കവന്‍ട്രി: കൊവിഡ് യുകെയില്‍ പടര്‍ന്നു തുടങ്ങിയ മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും മരണ ഭയത്താല്‍ അവധിയെടുത്തു വീട്ടിലിരുന്നവരില്‍ ഇംഗ്ലീഷുകാരോടൊപ്പം നൂറു കണക്കിന് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ജീവനക്കാരുണ്ട്. കൊവിഡിനെ കുറിച്ച് തികച്ചും അബദ്ധങ്ങള്‍ മാത്രം കേട്ടിരുന്ന അക്കാലത്ത് അങ്ങനെയൊക്കെ ചെയ്തതില്‍ ആരെയും കുറ്റം പറയാനുമാകില്ല. എന്നാല്‍ കൊവിഡ് ഇത്തരത്തില്‍ പ്രഹരം ഏല്‍പ്പിച്ചാണ് യുകെയില്‍ എത്തുകയെന്നു റോംഫോര്‍ഡ് ഹോസ്പിറ്റല്‍ ബയോ മെഡിക്കല്‍ ലാബ് ചീഫ് സയന്റിസ്റ്റും ലാബ് തലവനുമായ ചെറിയാന് കോശി ഫെബ്രുവരി ഒന്‍പതിന് തിരിച്ചറിഞ്ഞത് കേരളത്തില്‍ നിന്നുമാണ്.
ചൈനയില്‍ നിന്നുള്ള ആദ്യ വിദ്യാര്‍ഥികള്‍ തൃശ്ശൂരില്‍ എത്തുമ്പോള്‍ വെറും രണ്ടു കൊവിഡ് റിപ്പോര്‍ട്ട് മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് തീക്കാറ്റ് പോലെ യുകെയില്‍ എത്തും എന്നും മനസിലാക്കിയ ചെറിയാന് കോശി പത്തു ദിവസത്തെ അവധി കഴിഞ്ഞു യുകെയില്‍ തിരിച്ചെത്തി ആദ്യ ഡ്യൂട്ടിക്ക് എത്തിയ ഫെബ്രുവരി 11നു തന്നെ അദ്ദേഹത്തിന്റെ ലാബില്‍ കൊവിഡ് സ്വാബ് എത്തിത്തുടങ്ങിയിരുന്നു. പരിശോധനയ്ക്കും കൊവിഡ് രോഗികളെ തിരിച്ചറിയാനും വേണ്ടി. അതായതു കൊവിഡ് എന്ന് കേരളത്തില്‍ നിന്നും കേട്ടത് മുതല്‍ അദ്ദേഹം മടങ്ങി യുകെയില്‍ എത്തുന്നതിനിടയില്‍ ഉള്ള പറക്കല്‍ സമയത്തു തന്നെ രോഗം യുകെയിലും എത്തിയിരുന്നുവെന്ന് ചുരുക്കം.
ടെസ്റ്റിംഗ് എന്തിന്? അതുകൊണ്ടുള്ള ഗുണമെന്ത്? രോഗം തടയാന്‍ അതേ വഴിയുള്ളൂ
ഇന്നലെ ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഞായറാഴ്ച ആയിട്ടും അവധിയെടുക്കാതെ ചെറിയാന് കോശി ജോലി സ്ഥലത്തു നിന്നുമാണ് സംസാരിച്ചത്. അതേസമയം കൊവിഡോ, എനിക്കോ എന്ന മട്ടില്‍ കടകളിലും പൊതു നിരത്തിലും കറങ്ങി നടക്കുന്നവര്‍ എപ്പോഴെങ്കിലും അറിഞ്ഞിരിക്കണം ചെറിയാനെ പോലെയും ആയിരക്കണക്കിന് ഡോക്ടര്‍മാരും നഴ്സുമാരും കെയറര്‍മാരും എങ്ങനെയാണ് ഓരോ കൊവിഡ് രോഗിയെയും ജീവിതത്തിലേക്ക് മടക്കി നടത്തിച്ചത് എന്ന്.
