1 GBP = 98.30INR                       

BREAKING NEWS

കൗമാരത്തില്‍ കൈവിട്ടു പോയ മകളെക്കുറിച്ചോര്‍ത്തു തേങ്ങിക്കരഞ്ഞു മാതാപിതാക്കള്‍; കുഞ്ഞനുജത്തി കൂടു വിട്ടുപോയ സങ്കടത്തില്‍ കരഞ്ഞു തളര്‍ന്നു ചേച്ചിയും; ബോള്‍ട്ടന്‍ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ എവ്‌ലിനു അന്ത്യമൊഴി ചൊല്ലാന്‍ കൂട്ടുകാരും; അവള്‍ ഇനി മാലാഖമാര്‍ക്കൊപ്പമെന്നു ഓര്‍മ്മക്കുറിപ്പുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൗമാരപ്രായത്തില്‍ തങ്ങളുടെ കൈവിട്ടു പറന്നു പോയൊരു മാടപ്രാവ്, ബോള്‍ട്ടണിലെ എവ്‌ലിന്‍ എന്നാല്‍ മാതാപിതാക്കള്‍ക്ക് അങ്ങെനെ ആയിരുന്നു. എപ്പോഴും കരുതലും സ്‌നേഹത്തലോടലുമായി കൂടെ നിന്നിട്ടും ചേര്‍ത്തു നിര്‍ത്താനാകാതെ പോയ കുഞ്ഞനുജത്തിയെ കുറിച്ചുള്ള സങ്കടത്തില്‍ വിമ്മിപ്പൊട്ടി ചേച്ചിക്കുട്ടി ആഷ്ലിന്‍ ഓര്‍മ്മക്കുറിപ്പ് വായിച്ചു തീര്‍ക്കുമ്പോഴും തിരിച്ചറിവിന്റെ വഴികളില്‍ എത്തപ്പെടും മുന്നേ ജീവിതം അവസാനിച്ച പെണ്‍കുട്ടിയുടെ മനോഹര ചിത്രമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ മനസ്സില്‍ നിറഞ്ഞതു.

അതുകൊണ്ടായിരിക്കാം, ചടങ്ങില്‍ പങ്കെടുത്ത സമപ്രായക്കാരും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്രകാരം കുറിച്ചിട്ടത് ''പ്രിയ എവ്‌ലിന്‍, നന്നായി ശാന്തയായി ഉറങ്ങുക, പുഞ്ചിരിയോടെ മനോഹാരിയായി ഉയരെ ഉയരെ പറക്കുക'' സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന മഞ്ഞ പുഷ്പ്പങ്ങള്‍ ചുറ്റിനും അലങ്കരിച്ച ശവപേടകത്തിലാണ് കൂടുതല്‍ സുന്ദരിയായി എവ്‌ലിന്‍ അന്ത്യയാത്രക്ക് ഒരുങ്ങി എത്തിയത്. 

സമപ്രായക്കാരായ കുട്ടികള്‍ ഉള്ള മുഴുവന്‍ യുകെ മലയാളികളുടെയും ഇടനെഞ്ചിലെ വിങ്ങലാണിപ്പോള്‍ എവ്ലിന്‍ എന്ന പെണ്‍കുട്ടി. രണ്ടാഴ്ച മുന്‍പ് മരിച്ച നിലയില്‍ കാണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഇന്നലെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു വീട്ടിലും പള്ളിയിലും അന്ത്യയാത്ര മൊഴി ചൊല്ലാന്‍ അവളോടൊപ്പം ജീവിതത്തില്‍ ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി എത്തിയപ്പോഴും അവരെല്ലാം ഇനിയവള്‍ ഇല്ലെന്ന സത്യത്തിനു മുന്നില്‍ ശിരസ് നമിച്ചു പ്രണാമം അര്‍പ്പിക്കുക ആയിരുന്നു, മുഴുവന്‍ സ്‌നേഹവും ആദരവും നല്‍കിക്കൊണ്ടു തന്നെ.

