1 GBP = 102.50 INR                       

BREAKING NEWS

മൂടുപടങ്ങള്‍ക്കപ്പുറം

Britishmalayali
റോയ് സ്റ്റീഫന്‍

'അമ്മേ ദേ അവന്‍ പിന്നേം വന്നു' എന്നുള്ള നിലവിളി കേട്ടാണ് ഡെയ്സി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഓടി മുറിയിലെത്തിയപ്പോള്‍ ജനാലയിലേയ്ക്ക് കൈചൂണ്ടി നില്‍ക്കുന്ന ജോക്കുട്ടനെ ആണ് കാണുന്നത്. ജനാലയിലെ വിരിപ്പുകള്‍ നീക്കിയിരുന്നു, പുറത്തെ അരണ്ട വെളിച്ചത്തില്‍ ഒന്നും തെളിച്ചു കാണുവാന്‍ സാധിക്കുന്നില്ലെങ്കിലും ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി വിറച്ചു നില്‍ക്കുന്ന പൊന്നുമോന്‍. മുറിയിലെ വെളിച്ചമിട്ടുകൊണ്ട് ശ്വാസമുതിര്‍ക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു തോളിലിട്ടു ആശ്വസിപ്പിക്കുമ്പോഴും നനഞ്ഞ പൈജാമയിലൂടെ മൂത്രമിറ്റു വീണ്ടുകൊണ്ടിരുന്നു. വാടിയ തണ്ടുപോലെ തളര്‍ന്നു തോളത്തു കിടന്ന കുഞ്ഞിനെ സമാശ്വസിപ്പിക്കുന്നതിനോടൊപ്പം നനഞ്ഞു കുതിര്‍ന്ന പൈജാമ ഊരി മാറ്റി. തോളത്തില്‍ തന്നെ കിടത്തിക്കൊണ്ടു ഒരു നനഞ്ഞ തൂവാലകൊണ്ട് കുഞ്ഞിനെ വീണ്ടും തുടച്ചു വൃത്തിയാക്കി മറ്റൊരു വെടിപ്പുള്ള പൈജാമയും ധരിപ്പിച്ചു തന്റെ കിടപ്പുമുറിയിലേയ്ക്ക് നടന്നു. ഈ മാസം ഇത് മൂന്നാം പ്രാവശ്യമാണ് കുട്ടി പേടിച്ചു ഞെട്ടിയുണരുന്നത്, എല്ലാപ്രാവശ്യവും അദൃശ്യമായെത്തുന്ന ആരേയോക്കൊയോ അവന്‍ കാണുന്നു. കൂടുതലും രാത്രികളിലാണെങ്കിലും ഒരിക്കല്‍ ഉച്ചമയക്കത്തിലും സംഭവിച്ചതിനാല്‍ ഉച്ചയുറക്കം തന്നെ ഉപേക്ഷിച്ച കുട്ടിയാണ്.  ഒന്നര രണ്ടു വയസില്‍ തന്നെ ഉറക്കത്തിലുള്ള മൂത്രമൊഴിപ്പ് നിര്‍ത്തിയിരുന്നു പക്ഷെ ഇപ്പോള്‍ പേടിസ്വപ്നങ്ങളിലൂടെ വീണ്ടും കിടക്ക നനക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ജോക്കുട്ടനെ സാവധാനം ഡെയ്സിയുടെ കിടക്കയില്‍ കിടത്തി അവനെ കെട്ടിപ്പിടിച്ചു ചേര്‍ന്നു കിടന്നിട്ട് നെഞ്ചത്തു തലോടിക്കൊണ്ടിരുന്നു. ധാരാളം സൗകര്യങ്ങളുള്ള പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയതിന്റെ അടുത്ത മാസത്തില്‍ തന്നെ തുടങ്ങിയതാണീ പേടിസ്വപ്നങ്ങള്‍.  ഓടിക്കളിക്കുവാനുള്ള സൗകര്യങ്ങള്‍ക്കുപരി സ്വന്തമായ മുറി വേണമെന്ന് വാശി പിടിച്ചതും ജോക്കുട്ടന്‍ തന്നെയായിരുന്നു, പിന്നെയിപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാക്കുവാന്‍ സാധിക്കുന്നില്ല.


സ്‌കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കള്‍ക്ക് ഏക മകളാണ് ഡെയ്സി മാത്യൂസ്, പഠനത്തേക്കാളുപരി കായിക വിനോദങ്ങളെ സ്‌നേഹിച്ചിരുന്നതിനാല്‍ പത്താം ക്ളാസില്‍ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരുവാന്‍ സാധിച്ചില്ലെങ്കിലും തല്‍ക്കാലം ഉപരിപഠനത്തിന് ചേരുവാന്‍ സാധിച്ചു. സഹപാഠികളെല്ലാം തന്നെ കോളേജ് വിദ്യാഭ്യാസത്തില്‍ വൈദ്യശാസ്ത്ര മേഖലകളിലേയ്ക്ക് ലക്ഷ്യം വച്ചുള്ള പഠനങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ ഡെയ്സി ചരിത്രം പഠിക്കുവാന്‍ താല്പര്യപെട്ടു. ലോകത്തിന്റെ ഭൂതകാലങ്ങളിലെ സംഭവ വികാസങ്ങളോട് അമിത ആകര്‍ഷണീയത ഉണ്ടായിരുന്നില്ലെങ്കിലും മെച്ചപ്പെട്ട വിജയശതമാനം പ്രതീക്ഷിച്ചിരുന്നു. ഒരു പരിധിവരെ മാതാപിതാക്കളെ തല്‍ക്കാലത്തേക്കെങ്കിലും തൃപ്തിപ്പെടുത്തുക എന്നൊരു ലക്ഷ്യവുമുണ്ടായിരുന്നു. കോളേജ് ജീവിതത്തിലും വോളിബോള്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപെട്ടപ്പോള്‍ പഠനങ്ങളേക്കാളുപരി നാള്‍തോറുമുള്ള പരിശീലനങ്ങളിലേയ്ക്കും വാരാന്ധ്യങ്ങളിലും മാസങ്ങളിലുമുള്ള  മത്സരങ്ങളിലേയ്ക്കുമായി സമയം കൂടുതല്‍ ചിലവഴിച്ചു. സപ്പ്‌ളി എഴുതിക്കൊണ്ട് പ്രീ-ഡിഗ്രി കടന്നുകൂടിയതിനാല്‍ കായിക വിഭാഗത്തില്‍ ബിരുദത്തിന് ചേരുവാന്‍ സാധിച്ചു. അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ നേടിയതിനാല്‍ സമയോചിതമായി ബിരുദധാരിണിയാകുവാന്‍ സാധിച്ചു. വീണ്ടും വൈദ്യശാസ്ത്ര മേഖലകളെ അവഗണിച്ചുകൊണ്ട് കമ്പ്യൂട്ടിങ് ശാസ്ത്രം പഠിച്ചതിനാല്‍ ഇംഗ്ലണ്ടില്‍ നഴ്സായി ജോലി ചെയ്തിരുന്ന ടോമിച്ചനെ വിവാഹം കഴിക്കുവാന്‍ സാധ്യമായി. പഠനത്തില്‍ ശരാശരിയായിരുന്നതിനാലും  വിദേശത്തു ജീവിക്കുവാനുള്ള ആഗ്രഹത്താലും  മാത്രമാണ്  ടോമിച്ചന്‍  നഴ്‌സിംഗ് ജോലി ചെയ്യുവാന്‍ തയ്യാറായത് പക്ഷെ ജീവിത സഖി തന്നെപ്പോലെ താന്നെ വൈദ്യശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവളാകരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.