ഒരു കൊവിഡ് രോഗി അറിഞ്ഞോ അറിയാതെയോ പുറത്തിറങ്ങുമ്പോള്‍ അതുവഴി രോഗം പടരാന്‍ ഉള്ള സാധ്യത കൂടിയാണ് വര്‍ധിക്കുന്നത്. എന്നാല്‍ ആളുകളെ ടെസ്റ്റ് ചെയ്യുന്നതോടെ രോഗികളെ കണ്ടെത്താനും ഐസൊലേഷനില്‍ അയക്കാനും സാധിക്കുന്നത് വഴിയാണ് ടെസ്റ്റിംഗ് കൊവിഡ് വ്യാപനത്തിലും അതിന്റെ നിയന്ത്രണത്തിലും ഏറ്റവും പ്രധാനമായി മാറുന്നത്. നിലവില്‍ കൊവിഡ് പ്രതിരോധത്തില്‍ വാക്സിന് എത്താത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് രോഗ വ്യാപനം തടയാന്‍ ഫലപ്രദമായ ഏറ്റവും മികച്ച മാര്‍ഗം. അതിനാല്‍ തന്നെയാണ് ലോകം മുഴുവന്‍ ടെസ്റ്റിംഗ് എന്ന മാര്‍ഗത്തെ ആപ്ത വാക്യമായി കരുതി മുന്നോട്ടു പോകുന്നതും.
24 സാമ്പിളില്‍ 18 പേരും പോസിറ്റീവായത് ഇപ്പോള്‍ 240ല്‍ ആറായി ചുരുങ്ങിയിരിക്കുന്നു
കൊവിഡ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന മാര്‍ച്ച് അവസാനം മുതല്‍ മെയ് മധ്യം വരെയുള്ള ദിവസങ്ങളില്‍ ചെറിയാന് കോശിയുടെ മുന്നില്‍ എത്തുന്ന സാമ്പിളുകള്‍ക്ക് അദ്ദേഹത്തിന്റെ ഉറക്കം കെടുത്താന്‍ ഉള്ള ശേഷി ഉണ്ടായിരുന്നു. ഒരു തരം ഭയം സിരകളില്‍ അരിച്ചു കയറിയ ദിവസമാണ് അന്ന് കടന്നു പോയതെന്നും അദ്ദേഹം പറയുന്നു. കാരണം കയ്യില്‍ എത്തുന്ന മുഴുവന്‍ സാമ്പിളും പോസിറ്റീവ് ആയി മാറുകയാണോ എന്ന വിധത്തിലാണ് റിസള്‍ട്ട് എത്തികൊണ്ടിരുന്നത്. എന്നാല്‍ മെയ് പാതിയോടെ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിച്ചു തുടങ്ങി.
.jpg)
ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ പുറത്തിറങ്ങാതെ വന്നതോടെ ടെസ്റ്റിന് എത്തുന്ന സാമ്പിളുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ഒരു തവണ അനലൈസര്‍ മെഷീനില്‍ 24 സാമ്പിളുകളാണ് കയറ്റുന്നത്. ഇതില്‍ കൊവിഡിന്റെ പീക് ടൈമില്‍ 17 ഉം 18 ഉം വരെ പോസിറ്റീവ് കേസുകള്‍ ആയിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെ ചെയ്ത 240 ടെസ്റ്റില്‍ വെറും ആറുപേര്‍ മാത്രമാണ് പോസിറ്റീവ് ആയത് എന്നദ്ദേഹം പറയുമ്പോള്‍ ബ്രിട്ടനിലെ രോഗികളുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന കുറവുണ്ടെന്ന് കൂടിയാണ് ബോധ്യപ്പെടുന്നത്. ഇതിന് ഒറ്റക്കാരണം ലോക്ഡൗ ണ് തന്നെയെന്ന് ഉറപ്പിച്ചു പറയാം.
വീണ്ടും കൊവിഡ് എത്തുമോ? എത്തിയാല്‍ ഏതൊക്കെ പ്രദേശങ്ങളില്‍ വ്യാപനത്തിന്റെ കരുത്തു കൂടും?