രണ്ടു പെണ്‍കുട്ടികള്‍ ഒന്നിച്ചു കളിച്ചു ചിരിച്ചു വളരുന്നത് കണ്ടുനിന്ന മാതാപിതാക്കളുടെ മുഴുവന്‍ സന്തോഷവും തല്ലിക്കെടുത്തി അതിലൊരാള്‍ ഓര്‍മ്മത്താളില്‍ ഇടംപിടിച്ച സങ്കടമാണ് അയല്‍വാസികളും മറ്റും ഇന്നലെ പള്ളി ഹാളിലും തുടര്‍ന്ന് സംസ്‌കാര വേളയിലും പ്രകടിപ്പിച്ചത്. ജീവിതം ആകസ്മികമായി സമ്മാനിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ഒരു മുറിപ്പാടായി മാറുമ്പോള്‍ അത് മായ്ക്കുവാന്‍ കാലത്തിനു പോലും ചിലപ്പോള്‍ പ്രയാസം നേരിടുമെന്ന സത്യമാണ് ചരമ ശുശ്രൂഷയില്‍ നിറഞ്ഞതും.

അടുത്ത മാസം പതിനേഴാം പിറന്നാള്‍ ആഘോഷിക്കേണ്ടിയിരുന്ന എവ്ലിന്‍ ഇതുവരെ കടന്നു പോയ മുഴുവന്‍ സന്തോഷ നിമിഷങ്ങളും നിറമുള്ള ഓര്‍മ്മകളായി പ്രിയപ്പെട്ടവരുടെ മനസ്സില്‍ എത്തിക്കൊണ്ടിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ ആരംഭിക്കും മുന്നേ മാതാപിതാക്കള്‍ക്കും ഏക സഹോദരിക്കും കണ്‍നിറയെ എവ്ലിനെ കാണുവാനും അവര്‍ക്കു നാലാള്‍ക്കും മാത്രം മൗനത്തിലൂടെ പോലും മനസിലാകുന്ന സ്‌നേഹഭാഷയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും അവസരം ഒരുക്കിയിരുന്നു.

പതിനഞ്ചു മിനിറ്റോളം നീണ്ട ചടങ്ങുകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇടവക വികാരി ഫാ. ഫാന്‍സുവയും സിറോ മലബാര്‍ റീജിയണല്‍ കോ ഓഡിനേറ്റര്‍ ഫാ. അഞ്ചാനിക്കലും ചേര്‍ന്നാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ കണ്ണീരും സങ്കടവും എല്ലാം കൂടിനിന്നവരില്‍ എല്ലാം സമ്മിശ്രമായി കൂടിച്ചേരുകയായിരുന്നു. 

ചടങ്ങുകള്‍ ഒരു ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരുടെ അനുസ്മരണം ഏറെ വികാരഭരിതമായ മുഹൂര്‍ത്തങ്ങളാണ് ചടങ്ങില്‍ സൃഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് അമ്മയെ തുടക്കം മുതല്‍ ചേര്‍ത്ത് പിടിച്ചിരുന്ന ആഷ്ലിന്‍ കുടുംബത്തിന് വേണ്ടി പ്രിയ അനുജത്തിക്ക് മുന്നില്‍ സംസാരിക്കാന്‍ എത്തുക ആയിരുന്നു.
അതുവരെ ദുഃഖം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ആഷ്ലിനു പലപ്പോഴും തന്റെ ചരമോപചാര പ്രസംഗത്തില്‍ വാക്കുകള്‍ മുറിഞ്ഞു പോയി. മനസ്സില്‍ വിഷാദ സാഗരം തിരയടികള്‍ സൃഷ്ടിക്കുന്നത് ആഷ്ലിന്റെ ഓരോ വാക്കിലും വ്യക്തമായിരുന്നു. വളരെ പ്രയാസപ്പെട്ടു തനറെ വാക്കുകള്‍ പൂര്‍ത്തിയാക്കിയ ആഷ്ലിന്‍ അമ്മയുടെ നെഞ്ചില്‍ തലചേര്‍ത്തു പൊട്ടിക്കരഞ്ഞാണ് സ്വയം ആശ്വാസം കണ്ടെത്തിയത്.