കഴിഞ്ഞ 12 വര്‍ഷത്തിനിടയിലുള്ള ഇംഗ്ലണ്ട് ജീവിതത്തില്‍ ഇത് മൂന്നാമത്തെ വീടാണ്, വിവാഹം കഴിഞ്ഞെത്തിയ നാളുകളില്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം ഫ്‌ലാറ്റിലും പിന്നീട് അലീനമോള്‍ ജനിച്ച ഉടനെ തന്നെ സ്വന്തമായി ചെറിയോരു വീട്ടില്‍ നിന്നും അതിലേറെ വലുപ്പമുള്ള വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ടിപ്പോള്‍ ആറു മാസത്തോളമായി. രണ്ടാം ക്ളാസില്‍ പഠിക്കുന്ന ജോക്കുട്ടന്റെ നിര്‍ബന്ധത്തിലാണ് നാലു കിടപ്പു മുറികളുള്ള വലിയ വീട് വാങ്ങിയത്. പഴയ വീട്ടിലെ ചെറിയ കിടപ്പുമുറി അവനൊട്ടും താല്പര്യമില്ലായിരുന്നു പ്രത്യേകിച്ചും അലീനമോള്‍ കൈയേറിയ വലിയ മുറിയില്‍ അവനെ ഒട്ടും കയറ്റുകേലന്ന രീതിയില്‍ വാശി പിടിച്ചിരുന്നതിനാല്‍. അതിലേറെ കൂട്ടായ്മ പ്രാര്‍ത്ഥനയ്ക്കെത്തുന്ന അവന്റെ കൂട്ടുകാര്‍ക്കെല്ലാം ഒരുമിച്ചു കളിക്കുവാനുള്ള സൗകര്യക്കുറവും. പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റി മൂന്നാമത്തെ ആഴ്ചയില്‍ തന്നെ തുടങ്ങിയതാണീ പേടിസ്വപ്നങ്ങള്‍. ആഘോഷമായി തന്നെ കൂട്ടുകാരെല്ലാവരെയും വിളിച്ച് പാലു കാച്ചലും വെഞ്ചരിപ്പും നടത്തിയെങ്കിലും ഇപ്പോള്‍ തികച്ചും സമാധാനക്കേടായി മാറിയിരിക്കുകയാണ്. ജോക്കുട്ടന്റെ മുത്തശ്ശനെപ്പോലെ തന്നെ നല്ല വെളുത്തു തുടുത്ത് നന്നേ തടിച്ചിരുന്ന ചെറുക്കനിപ്പോള്‍ വല്ലാതെ മെലിയുവാന്‍ തുടങ്ങി. ആഹാരം കഴിക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്, അവനിഷ്ടമുള്ളതെല്ലാം എല്ലായ്‌പ്പോഴും വീട്ടിലുള്ളപ്പോഴും സ്വസ്ഥമായി കഴിക്കുവാനൊരു ഭയം അതോടൊപ്പം ശരീരത്തില്‍ പിടിക്കുന്നുമില്ല. ആദ്യകാലങ്ങളില്‍ വീടു മാറിയതിനാലാണെന്നും ചിലപ്പോള്‍ വളരുന്ന പ്രായമായതിനാലാണെന്നുള്ള കാരണങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും ഉള്ളിന്റെയുള്ളില്‍ ഭയം നിറഞ്ഞിരുന്നു. ഡെയ്സിക്ക് ജോലി പകല്‍ സമയങ്ങളിലായതിനാല്‍   രാത്രികാലങ്ങളില്‍ മാത്രം ജോലി ചെയ്യുന്ന ടോമിച്ചന്‍ നേരിട്ട് കാണാത്തതുകൊണ്ട് ഇപ്പോഴും അംഗീകരിക്കുവാന്‍ തയ്യാറാവുന്നുമില്ല.

അത്ഭുതങ്ങളിലും അടയാളങ്ങളിലും വലിയ വിശ്വാസമില്ലെങ്കിലും തികഞ്ഞ ദൈവവിശ്വാസിയും സാമൂഹിക നന്മ പ്രഘോഷിക്കുകയും ചെയ്യുന്ന സോബി കടുവാത്തറയിലച്ചനാണ് വീട് വെഞ്ചരിക്കുവാനെത്തിയിരുന്നത് അതുകൊണ്ടുതന്നെ ജോക്കുട്ടന്റെ പേടിസ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കുവച്ചപ്പോള്‍ സന്ധ്യാപ്രാര്‍ത്ഥന മുടങ്ങാതെ ചൊല്ലുവാനും ആശീര്‍വദിച്ച ജപമാലയണിയ്ക്കുവാനും ഉപദേശിച്ചു. ആല്മീയതയും ഈശ്വര വിശ്വാസവും നഷ്ടപെട്ട സായ്പ്പിന്റെ നാട്ടില്‍ നാളേറെ ജീവിച്ചപ്പോള്‍ ടോമിച്ചന് പലപ്രാവശ്യമാവര്‍ത്തിച്ചുള്ള  സന്ധ്യാപ്രാര്‍ത്ഥനയോട് മടുപ്പായിരുന്നു. എങ്കിലും നാട്ടില്‍ നിന്നും അപ്പച്ചനും അമ്മയും കൂടി പലയാവര്‍ത്തി നിര്‍ബന്ധിച്ചപ്പോള്‍  പുനരാംരംഭിക്കുവാന്‍ തയ്യാറായി. പരാമാര്‍ത്ഥതകളുടെ ഉള്ളടക്കം തേടുവാന്‍ തുനിയാതെ സുഹൃത്തുക്കളായ സായ്പ്പിന്മാരുടെ വാദഗതികള്‍ അപ്പാടെ വിഴുങ്ങുവാന്‍ മാത്രമാണ്  ചില അവസരങ്ങളില്‍ ടോമിച്ചന്‍ ശ്രമിച്ചിരുന്നത്. ലോകമൊരുപാട് വളര്‍ന്നപ്പോഴും ദക്ഷിണേഷ്യയിലെവിടെയോ ഉള്ള ഒരു കൊച്ചു ദേശത്ത് തീവ്രതയേറിയ ക്രിസ്തീയ വിശ്വാസം നിലനില്‍ക്കുന്ന വസ്തുത ടോമിച്ചനിലൂടെ അറിഞ്ഞ് ആശ്ചര്യപ്പെട്ട സായ്പ്പിന്റെ വാക്കുകള്‍ക്കാണ് വിശ്വസനീയ തയും. പേരിന് ക്രിസ്ത്യാനിയും മാതാപിതാക്കളുടെ മാത്രം വിശ്വാസമേറുകയും ചെയ്യുന്നതിനാല്‍ സായിപ്പന്മാരോട് തര്‍ക്കിക്കുവാന്‍ നില്‍ക്കത്തില്ല. അറിവിനേക്കാള്‍ അറിവില്ലായ്മ അധികമായതിനാല്‍ അവരുടെ പല  ന്യായീകരണങ്ങളിലും കഴമ്പുണ്ടെന്ന് കണ്ണടച്ചു വിശ്വസിക്കുക തന്നെ ചെയ്യും. ശ്രവണ ശക്തിയുള്ള ദൈവമാണെങ്കില്‍ ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനകളുടെ ആവശ്യകതയെന്തെന്ന്  ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി പോലും. ജോക്കുട്ടനെ അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ കടുവാത്തറയിലച്ചന്‍ വീണ്ടുമെത്തിയപ്പോള്‍ വിശദീകരിച്ചപ്പോള്‍ മാത്രമാണ് ഡെയ്സിക്കും കുറച്ചൊക്കെ മനസ്സിലായതും. പഠ്യേതര വിഷയങ്ങള്‍ പലയാവര്‍ത്തി പറഞ്ഞു പഠിക്കുന്നത് മറന്നുപോകാതെ മനസ്സില്‍ പതിഞ്ഞിരിക്കുവാന്‍ മാത്രമാണെന്നതുപോലെ ദൈവവിശ്വാസം മനസിന്റെ ആഴങ്ങളില്‍ പതിയുവാന്‍ വേണ്ടി മാത്രമാണ് ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനകള്‍ ഉപകാരപ്പെടുന്നത്. മനസിന്റെ ആഴങ്ങളില്‍ നിന്നെത്തുന്ന പ്രാര്‍ത്ഥനകള്‍ക്കാണ് കൂടുതല്‍ ആല്‍മാര്‍ഥതയുള്ളതും എല്ലാക്കാലങ്ങളിലും  ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതെന്നും. ജോക്കുട്ടന്റെ മേലുള്ള കടുവാത്തറയിലച്ചന്റെ കൈവെപ്പു ശുശ്രുഷ ഫലം കണ്ടെന്നു വിശ്വസിച്ചിരിക്കുമ്പോളാണ് വീണ്ടും പേടിസ്വപ്നങ്ങള്‍ കാണുവാന്‍ തുടങ്ങിയിരിക്കുന്നത്.