കൊവിഡ് വീണ്ടും യുകെയില്‍ കരുത്താര്‍ജ്ജിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്. കാരണം ലോക്ഡൗണില്‍ ലഭിക്കുന്ന ഇളവുകളും സ്വാതന്ത്ര്യവും കൂടുതല്‍ പേരെ രോഗികളാക്കി മാറ്റും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും പുതുതായി രോഗികളുടെ എണ്ണം ഉയരുന്നത്. ബെഡ്ഫോര്‍ഡ് കൗണ്‍സില്‍ കഴിവതും വീട്ടില്‍ ഇരിക്കാന്‍ പ്രദേശവാസികള്‍ക്ക് സന്ദേശം നല്‍കിക്കഴിഞ്ഞു. മിഡ്ലാന്‍ഡ്സില്‍ കവന്‍ട്രിക്ക് അടുത്തുള്ള നനീട്ടന് എന്ന സ്ഥലത്തു രോഗം പടരുന്നതായി സൂചനയുണ്ട്. ലണ്ടനില്‍ ഏറ്റവും മോശമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ന്യുഹാം കൗണ്‍സില്‍ ആണ്.
.jpg)
കൂടാതെ ഈസ്റ്റ് ഹാം, സൗത്താല്‍ തുടങ്ങി ലണ്ടന്റെ സബര്‍ബന്‍ പ്രദേശങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധയില്ലാതെ പുറത്തിറങ്ങുന്നതും അനധികൃത കുടിയേറ്റക്കാര്‍ അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഇത്തരം പ്രദേശങ്ങള്‍ രണ്ടാം കൊവിഡ് ആക്രമണത്തില്‍ നിര്‍ണായകമാകും. രാജ്യത്തിന്റെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത ഉള്ളപ്പോള്‍ തന്നെ ആശുപത്രികളും മറ്റും കൂടുതല്‍ ശ്രദ്ധയോടും ജാഗ്രതയോടും പരിചയ മികവോടും രോഗികളെ കൈകാര്യം ചെയ്തു തുടങ്ങും എന്നതും ആശ്വാസമാണ്.
കൊവിഡ് വ്യാപനത്തിനു യുകെയില്‍ കാരണമായത് പല ഘടകങ്ങള്‍
ഔദ്യോഗികമായ തടസം മൂലം തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ചെറിയാന് കോശിക്കു പ്രയാസമുണ്ട്. എങ്കിലും തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടായത് രോഗ വ്യാപനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി അദ്ദേഹം കരുതുന്നു. മാര്‍ച്ച് അവസാനം സര്‍ക്കാര്‍ കൈകൊണ്ട പല തീരുമാനങ്ങളും വളരെ നേരത്തെ ഉണ്ടാകേണ്ടത് ആയിരുന്നു.
സത്യത്തില്‍ രോഗം ഇത്തരത്തില്‍ വ്യാപന തോത് കാണിക്കും എന്ന് ശാസ്ത്ര സമൂഹം വ്യക്തമായി മനസിലാക്കിയിരുന്നെങ്കിലും സര്‍ക്കാരിനും മറ്റു പ്രൊഫഷനാളുകള്ക്കും അത് വേണ്ടത്ര ഉള്‍ക്കൊള്ളാനായില്ല എന്നതും സത്യമാണ്. എങ്കിലും പിന്നീട് കാര്യങ്ങള്‍ക്ക് അതിവേഗത്തില്‍ തീരുമാനമായി. താന്‍ ജോലി ചെയ്യുന്ന ലാബില്‍ തന്നെ ഒരു ലക്ഷം പൗണ്ട് മുകളില്‍ വിലവരുന്ന പുതിയ അനലൈസര്‍ ഉപകരണങ്ങള്‍ വന്നതും രോഗം അതിന്റെ കാഠിന്യം കാട്ടി രാജ്യത്തെ ഞെട്ടിച്ചത് കൊണ്ട് കൂടിയാണ്. അതിനാല്‍ ഇനിയുള്ള മുന്നൊരുക്കങ്ങള്‍ക്കു വേഗത കൂടും എന്നുറപ്പാണ്.
ഒരു വശത്തു കുടുംബം, മറുവശത്തു ജോലി, അനുഭവിച്ചത് ആര്‍ക്കും മനസിലാകാത്ത സംഘര്‍ഷം
ഒരു വശത്തു ജോലിയില്‍ നേരിടുന്ന അമിതമായ സമ്മര്‍ദ്ദവും ഒരു മഹാമാരിയെ തടയാന്‍ മുന്നില്‍ നിന്നുള്ള പോരാട്ടവും. എപ്പോള്‍ വേണമെങ്കിലും രോഗം പിടികൂടാന്‍ ഉള്ള സാധ്യത മറ്റൊന്ന്. ജോലിക്കു പോകാതിരിക്കാനാകില്ല എന്നത് വേറൊരു സത്യം. വീട്ടുകാര്യങ്ങള്‍ ഷോപ്പിങ് ഉള്‍പ്പെടെ നടത്തിയിരുന്നത് അധ്യാപിക കൂടിയായ ഭാര്യ ഷീബയാണ്. എന്നാല്‍ കുടുംബത്തെ കൂടി രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ ആ കാര്യങ്ങളും താന്‍ ഏറ്റെടുക്കുക ആയിരുന്നു എന്നും ചെറിയാന് കോശി പറയുന്നു.