ഇത്തരം കാഴ്ചകള്‍ ഏതൊരാളുടെയും ഹൃദയം പൊടിഞ്ഞു നുറുങ്ങാന്‍ ആവും വിധം കരുത്തുള്ളതാണെന്നും ഇന്നലെ ബോള്‍ട്ടണ്‍ പള്ളിയില്‍ എത്തിയവരും സംസ്‌കാര ചടങ്ങുകള്‍ വിഡിയോ വഴി കണ്ടവരും തിരിച്ചറിഞ്ഞിരിക്കണം. ഈ സമയമത്രയും അള്‍ത്താരക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രൊജക്ടര്‍ സ്‌ക്രീനില്‍ കുഞ്ഞുനാള്‍ മുതല്‍ സൂക്ഷിച്ചിരുന്ന എവ്ലിന്റെ കളിചിരികള്‍ നിറഞ്ഞ നിഷ്‌കളങ്ക ബാല്യത്തിന്റെ ഓര്‍മ്മ ചിത്രങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എവ്ലിനെ പോലെ തന്നെ ഏറ്റവും ലളിതമായ രീതിയില്‍ തന്നെയാണ് അവള്‍ക്കായുള്ള യാത്രയയപ്പും തയ്യാര്‍ ചെയ്തിരുന്നത്. 

എന്തുപറഞ്ഞാലും പൊട്ടിച്ചിരിക്കുന്ന, വേഗം കൂട്ടുകൂടുന്ന, മനസ്സില്‍ കള്ളത്തരം സൂക്ഷിക്കാത്ത കൂട്ടുകാരിയായി തങ്ങള്‍ക്കറിയാവുന്ന എവ്ലിനു കൂട്ടുകാര്‍ നല്‍കിയ സ്‌നേഹാഭിവാദ്യങ്ങള്‍ കാഴ്ചയുടെ നൊമ്പര പൊട്ടായി മാറുക ആയിരുന്നു.
ജീവിതം ഇനിയും ഏറെ ബാക്കിയാണ് എന്നവള്‍ ഒരുവേള ഓര്‍ത്തിരിക്കില്ല എന്നാണ് സഹപാഠിയായ ഒരു പെണ്‍കുട്ടി ഓര്‍മ്മക്കുറിപ്പ് എഴുതിയത്. ഉള്ളിലെ സങ്കടം എല്ലാം ഒതുക്കി വച്ചിരുന്ന ഒരു പാവം പെണ്‍കുട്ടി ആയിരുന്നു ആഷ്ലിന്‍ എന്ന് പറഞ്ഞാണ് മറ്റൊരു സഹപാഠി അന്ത്യാഭിവാദ്യം നല്‍കിയത്.

പഠിച്ചിരുന്ന സമയത്തു പ്രത്യേക സഹായം കൂടാതെ തന്നെ ബുദ്ധിസാമര്‍ഥ്യം കാണിച്ച കുട്ടി എന്ന നിലയിലാണ് തങ്ങള്‍ക്കു ഓര്‍മ്മിക്കാന്‍ കഴിയുന്നത് എന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ ഓര്‍മ്മക്കുറിപ്പില്‍ വ്യക്തമാക്കി. ഒരുപക്ഷെ അവളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ ലോകത്തിനു സാധിക്കാതെ പോയിരിക്കാം എന്നും ഒരധ്യാപകന്‍ ഓര്‍മ്മിക്കുന്നു. 

ഏകദേശം മൂന്നു മണിക്കൂര്‍ സമയമെടുത്ത് സംസ്‌കാര ശുശ്രൂഷകള്‍ ബോള്‍ട്ടണ്‍ സെമിത്തേരിയില്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിടവാങ്ങലിന്റെ ദുഃഖം മുഴുവന്‍ ഏറ്റെടുത്തു വിങ്ങിപ്പൊട്ടാന്‍ തയ്യാറെടുക്കുക ആയിരുന്നു ആകാശത്തില്‍ ഒത്തുകൂടിയ മഴക്കാറുകളും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category