അമ്മയുടെ കരവലയത്തിന്റെ സംരക്ഷണത്തില്‍ സുഖമായുറങ്ങിയ ജോക്കുട്ടന്‍ നേരം പുലര്‍ന്നപ്പോള്‍  സുസ്‌മേരവദനനായി ചേച്ചിയോടൊപ്പം സ്‌കൂളില്‍ പോകുവാന്‍ തയ്യാറായതിനാല്‍ രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ ടോമിച്ചനോട് ജോക്കുട്ടന്‍ വീണ്ടും സ്വപ്നം കണ്ടതിനെക്കുറിച്ച് പരാമര്‍ശിച്ചില്ല.  കുട്ടികള്‍  രണ്ടു പേരെയും സ്‌കൂളിലിറക്കി പതിവുപോലെ ഓഫീസിലെത്തിയപ്പഴേ അപായമണി മുഴങ്ങുവന്‍ തുടങ്ങി. ആദ്യമൊന്നന്താളിച്ചെങ്കിലും സഹപ്രവര്‍ത്തകന്‍ ആശ്വസിപ്പിച്ചു മൂന്നുമാസത്തിലൊരിക്കല്‍ നടത്തുന്ന    മോക്ക് ഡ്രില്‍ തന്നെ ആയിരിക്കും. ജോലിസ്ഥലങ്ങളില്‍ അഗ്‌നിബാധയുള്‍പ്പെടുന്ന അപകടങ്ങളുണ്ടായാല്‍ രക്ഷപെടുവാനുള്ള പരിശീലനങ്ങള്‍ നല്‍കുന്ന മോക്ക് ഡ്രില്‍ കടലാസുകളില്‍ മാത്രം ഒതുക്കാതെ എല്ലാ ജീവനക്കാരെയും യാഥാര്‍ത്ഥ്യത്തില്‍ പരിശീലിപ്പിക്കുന്ന രീതികള്‍.  നിനച്ചിരിക്കാതിരിക്കുന്ന നേരങ്ങളിലുണ്ടാകുന്നതാണ് അപകടങ്ങളെന്നതും, അറിവില്ലായ്മയിലൂടെയും കരുതലില്ലായ്മായിലൂടെയും അമൂല്യമായ മനുഷ്യ ജീവനുകള്‍ നഷ്ടപെടാതിരിക്കുവാന്‍ പരിശീലിക്കുക തന്നെ ചെയ്യണമെന്ന് സായിപ്പിന് നല്ല തിരിച്ചറിവാണുള്ളത്. ബാഗുമായി നേരെ ഏറ്റവും അടുത്തുള്ള അഗ്‌നിസുരക്ഷാ സ്ഥാനത്തേയ്ക്ക് ദ്രുതഗതിയില്‍ നടന്നു. മൂന്നാമത്തെ നിലയില്‍ നിന്നും കോണിപ്പടികളിലൂടെ താഴേയ്ക്ക് നടക്കുമ്പോള്‍ മലയാളിത്വം തുളുമ്പുന്ന മറ്റൊരു പെണ്‍കുട്ടി ഡെയ്സിച്ചേച്ചി അല്ലേ എന്ന് ചോദിച്ചുകൊണ്ട് ഒപ്പം ചേര്‍ന്നു. ആദ്യമൊന്നമ്പരന്നെങ്കിലും മുഖത്തില്‍ പ്രതിഫലിക്കാതിരിക്കുവാന്‍ മന്ദഹസിക്കുക മാത്രം ചെയ്തു. തിരക്കായിരുന്നതിനാല്‍ അധികം സംസാരിക്കുവാന്‍ സാധിച്ചില്ല, എങ്കിലും സുരക്ഷാ സ്ഥാനത്ത് എത്തിയപ്പോഴേക്കും കുട്ടി വാചാലയായി ജൂലി ചെറിയാന്‍ ബ്രിട്ടണില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ താല്‍ക്കാലികമായി ലഭിച്ച ജോലിയാണ്  'ടെലിഫോണിക് കൗണ്‍സിലിംഗ്' വിഷാദരോഗികളുള്‍പ്പെടെ മാനസിക സംഘര്‍ഷമുള്ള രോഗികള്‍ക്ക് ടെലിഫോണിലൂടെ ഉപദേശങ്ങള്‍ നല്‍കുകയും അത്യാവശ്യമെങ്കില്‍ മറ്റ് വൈദ്യമേഖലകളിലേയ്ക്ക് റഫര്‍ ചെയ്യുക എന്നതാണ് പ്രാഥമിക ദൗത്യങ്ങള്‍. വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ മറ്റൊരു സുഹൃത്തിനൊപ്പം താമസിക്കുന്നു. ഉച്ചയ്ക്ക് ആഹാരം കഴിക്കുവാന്‍ കഫെയില്‍ കാണാമെന്ന് ഉറപ്പ് നല്‍കി പിരിയുകയും ചെയ്തു.

തിരിച്ചെത്തിയതും സഹപ്രവര്‍ത്തക നിക്കി  ചായ കുടിക്കുവാന്‍ ക്ഷണിച്ചു, നിക്കോള ബര്‍ട്ടന്‍സെന്നാണ്  മുഴുവന്‍ പേരെങ്കിലും നിക്കി എന്ന് വിളിക്കപ്പെടുവാനാണ് താല്‍പര്യപ്പെടുന്നത്.  ഓഫിസ് കെട്ടിടത്തിന്റെ എല്ലാ നിലകളിലും തന്നെ എളുപ്പത്തില്‍ ചായയും കാപ്പിയുമുണ്ടാക്കുവാനുള്ള സൗകര്യങ്ങളുള്ളത് അനുഗ്രഹം തന്നെയാണ്. ചായയുടെ രുചി ആസ്വദിക്കുവാന്‍ മധുരം ചേര്‍ക്കാതെ തന്നെ കുടിക്കുവാനാണ് ഡെയ്സിക്കിഷ്ടമെന്നാല്‍ നിക്കി മധുരമില്ലാത്ത തല്‍ക്ഷണമുണ്ടാക്കാവുന്ന കാപ്പിയുമെടുത്തു. വാരാന്ധ്യവിശേഷങ്ങള്‍ പങ്കു വച്ചതിനോടൊപ്പം ജോക്കുട്ടന്റെ ദുഃസ്വപ്നങ്ങളെ ക്കുറിച്ചും പരാമര്‍ശിച്ചു. ചെറുപ്രായത്തിലുള്ള കുട്ടികളില്‍ പതിവുള്ളതായി അവഗണിക്കരുതെന്ന് നിക്കി ഉപദേശിച്ചതിനൊടോപ്പം ആ വീട്ടില്‍ ഇതിനുമുന്‍പ് താമസിച്ചിരുന്നവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുവാനും ഓര്‍മ്മപ്പെടുത്തി. അതിനോടൊപ്പം സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന നിക്കിയുടെ സഹോദരി വിയോളയുടെ  അനുഭവവും പങ്കു വയ്ക്കുവാന്‍ തയ്യാറായി. തിരക്കേറിയ ലണ്ടന്‍ ജീവിതത്തില്‍ നിന്നും മോചനം ലഭിക്കുവാനും  ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാനുമാണ്  വിയോളയും ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബം സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുവാനെത്തുന്നത്. ആശിച്ചപോലെ ശാന്തമായ ഗ്രാമവും സ്‌നേഹമുള്ള ഗ്രാമവാസികളും വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. വളരെ സന്തോഷഭരിതമായിരുന്നു ആദ്യദിവസങ്ങളെങ്കിലും മാസാവസാനത്തില്‍ വില്ലേജ് ഹാളില്‍ നടന്ന വിരുന്നു സല്‍ക്കാരത്തില്‍ പന്ത്രണ്ട് വയസ്സ് പ്രായമുള്ള വിയോളയുടെ രണ്ടാമത്തെ മകള്‍ അരുതാത്തതെന്തോ കാണുകയും വീട്ടിലെത്തിയ ഉടനെ ഭയവും വെപ്രാളവും പ്രകടിപ്പിക്കുവാന്‍ തുടങ്ങി. അധികം താമസിയാതെ ഏറെ വാചാലയായിരുന്ന കുട്ടി മൗനം അവലംബിക്കുവാനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുവാനും തുടങ്ങി. സ്‌കൂളിലെ കൗണ്‌സിലിങ്ങിലും പ്രത്യേകതകളൊന്നും കണ്ടുപിടിക്കുവാനും സാധിച്ചില്ല പക്ഷെ ഗ്രാമത്തിലെ പുരാതനമായ ആശ്രമത്തില്‍ നിന്നുമെത്തിയ ഒരു സന്ന്യാസിനി അവരുടെ വീട്ടിലെത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും കുട്ടിയോടൊപ്പം അധികം സമയം ചിലവഴിക്കുകയും ചെയ്തപ്പോള്‍  സൗഖ്യം പ്രാപിക്കുകയുണ്ടായി. പരമ്പരാഗതമായി ക്രിസ്ത്യാനിയായിരുന്നെങ്കിലും വിശ്വാസപരിപാലനമില്ലാതിരുന്ന വിയോളയുടെ കുടുംബം അതിലൂടെ വിശ്വാസ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്ക് കാണുവാന്‍ സാധിക്കാത്ത നിരവധി അദൃശ്യ ശക്തികളും മനുഷ്യനൊപ്പം വസിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