ഇതിനൊപ്പമാണ് ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന പ്രായം ചെന്ന അമ്മയുടെ ശുശ്രൂഷകളും. ഈസ്റ്റ് ഹാമിലും മറ്റും സകലര്‍ക്കും രോഗം പിടിപെടാന്‍ ഉള്ള സാധ്യത മുന്നില്‍ വന്നപ്പോള്‍ പ്രായം ചെന്ന അമ്മയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയാണ് ഏറെ ആശങ്കപ്പെടുത്തിയത്. വാറ്റ്ഫോഡില്‍ താമസിക്കുന്ന സഹോദരിയും കുടുംബവും ഒക്കെ നിരന്തരം വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സ് പഠിക്കുന്ന മൂത്ത മകന് ജോഷ്വായും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇളയ മകന് ജെറമിയായും രോഗത്തിന്റെ കാഠിന്യം അറിയാതെ വീട്ടില്‍ തന്നെ ആയിരുന്നു എന്നതാണ് അന്നാളുകളില്‍ ഏറെ ആശ്വാസം ആയിരുന്നത്.
ബയോളജി ടീച്ചറായ അമ്മയില്‍ നിന്നും പ്രചോദനം, ബയോ മെഡിക്കല്‍ സയന്റിസ്റ്റ് ആകാന്‍ ആഗ്രഹവും
ബയോളജി അധ്യാപികയായ അമ്മയില്‍ നിന്നും ഉള്ള പ്രചോദനത്തില്‍ ആ വിഷയത്തില്‍ നല്ല മാര്‍ക്ക് എപ്പോഴും സ്കോര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബയോളജിയില്‍ തന്നെ മാസ്റ്റേഴ്സും ചെയ്തു. സ്കൂള്‍ പഠന കാലത്തു 1980ലാണ് ചെറിയാന് കോശി മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തുന്നത്. അതിനും പത്തു വര്‍ഷം മുന്‍പേ പിതാവ് സിംഗപ്പൂരില്‍ നിന്നും ബ്രിട്ടീഷ് റോയല്‍ ആര്‍മിയുടെ ഭാഗമായി യുകെയില്‍ എത്തിയിരുന്നു. 86ല്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ബയോ മെഡിക്കല്‍ രംഗത്ത് ജോലി കണ്ടെത്തുക ആയിരുന്നു ലക്ഷ്യം. 1989ല്‍ തന്നെ ജോലിക്കു കയറുകയും ചെയ്തു.
കഴിഞ്ഞ പത്തു വര്‍ഷമായി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തലവന്‍ കൂടിയാണ്. ജോലിയെ ഒരു പാഷനായി കരുതുന്നതു കൊണ്ട് കൂടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നു മുതല്‍ ഇതുവരെ തളരാതെ, കൊവിഡ് പോരാട്ടത്തില്‍ യഥാര്‍ത്ഥ എന്‍എച്ച്എസ് ഹീറോയായി അനേകം പേര്‍ക്കൊപ്പം ചെറിയാനും അദ്ദേഹത്തിന്റെ സ്ഥാപനവും തല ഉയര്‍ത്തുന്നത്. ആ മികവിന് അദ്ദേഹത്തെ തേടി കൂടുതല്‍ അംഗീകാരവും പിന്നാലെ എത്തും എന്നുറപ്പാണ്. മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അത്തരം ഒരു നേട്ടവും യുകെ മലയാളികള്‍ക്ക് ചെറിയാനില്‍ നിന്നും കേള്‍ക്കാനായേക്കും. കാരണം ഹീറോകള്‍ ഓരോ രാജ്യത്തിന്റെയും അഭിമാനം കൂടിയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