്ചിരുന്നില്ല. ഭാര്യയും ഭര്‍ത്താവും കെയറര്‍മാരായി ജോലി ചെയ്യുന്ന കുടുംബത്തിന്റെ കുറഞ്ഞ വരുമാനം തന്നെയാണ് അതിനു തടസമായി നിന്നതും. പ്രമേഹം അടക്കമുള്ള പ്രയാസങ്ങള്‍ അലട്ടിയതും സോണിയെ വിഷമിപ്പിച്ചിരുന്നതായി സൂചനയുണ്ട്. മരുന്നുകള്‍ മുടക്കം കൂടാതെ കഴിക്കണം എന്ന ഡോക്ടറുടെ ഉപദേശം സോണിക്ക് ലഭിച്ചിരുന്നു. ഇതോടെ ഉറക്കത്തില്‍ സംഭവിച്ച ഹൃദ്രോഗമാകാം മരണ കാരണം എന്ന അനുമാനമാണ് പങ്കുവയ്ക്കപ്പെടുന്നത്. അതേസമയം ആകസ്മിക മരണം എന്ന നിലയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാത്രമേ യഥാര്‍ത്ഥ മരണ കാരണം പുറത്തു വരൂ. 

സോണിയുടെ അമ്മ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നുവെന്ന വിവരമാണ് പ്രാദേശികമായി ലഭിക്കുന്നത്. മുപ്പതോളം കുടുംബങ്ങള്‍ മാത്രമുള്ള ചെസ്റ്റര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ടിന്റുവിനെ സഹായിക്കാന്‍ തയ്യാറെടുക്കുന്നത്. മുന്‍പ് ഇത്തരം ഒരു പ്രതിസന്ധി കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ലാത്തതിനാല്‍ യുവതിയായ അമ്മയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന ആശങ്കയും മലയാളി സമൂഹം പങ്കുവയ്ക്കുന്നു. മുന്‍പ് മാഞ്ചസ്റ്റര്‍ അടുത്ത് വിഗണില്‍ താമസിച്ചിരുന്ന സോണിയും കുടുംബവും അടുത്ത കാലത്താണ് ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കാന്‍ എത്തുന്നത്. സോണിയും ടിന്റുവും ഒരേ കെയര്‍ ഹോമിലാണ് ജോലി ചെയ്തിരുന്നതും. 

സീനിയര്‍ കെയററുടെ വിസയിലാണ് ടിന്റു യുകെയില്‍ എത്തിയതെന്ന് സൂചനയുണ്ട്. ഇത്തരത്തില്‍ യുകെയില്‍ എത്തിയ, നഴ്സിങ് പശ്ചാത്തലം ഉള്ളവര്‍ക്ക് യുകെയില്‍ നഴ്സായി ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് അടുത്ത കാലത്തായി ഓണ്‍ലൈന്‍ പരാതി സര്‍ക്കാരിനെ തേടി എത്തിയിരുന്നെങ്കിലും ആവശ്യമായ ഒപ്പു ശേഖരണം ഈ പരാതിക്കു ലഭ്യമായില്ല എന്നാണ് ലഭ്യമായ വിവരം. ടിന്റുവിനെ പോലെ നഴ്സിങ് പശ്ചാത്തലം ഉണ്ടായിട്ടും കെയറര്‍ ആയി ജോലി ചെയ്യേണ്ടി വരുന്ന നൂറു കണക്കിന് മലയാളി യുവതികള്‍ യുകെയില്‍ ഉണ്ട്. ഇത്തരക്കാരില്‍ കുറേപ്പേര്‍ നഴ്‌സിങ് അപ്രെന്റിഷിപ് കോഴ്സില്‍ ചേര്‍ന്ന് നഴ്‌സുമാരായി മാറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category