 ജോലിത്തിരക്കായതിനാല്‍ ജൂലിയോടൊപ്പം മദ്ധ്യാഹ്ന ഭക്ഷണം സാധ്യമാകാതെ വന്നു, പിന്നീടൊരിക്കല്‍ ആകാമെന്ന് ഉറപ്പു നല്‍കി. അന്ധവിശ്വാസങ്ങളില്‍ വലിയ താല്‍പ്പര്യമില്ലായിരുന്നെങ്കിലും നിക്കിയുടെ സഹോദരിയുടെ അനുഭവങ്ങളും ജോക്കുട്ടന്റെ അസാധാരണമായ ഭീതിപരത്തുന്ന സ്വപ്നവുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ മനസില്‍ സംപ്രീതിയുളവായി. ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമാണോ പേടിപ്പിക്കുന്ന വിശദീകരണങ്ങളില്ലാത്ത അനുഭവങ്ങള്‍, ഏതായാലും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യം തന്നെയാണെന്ന് നിശ്ചയിച്ചുറച്ചു. ചില നേരങ്ങളിലും ദിവസങ്ങളിലും  അന്ധകാരശക്തികള്‍ക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന വിവരങ്ങളും കൂട്ടായ്മ പ്രാര്‍ത്ഥനയ്ക്കെത്തിയ കടുവാത്തറയിലച്ചന്‍ ഒരിക്കല്‍ വിശദീകരിച്ച കാര്യവും ഡെയ്സിക്ക് ഓര്‍മ്മവന്നു. ഈശ്വരവിശ്വാസം പേരിനു മാത്രമുള്ള ടോമിച്ചനോട് അവിശ്വസനീയമായ വിഷയം എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് ആശങ്കപ്പെട്ടു വീട്ടിലെത്തിയപ്പോള്‍ തലേദിവസത്തെ വിശേഷങ്ങള്‍ ജോക്കുട്ടന്‍ തന്നെ വിവരിച്ചതായി അറിയുവാന്‍ സാധിച്ചു. സഹപ്രവര്‍ത്തകയായ നിക്കിയുടെ സഹോദരി വിയോളയുടെ മകളുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞപ്പോള്‍ തങ്ങളുടെ വീടും ഒരു വൃദ്ധദമ്പതികളില്‍ നിന്നുമാണ് വാങ്ങിയതെന്നും അറിയിച്ചു. എന്നാല്‍ അവര്‍ പ്രായാധിക്യത്താല്‍ വലിയ വീട്ടില്‍ നിന്നും ചെറിയ വീട്ടിലേയ്ക്ക് താമസം മാറ്റുക മാത്രമാണെന്ന വിശദീകരണമാണ് ലഭിച്ചിരുന്നത്. ഇനി പലര്‍ക്കും തിരിച്ചറിയാത്ത നിഗൂഢതകള്‍ ഈ വീട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന ചിന്തകളുണ്ടായപ്പോള്‍ തന്നെ ശരീരമാസകലമോരു വിറയല്‍ അനുഭവപ്പെട്ടു. എവിടെയൊക്കെയോ വായിച്ചു മറന്ന പ്രേതകഥകളില്‍ തരിമ്പും യാഥാര്‍ഥ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് ആശ്വസിക്കുവാന്‍ മാത്രം ആഗ്രഹിച്ചിരുന്നപ്പോഴും വിറയല്‍ വീണ്ടും വളരുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ നീണ്ടുപോയപ്പോള്‍  ചുറ്റും തിരിഞ്ഞുനോക്കുവാന്‍ കൂടി ഭയപ്പെടുവാന്‍ തുടങ്ങി. പേടിയേറി വിളറിയപ്പോള്‍ കണ്ണുകളില്‍ ദൈന്യത നിറയുകയും കൂടുതല്‍ നിസ്സഹായനായി നില്‍ക്കുവാന്‍ മാത്രമാണ് സാധിച്ചത്.   സ്വന്തമാണെന്നു കരുതിയ വീട്ടിനുള്ളില്‍ ഇരുട്ടിന്റെ മറവില്‍ മറഞ്ഞിരിക്കുന്ന ഭീകരതകളെ നേരിടുവാനാവുമോ എന്ന് ചിന്ത കൂടുതല്‍ ആശങ്കയുളവാക്കി. 

തീര്‍ത്തും അപ്രതീക്ഷിതമായ അനുഭവങ്ങളില്‍ പകച്ചു നില്‍ക്കുമ്പോളാണ് ഓരോരുത്തരും ജീവിതത്തില്‍ അധികവും നിസ്സഹായാരാണെന്ന തിരിച്ചറിവുണ്ടാകുന്നത്. താങ്ങും തണലുമായി മാതാപിതാക്കള്‍ അകലങ്ങളിലുണ്ടെങ്കിലും നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരത്തിനായി വീണ്ടും കടുവാത്തറയില്‍ അച്ചനെത്തന്നെ ആശ്രയിക്കുവാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അവധിയിലാണെന്ന സന്ദേശമാണ് ലഭിച്ചത്. നാട്ടിലുള്ള മാതാപിതാക്കളോട് ആലോചിക്കുവാന്‍ തയ്യാറായപ്പോള്‍ ഡെയ്സിയും സമ്മതിച്ചില്ല പ്രായമേറിയവരില്‍ അനാവശ്യമായി പരിഭ്രാന്തിയുളവാക്കും.  പിന്നെയുള്ള ആശ്രയം നാരകീയ ശക്തികളെ തോല്‍പ്പിക്കുന്ന ദൈവീക ശക്തികളില്‍ തന്നെ. വീട് വെഞ്ചരിപ്പിനു ശേഷം സന്ധ്യാദീപം ഒരിക്കല്‍പോലും  തെളിയാതിരുന്ന ഭവനത്തില്‍ വീണ്ടും ആശ്രയദീപങ്ങള്‍ തെളിച്ചുള്ള പ്രാര്‍ത്ഥനകളാരംഭിച്ചു. അപ്രതീക്ഷിതമായ മുട്ടിന്മേല്‍ നിന്നും സ്തോത്രമാലപിച്ചുമുള്ള പ്രാര്‍ത്ഥനകള്‍ കുട്ടികളില്‍ ജിജ്ഞാസ ജനിപ്പിച്ചെങ്കിലും വലിയ താല്‍പര്യമുണര്‍ത്തിച്ചില്ല. മലയാളം ഭാഷയുടെ കഠിനൗഠിനൗ ആയ പദങ്ങള്‍ കുട്ടികള്‍ക്ക് ഉച്ചരിക്കുവാന്‍ പ്രയാസമാവുന്നത് കണ്ടപ്പോള്‍ പ്രാര്‍ത്ഥനകളെല്ലാം സായിപ്പിന്റെ ഭാഷയിലേയ്ക്ക് തന്നെ ക്രമീകരിച്ചു. ദാരിദ്യ്രങ്ങളും കഷ്ടതകളും ദുരിതങ്ങളും നേരിട്ടനുഭവിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ കേട്ടറിവ് മാത്രമുള്ള കുട്ടികള്‍ക്ക് ഇവയില്‍നിന്നെല്ലാം ആശ്വാസവും മുക്തിയും ലഭിക്കണമെന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുവാന്‍ മടിയുണ്ടായില്ല. പ്രതീക്ഷയര്‍പ്പിക്കാവുന്ന അദൃശ്യശക്തികളുമായുള്ള ദീര്‍ഘനേരത്തെ ആശയവിനിമയത്തിലൂടെ ആല്‍മധൈര്യം വീണ്ടെടുത്തെങ്കിലും ടോമിച്ചന്‍ അവധിയെടുത്തു കുടുംബത്തിന്റെ രാത്രികാല സംരക്ഷണം ഏറ്റെടുത്തു. മനസ്സില്‍ ഭയം നിറഞ്ഞിരുന്നതിനാലും ഇനിയും അരുതാത്തത് സംഭവിക്കാതിരിക്കുവാനുമായി എല്ലാവരും ഒരു മുറിയില്‍ തന്നെ രാത്രി ചിലവഴിക്കുവാനും തുടങ്ങി. മാതാപിതാക്കളുടെ നെഞ്ചിലെ ചൂടേറ്റുള്ള ശയനം ജോക്കുട്ടന്‍ ആസ്വദിച്ചിരുന്നെങ്കിലും കൗമാരപ്രായത്തിലേയ്ക്ക് കാലൂന്നി നില്‍ക്കുന്ന അലീന മോള്‍ക്ക് താല്‍പര്യക്കുറവായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലും സന്ധ്യാപ്രാര്‍ത്ഥനകള്‍ സജീവമായി തുടര്‍ന്നതിനൊപ്പം സമൂഹമാധ്യങ്ങളിലൂടെ രോഗശാന്തി ശുശ്രുഷകളിലും പങ്കെടുക്കുവാന്‍ തുടങ്ങി. പ്രത്യേകിച്ചും ഇരുട്ടിന്റെ ശക്തികളുടെ മേല്‍ ആധിപധ്യം നല്‍കുന്ന ആല്‍മീയഗുരുക്കന്മാരുടെ  വചനശുശ്രൂഷകള്‍. ഓരോ മനുഷ്യരുടെയും നന്മപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനൊപ്പം അനുദിനം തിന്മയിലേയ്ക്ക് നയിക്കുന്ന ദുഷ്ടാല്‍മാക്കള്‍ നിറഞ്ഞിരിക്കുന്ന ലോകത്ത് ജീവിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട ജീവിത ശൈലികളെക്കുറിച്ചുള്ള പ്രബോധനങ്ങള്‍. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഒരുമിച്ചാണെങ്കിലും ജോക്കുട്ടന്‍ സമാധാനമായി ഉറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ അലീന മോള്‍ സ്വന്തം മുറിയിലേയ്ക്ക് മടങ്ങി. താമസിയാതെ നാട്ടിലുള്ള മാതാപിതാക്കളുടെ ശ്രദ്ധയിലെത്തിയപ്പോള്‍ കുടുംബസമേതം താമസിച്ചുള്ള രോഗശാന്തി ശുശ്രുഷകളില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും ലഭിച്ചു. കേരളത്തിലെ പ്രമുഖ വചന ശുശ്രുഷകര്‍ നേതൃത്വം നല്‍കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും കൂട്ടത്തില്‍ പ്രധാനിയായ ശുശ്രൂഷിയെക്കൊണ്ട് ജോക്കുട്ടന്റെ തലയില്‍ കൈവെപ്പു ശുശ്രുഷയും നടത്തിയതിന് ശേഷമാണ് നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് സമാധാനമായത്. അതോടൊപ്പം ടോമിച്ചന്റെ സഹപ്രവര്‍ത്തകരിലൊരാളായ സത്യമാര്‍ഗ്ഗ വിശ്വാസിയും കുടുംബാംഗങ്ങളും പലയാവര്‍ത്തി വീട്ടിലെത്തി ജോക്കുട്ടനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അവരുടെ കൂട്ടായ്മകളിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. വളരെ സ്‌നേഹത്തോടും ആല്‍മാര്‍ത്ഥതയോടും സഹവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ കൂടുതലും വചന പ്രഘോഷണങ്ങളും ഏക ദൈവസ്തുതിപ്പുകളും മാത്രമായിരുന്നു. മിതമായ ജീവിത ശൈലികള്‍ അവലംബിക്കുവാനായി വിലയേറിയ ആടയാഭരണങ്ങള്‍ വര്‍ജ്ജിക്കുവാനും നിരന്തമായി ആഹ്വാനം ചെയ്തുകൊണ്ടിരുന്നത് ഡെയ്സിക്ക് പൂര്‍ണ്ണമായി ഉള്‍കൊള്ളുവാനായില്ല.

വൈവിധ്യത നിറഞ്ഞ അനുദിന പ്രാര്‍ത്ഥനകള്‍ ടോമിച്ചനിലും ഡെയ്സിയിലും ആല്‍മവിശ്വാസത്തോടൊപ്പം ജീവിതത്തില്‍ അല്‍പം കൂടുതല്‍ അടുക്കും ചിട്ടയും നെയ്‌തെടുക്കുവാന്‍ സഹായിച്ചു. വീണ്ടും ജോലിയും കുടുംബജീവിതത്തിലെ പരാതീനതകളുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുമ്പോള്‍ തന്നെ ഓഫീസില്‍ പുതുതായെത്തിയ ജൂലി ചെറിയാനുമായി കൂടുതല്‍ ആല്‍മബന്ധമുണ്ടാക്കുവാനും സാധിച്ചു. ജൂലിയുടെ പോളീഷുകാരനായ ആണ്‍ സുഹൃത്തിനെ പരിചയപ്പെടുത്തിയപ്പോള്‍ ലോകം വീണ്ടും ചെറുതാകുന്നതായി അനുഭവപെട്ടു.സര്‍വകലാശാലയിലെ പഠനങ്ങളിലൂടെ  തുടങ്ങിയ സുഹൃത്ത് ബന്ധങ്ങള്‍ ജീവിതാന്ധ്യം വരെ തുടരുവാനുള്ള തീരുമാനങ്ങള്‍ എത്രത്തോളം ആഴമേറിയതാവുമെന്ന് തല്‍ക്കാലം പ്രവചനാതീതം തന്നെ. പക്ഷെ ജൂലിയുടെ സുഹൃത്തിന്റെ മനഃശാസ്ത്രമേഖലകളിലെ ഉദ്യോഗത്തില്‍ ഒരു ആകര്‍ഷണീയതയുളവായി. തല്‍ക്കാലം രണ്ടു പേരും രണ്ടിടങ്ങളിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം അനുഭപ്പെട്ടു. സൗകര്യമാവുമ്പോള്‍ രണ്ടു പേരേയും  ഒരുമിച്ചു വീട്ടിലേയ്ക്ക് ക്ഷണിക്കുവാനും മറന്നില്ല.

കുടുംബാന്തരീക്ഷത്തിലും സുരക്ഷ മെച്ചപ്പെട്ടതായി അനുഭവപെട്ടപ്പോള്‍ ജോക്കുട്ടനെ വീണ്ടും അവന്റെ മുറിയിലേയ്ക്ക് തിരിച്ചയച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വീണ്ടും അലറിവിളിച്ചുകൊണ്ട് ജോക്കുട്ടന്‍ ഞെട്ടിയെഴുന്നേറ്റു, ഇപ്രാവശ്യം ടോമിച്ചന്റെ സാന്നിധ്യത്തില്‍ ആയിരുന്നതിനാല്‍ വിറളിപൂണ്ട് നിലവിളിച്ച് ജനാലയിലേയ്ക്ക് കൈചൂണ്ടി നില്‍ക്കുന്ന പൊന്നുമോന്റെ രക്തരഹിതമായ മുഖവും താഴ്ന്നുപോയ നയനങ്ങളും നേരില്‍കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുന്പ് ടോമിച്ചന്‍ വെട്ടിയിട്ട വാഴപോലെ താഴേയ്ക്ക് പതിച്ചു. പുറകെയെത്തിയ ഡെയ്സി ആദ്യമൊന്നു പകച്ചെങ്കിലും ജോക്കുട്ടനെ എടുത്ത് തോളത്തിട്ട് വീണ്ടും വെടിപ്പാക്കി പുത്തന്‍ പൈജമായും അണിയിച്ചിട്ട് തന്റെ മുറിയിലേയ്ക്ക് നടന്നു. തോളത്തു തന്നെ കിടത്തിക്കൊണ്ട് മാതൃവാത്സല്യത്തോടെ സമാശ്വസിപ്പിച്ചതിനുശേഷം കിടക്കയില്‍ കിടത്തിയുറക്കി.  ഒരുകുപ്പി വെള്ളവുമായി തറയില്‍ തന്നെ കിടന്ന ടോമിച്ചന്റെ അടുത്തെത്തി സാവധാനം കുലുക്കി വിളിച്ചു. തണുത്ത വെള്ളം വീണപ്പോള്‍ കണ്ണു തിരുമ്മിയെഴുന്നേറ്റ് തറയില്‍ തന്നെയിരുന്ന് ഒരു കുപ്പി വെള്ളം കൂടി കുടിച്ചപ്പോള്‍ മാത്രമാണ് സ്ഥലകാല ബോധമുണ്ടായത്.  മൃദുലമായ പരവതാനിയിലേയ്ക്ക് വീണതിനാല്‍ ബാഹ്യമായ മുറിവുകളൊന്നുമുണ്ടായില്ല, എന്നാലും ദയനീയമായി ഡെയ്സിയിലേയ്ക്ക് കണ്ണയച്ചപ്പോള്‍ തോളില്‍ തട്ടി സമാശ്വസിപ്പിക്കുവാന്‍ മാത്രമാണ് സാധിച്ചത്. കൂടുതലൊന്നും സംസാരിക്കാതെ സാവധാനം താങ്ങിയെണീപ്പിച്ച ശേഷം നേരെ കിടക്കമുറിയിലേയ്ക്ക് ആനയിച്ചു. സമാധാനമായി ഉറങ്ങുന്ന ജോക്കുട്ടനെ കണ്ടപ്പോള്‍ ആശ്വാസമായിക്കാണണം സാവധാനം അവനോട് ചേര്‍ന്നു കിടന്നു.

രാവിലെ ഉണര്‍ന്നപ്പോള്‍ പതിവുപോലെ ജോക്കുട്ടന്‍ സന്തോഷവാനായി കാണപ്പെട്ടതിനാല്‍ രാത്രിയിലെ വിശേഷങ്ങള്‍ ഓര്‍മ്മപെടുത്തുവാന്‍ തുനിഞ്ഞില്ല. എന്നാല്‍ ടോമിച്ചന്‍ കടുവാത്തറയിലച്ചനെ വീണ്ടും വിളിക്കുവാന്‍ തയ്യാറായപ്പോള്‍ ഡെയ്സി തടഞ്ഞു, പ്രാര്‍ത്ഥനകള്‍ക്കുപരി മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിക്കുവാന്‍ തുടങ്ങിയിരുന്നു. രാത്രികാലങ്ങളില്‍ മറ്റാര്‍ക്കുമില്ലാത്ത അനുഭവം ജോക്കുട്ടന് മാത്രമുണ്ടാകുന്നതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.വിശുദ്ധാല്‍മാക്കള്‍ക്ക്  ദൂരാല്‍മാക്കളുടെ മേല്‍ മേല്‍ക്കോയ്മയുണ്ടെങ്കില്‍ ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനകളിലൂടെ സൗഖ്യം ലഭിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഇന്ന് ശനിയാഴ്ചയാണെന്നും ജൂലിയും സുഹൃത്തിനെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത് ഓര്‍മ്മ വന്നത്. താല്‍ക്കാലത്തേയ്ക്ക് മനസികവ്യഥകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് വീട് വെടിപ്പാക്കുവാനും കേരളീയ ഭക്ഷണം തയ്യാറാക്കുവാനുമുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ടോമിച്ചന്റെ സഹകരണം കൂടി ലഭിച്ചപ്പോള്‍ വിഭവസമൃദ്ധമായ സസ്യാഹാരസദ്യ തന്നെ തയ്യാറായി. രണ്ടു വര്‍ഷത്തെ പഠനത്തിന് ഇംഗ്ലണ്ടില്‍ എത്തിയ ജൂലിയ്ക്ക് നാട്ടില്‍ പോകുവാന്‍ സാധ്യമായില്ല അതുകൊണ്ട് തന്നെ കേരളത്തനിമ നിറഞ്ഞ നാടന്‍ ഭക്ഷണത്തോട് പ്രത്യേക മമതയുണ്ട്. 

പ്രതീക്ഷച്ചതിലും നേരത്തെ രണ്ടുപേരുമെത്തി, ജൂലിയുടെ സുഹൃത്ത് സിമോണ്‍ നൊവാക് അരോഗദൃഢഗാത്രനായ ചെറുപ്പക്കാരനായിരുന്നു. മധ്യയൂറോപ്പിലുള്ള പോളണ്ടില്‍ ഭൂരിഭാഗവും  കത്തോലിക്കാ മതവിശ്വാസികളാണ്. സിമോണും വ്യത്യസ്തനല്ലായിരുന്നു, ലേശം ചെമ്പിച്ച മേല്‍മീശ മുഖത്തിന് ആകര്‍ഷണീയതയേറിയിരുന്നു. ഇംഗ്ലീഷിലുള്ള സംഭാഷണമായതിനാല്‍ കുട്ടികളും വളരെ താല്‍പ്പര്യത്തോടെ  കുശലങ്ങള്‍ ചോദിക്കുവാനും തയ്യാറായി. സംസാരത്തിനിടയില്‍ ജോക്കുട്ടന്‍ ശിശുക്കളുടെ തനത് ജിജ്ഞാസയിലുയര്‍ന്നതും എന്നാല്‍ കൗതുകകരമായ ചോദ്യം ഉന്നയിച്ചും 'സിമോണ്‍ ചേട്ടായി ജൂലി ചേച്ചിയെ കല്യാണം കഴിക്കുവോ അതോ വെള്ളക്കാരെപ്പോലെ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ മറ്റൊരാളെ തേടി പോകുമോ' ചോദ്യം കേട്ട് സിമോണും ജൂലിയും ആദ്യമൊന്നമ്പരന്നെങ്കിലും തല്‍ക്കാലം ജാള്യത ഒഴിവാക്കാനായി ഒരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുവാനായി  അലീനമോള്‍ ജോക്കുട്ടനോട് പറഞ്ഞു 'നീയൊന്നു ചുമ്മാതിരിയുടെ നിക്കറേ മുള്ളി, പേടിത്തൊണ്ടന്‍' അതുകേട്ടതും ജോക്കുട്ടന്‍ കരഞ്ഞുകൊണ്ട് തന്റെ മുറിയിലേയ്ക്ക് പോകുവാന്‍ തിരിഞ്ഞതും ജൂലി കയ്യില്‍ കടന്നു പിടിച്ചു പറഞ്ഞു 'ജോക്കുട്ടന്‍ മിടുക്കനല്ലേ, ചേച്ചി തമാശു പറഞ്ഞതല്ലേ' ഇതുകേട്ടതും അലീന തിരിച്ചു പറഞ്ഞു 'ഞാന്‍ പറഞ്ഞത് നേരാ രാത്രിയില്‍ അവനെ ആരോ പേടിപ്പിക്കുന്നുണ്ട്, പേടിക്കുമ്പോള്‍ അവന്‍ ഇപ്പോഴും നിക്കറേല്‍ മുള്ളും'. അവിശ്വസനീയതോയോടെ ജൂലി ഡെയ്സിയെ നോക്കിയപ്പോള്‍ ശരിയാണെന്ന് തലകുലുക്കി കാണിച്ചു.

ടോമിച്ചന്‍ എല്ലാവരെയും ആഹാരം കഴിക്കുവാന്‍ ക്ഷണിച്ചു, സിമോണ്‍ ഉപഹാരമായി കൊണ്ടുവന്ന പോളിഷ് വീഞ്ഞും എടുത്ത് ഗ്ലാസ്സുകള്‍ക്കൊപ്പം മേശപ്പുറത്തു വച്ചു. പോളിഷ് വീഞ്ഞുകളെപ്പറ്റി അധികം കേട്ടിട്ടില്ലെന്ന   ടോമിച്ചന്റെ അഭിപ്രായത്തിന് സിമോണ്‍ തന്നെ മറുപടിയും നല്‍കി. പ്രാചീന കാലങ്ങളിലുണ്ടായിരുന്ന മുന്തിരി കൃഷികള്‍ ഈ അടുത്ത നാളുകളില്‍ മാത്രമാണ് പുനരാരംഭിച്ചത്, അതിനാല്‍ തന്നെ പഴക്കം കുറഞ്ഞതാണെങ്കിലും ലോകോത്തര മേന്മയുള്ളവയാണ് നിലവില്‍ ഉല്പാദിപ്പിക്കുന്നത്.  ആഹാരത്തിനുശേഷം പായസം കഴിച്ചുകൊണ്ടിരുന്ന വേളയില്‍ ജൂലി തമാശയിലൂടെ ജോക്കുട്ടനെ അരികിലിരുത്തി ചോദിച്ചു 'മോനെ ആരാണ് രാത്രില്‍ പേടിപ്പിക്കുവാന്‍ വരുന്നത്' മനസ്സില്‍ കളങ്കമില്ലാത്ത കുട്ടി പറഞ്ഞു 'ചേച്ചി അത് ചില രാത്രികളില്‍ അവന്‍ വന്നെന്നെ കേറി ഞെക്കിപ്പിടിക്കും എന്നിട്ട് പേടിപ്പിക്കും അപ്പോള്‍ ഞാന്‍ പേടിച്ചുപോകും'. ജൂലി വീണ്ടും ഡെയ്സിയെ നോക്കിയപ്പോള്‍ ജൂലിയുടെ കൈപിടിച്ചുകൊണ്ട് പുറത്തുള്ള തോട്ടത്തിലേയ്ക്ക് നടന്നു. ചെറിയ തൊട്ടമാണെങ്കിലും നിറയെ റോസാ പുഷ്പങ്ങള്‍ കണ്ടപ്പോള്‍ ജൂലിയുടെ മുഖം വിടര്‍ന്നു. തോട്ടത്തിലുള്ള കസേരകളിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഡെയ്സി തുടര്‍ന്നു ഈ വീട്ടില്‍ താമസം തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങിയതാണ് കുട്ടിയായതുകൊണ്ട് അത്ര വലിയ കാര്യമായെടുത്തില്ല പക്ഷെ ഇപ്പോള്‍ ചെറിയ ആശങ്ക ജനിപ്പിക്കുകയാണ്. എല്ലാ കേട്ടുകഴിഞ്ഞപ്പോള്‍ ജൂലി ചോദിച്ചു ഒരു മനഃശാത്രജ്ഞന്റെ അഭിപ്രായം ആരായുന്നത് ഉചിതമായിരിക്കും. ഡെയ്സിക്ക് സമ്മതമാണെങ്കില്‍ സിമോണ്‍ ചിലപ്പോള്‍ മോനുമായി സംസാരിക്കും പക്ഷെ മാതാപിതാക്കളുടെ പൂര്‍ണ്ണമായ അനുവാദം വേണ്ടിവരും. ആദ്യമൊന്നു ശംങ്കിച്ചെങ്കിലും ടോമിച്ചനോട് അനുവാദം ചോദിക്കുവാന്‍ വീടിനുള്ളിലേയ്ക്ക് കയറിവന്നു.

സ്വപ്നം കണ്ടു പേടിക്കുന്ന കുട്ടിയെ ഉടനെ ഒരു മനോരോഗിയായി ചിത്രീകരിക്കുവാന്‍ ടോമിച്ചന്റെ മനസ്സനുവദിച്ചില്ല പക്ഷെ ജൂലിയുടെ ന്യായീകരണങ്ങള്‍ക്കൊടുവില്‍ തല്‍ക്കാലം ജോക്കുട്ടനെ സിമോണുമായി ഒറ്റയ്ക്ക് സംസാരിക്കുവാന്‍ അനുവദിച്ചു. ഈ നേരം കൊണ്ട് തന്നെ ഒരു നല്ല ശ്രോതാവായ സിമോണിന് കുട്ടികളുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുവാനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സിമോണ്‍ ചേട്ടായിയോടൊപ്പം അവന്റെ മുറിയിലേയ്ക്ക് തനിയെ പോകുവാന്‍ ജോക്കുട്ടന് മടിയുമില്ലായിരുന്നു. അവര്‍ തനിച്ചായപ്പോള്‍ സിമോണെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂലി പങ്കുവച്ചു. സിമോണിന് പോളണ്ടില്‍ താമസിക്കുന്ന അമ്മ മാത്രമേയുള്ളു, അവിടെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്, പഠിപ്പിക്കുന്നതും മനഃശാത്രവും, സിമോണിന് മനഃശാത്രത്തില്‍ പാരമ്പര്യമായി കിട്ടിയ കഴിവുകളുണ്ട്. അച്ഛനൊരു മികച്ച വൈമാനികനായിരുന്നു, പുതുതായെത്തുന്നവരെ പരിശീലിപ്പിക്കുകയും അതോടൊപ്പം മറ്റു വിമാനങ്ങളുടെ മികവ് പരിശോധനയില്‍ വൈദഗ്ദ്ധ്യം നേടിയ വ്യക്തി. പക്ഷെ ഒരു പരീക്ഷണ പറക്കലില്‍ എന്‍ജിന് തീപിടിച്ചപ്പോള്‍ ജനവാസ മേഖലകളില്‍ തകര്‍ന്നു വീഴാതിരിക്കുവാന്‍ ശ്രമിച്ചതിനാല്‍ സ്വയം രക്ഷിക്കുവാന്‍ സാധിക്കാതെ വന്നു. പഠനം പൂര്‍ത്തിയായാല്‍ പോളണ്ടില്‍ പോയി ജീവിക്കണമെന്ന ആഗ്രഹം മാത്രമാണിപ്പോള്‍. അവര്‍ തമ്മില്‍ നിലവില്‍ നല്ലയൊരു സുഹൃത്ത് ബന്ധം മാത്രമാണ്. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജോക്കുട്ടന്റെ കൈപിടിച്ചു കൊണ്ട് സിമോണ്‍  പുറത്തു വന്നത്. ടോമിച്ചനെയും ഡെയ്സിയെയും ആശ്വസിപ്പിച്ച ശേഷം തിങ്കളാഴ്ച തന്നെ ഓഫീസില്‍ വന്നു കാണണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. തല്‍ക്കാലം ജോക്കുട്ടനോട് ഒന്നും ചോദിക്കരുതെന്നും നിലവില്‍ അനുവര്‍ത്തിക്കുന്ന ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടു. ആകാംക്ഷയേറുന്നത് കണ്ടപ്പോള്‍ ആശ്വസിപ്പികൊണ്ട് പറഞ്ഞു 'ജോക്കുട്ടന്‍ മിടുക്കനാണ് കരുതലുള്ളവനാണ്  അവനൊരു കുഴപ്പവുമില്ല, കൂടുതല്‍ വിവരങ്ങള്‍ വീണ്ടും കാണുമ്പോള്‍ പറയാം'.

തിങ്കളാഴ്ച്ച രാവിലെ തന്നെ സിമോണ്‍ന്റെ സന്ദേശം വന്നു ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ജോക്കുട്ടനെയും കൂട്ടിയെത്തുവാനും, കുറച്ചധിക സമയം ചിലവഴിക്കേണ്ടി വരുമെന്നും. പ്രാദേശിക കൗണ്‍സിലിന്റെ കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗത്തില്‍ സമയത്തു തന്നെയെത്തി. സിമോണ്‍ന്റെ മേധാവിയായ ജാക്വിലിനും ചേര്‍ന്നാണ് എല്ലാവരെയും സ്വീകരിച്ചിരുത്തിയത്. അന്യോന്യം പരിചപ്പെട്ടതിനുശേഷം മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ ജാക്വിലിന്‍ വിവരിച്ചു, അതിനുശേഷം അവര്‍ രണ്ടാളും കൂടി ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ ജോക്കുട്ടനുമായി സംസാരിച്ചിരുന്നു, ചില്ലു ജാലകത്തിലൂടെ ടോമിച്ചനും ഡെയ്സിക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സംഭാഷണങ്ങളിലുടനീളം ജോക്കുട്ടന്‍ സംഭ്രമിക്കാതിരുന്നത് ആശ്ചര്യപ്പെടുത്തിയിരുന്നു. അതിനുശേഷം ജോക്കുട്ടനെ മറ്റൊരു സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നിര്‍ത്തിയശേഷം ടോമിച്ചനേയും ഡെയ്സിയെയും വിളിപ്പിച്ചു. വീണ്ടും മുന്നോട്ടുള്ള നടപടി ക്രമങ്ങള്‍ വിവരിച്ചതിനുശേഷം എല്ലാവിധ മാനസിക പിന്തുണയും അറിയിച്ചു. ആകാംഷയുടെ മുള്‍മുനയില്‍ നിന്ന ഡെയ്സിയ്ക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചില്ല അവള്‍ പൊട്ടിത്തെറിച്ചുകൊണ്ട് 'എന്റെ കുഞ്ഞിനെന്തു പറ്റി' ശേഷം കരയുവാന്‍ തുടങ്ങി. ജാക്വിലിന്‍ വീണ്ടും പലയാവര്‍ത്തി സമാശ്വസിപ്പിച്ചതിനുശേഷം ചോദിച്ചു 'ആല്‍ബര്‍ട്ട് നിങ്ങളുടെ ആരാണ്'. ഒന്നും മനസിലാകാതെ ടോമിച്ചനും ഡെയ്സിയും പരസ്പരം നോക്കി ആലോചിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജാക്വിലിന്‍ തുടര്‍ന്നു ചോദിച്ചു 'സര്‍വകലാശാലയില്‍ പഠിക്കുന്ന ആല്‍ബെര്‍ട്ടെന്നാണ് അവസാനമായി വീട്ടില്‍ വന്നത്'. അത്രയുമായപ്പോള്‍ തരിച്ചിരുന്ന ഡെയ്സിക്ക് ഓര്‍മ്മ വന്നു ഗ്ലാസ്‌ഗോ സര്‍വകലാശാലയില്‍ പഠിക്കുന്ന ഡെയ്സിയുടെ അമ്മാവന്റെ മകന്‍ ആല്‍ബര്‍ട്ട്.

ജാക്വിലിന്‍ പിന്നീട് വിവരിച്ച സ്വവര്‍ഗ്ഗാതിക്രമങ്ങളെല്ലാം കേട്ട് സ്തബ്ദ്ധരായി കണ്ണും കാതും പൂട്ടി പൊട്ടിക്കരയുവാന്‍ മാത്രമാണ് അവര്‍ക്കായത്. ജാക്വിലിന്റെ വാക്കുകളേക്കാള്‍ ഡെയ്സിയുടെ ഓര്‍മ്മയിലെത്തിയത് ആറ് മാസങ്ങള്‍ക്ക് മുന്‍പ് പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് ഗ്ലാസ്‌ഗോയില്‍ നിന്നും അമ്മാവനും കുടുംബവുമെത്തിയ നിമിഷങ്ങള്‍. ഡെയ്സിയുടെ അമ്മയുടെ അകന്ന ബന്ധുവിനെ അമ്മാവനായി തന്നെ കണ്ടിരുന്നു. ബ്രിട്ടണിലെത്തി നാളുകളേറെയായെങ്കിലും അതിനുമുന്‍പ് നേരില്‍ കണ്ടിരുന്നില്ല. അമ്മാവന്റെ രണ്ടു മക്കളില്‍ മൂത്തയാളാണ് സര്‍വകലാശാലയില്‍ പഠിക്കുന്ന ആല്‍ബെര്‍ട്ട്. പൊടിമീശയും നന്നായി വെളുത്തിട്ട് സുന്ദരനായ ചെറുപ്പക്കാരന്‍, വീട്ടിലെത്തി ചുരുങ്ങിയ സമയം കൊണ്ട് ജോക്കുട്ടനുമായി ചങ്ങാത്തത്തിലുമായി. കുടികൂടല്‍ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അമ്മാവനും കുടുംബവും തിരികെ പോകുവാന്‍ തിടുക്കം കാട്ടിയപ്പോള്‍ തടഞ്ഞത് ഡെയ്സിയും ഒപ്പം ജോക്കുട്ടനും. അമ്മാവനും കുടുംബവും ഒരു മുറിയില്‍ തങ്ങിയപ്പോള്‍ ആല്‍ബെര്‍ട്ട് ജോക്കുട്ടന്റെ കൂടെ അവന്റെ മുറിയിലും.  ജാക്വിലിന്‍ ഡെയ്സിയുടെ കയ്യില്‍ തട്ടി  വിളിച്ചപ്പോള്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു, ജാക്വിലിന്‍ തുടര്‍ന്നു 'ആല്‍ബെര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതുവരെയും മറ്റൊരു ആരോപണമോ പരാതിയോ ലഭിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ധാരാളം തുടരന്വേഷണം നിലവില്‍ ആവശ്യമുണ്ട്, ചിലപ്പോള്‍ ഇതൊരു ഒറ്റപ്പെട്ട സംഭവുമായിരിക്കാം'. ജോക്കുട്ടന്റെ വിരളിയേറിയ സ്വപ്നങ്ങള്‍ അടുത്ത മൂന്ന് മാസത്തെ ചികിത്സയിലൂടെ മാറും. കുഞ്ഞുമനസിനേറ്റ ക്ഷതങ്ങള്‍ എളുപ്പം ഉണങ്ങുവാന്‍ സാധ്യതയുണ്ട്. മറ്റാരെങ്കിലുമറിഞ്ഞാല്‍ ജോക്കുട്ടന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന അവന്റെ ചേച്ചി അലീനയെ കൊല്ലുമെന്നുള്ള ഭീഷണിയാണ് അവന്റെ പിഞ്ചു ശരീരത്തിലേറ്റ മുറിവിനേക്കാള്‍ നൊമ്പരപ്പെടുത്തിയിരുന്നത്. അതിനാല്‍ തന്നെ മറ്റുള്ളവരില്‍ നിന്നും മറച്ചുവയ്ക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം ദുഃസ്വപ്നങ്ങളായി മടങ്ങി വന്നുകൊണ്ടിരുന്നത്. തുടര്‍നടപടികള്‍ക്കായുള്ള  സമ്മതപത്രങ്ങളില്‍ ഒപ്പിട്ടു ജോക്കുട്ടന്റെ കൈപിടിച്ചു പുറത്തിറങ്ങുമ്പോള്‍ മൂടുപടങ്ങളില്‍ മറഞ്ഞിരിക്കുന്ന വൈകല്യങ്ങളെ ഇനിയും കാണാതിരിക്കുവാന്‍ മാത്രം ആശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam