കാലാകാലങ്ങളായി കലയും കലാരൂപങ്ങളെന്നും വ്യക്തികളുടെ ആശയങ്ങളെയും ചിന്താസരണികളെയും മറ്റുള്ളവരിലേയ്ക്ക് വളരെ ഫലപ്രദമായി എത്തിക്കുവാനുള്ള ഓരോ ഉപകരണങ്ങളായിട്ടാണ് ഉപയോഗിച്ചിരുന്നത്. അതായത് ലോകത്തിലുള്ള വൈവിധ്യതയേറിയ കലാരൂപങ്ങളെല്ലാം തന്നെ ഒരു ആവിഷ്കാര തന്ത്രം മാത്രമാണ്. ലോകത്തിലുള്ള മറ്റു വ്യക്തികളുമായി സംവദിക്കുവാനും മറ്റുള്ളവരെ ഓരോ വ്യക്തികളെക്കുറിച്ചും അവരുടെ ചിന്താഗതികളെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും അറിയിക്കുവാനുള്ള മാധ്യമങ്ങള്‍. ആദ്യകാലങ്ങളില്‍ എല്ലാ കലാരൂപങ്ങളും തന്നെ ദൈവങ്ങളെ പ്രസാദിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു അതിനാല്‍ തന്നെ ജീവന് സ്പുരിക്കുന്ന ശില്പങ്ങള് നിര്‍മ്മിക്കുന്ന ശില്പികള് സമൂഹത്തില്‍ വളരെയധികം ആദരിക്കപ്പെട്ടിരുന്നു. ദൈവങ്ങളുടെ പ്രതിരൂപങ്ങളായ ശില്പങ്ങളിലേയ്ക്ക് നോക്കി ആശയവിനിമയം സാധ്യമാകണമെങ്കില്‍ ഓരോ ആരാധകന്റെയും മനസിനിമ്പമേകുന്ന ശില്പങ്ങളായിരിക്കണം. അതുപോലെതന്നെ ആദ്യകാലങ്ങളില്‍ കലാകാരന്മാരെന്നാല് ചിത്രകാരന്മാരെ വിശേഷിപ്പിക്കുവാന്‍ മാത്രമുള്ള വാക്കുകള്‍, വിവിധ വര്‍ണ്ണങ്ങളാല്‍ മാസ്മരിക ചിത്രങ്ങള്‍ വരയ്ക്കുകയും കലാരൂപങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന വ്യക്തികള്‍. പിന്നീട് ഗാന രചയിതാക്കളും ഗാനമാലപിക്കുന്നവരും വിവിധങ്ങളായ നടനനൃത്ത വിസ്മയങ്ങളും അഭിനയ പ്രതിഭകളും കൂടിചേര്‍ന്നപ്പോള്‍ കലാരൂപങ്ങളുടെ മാസ്മരിക ലോകം കൂടുതല്‍ വിസ്തൃതമായി. ചുരുക്കത്തില്‍ കലാരൂപങ്ങളിലൂടെ ലോകത്തിനു മുന്പില് പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരെക്കുറിച്ച് കേള്‍ക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രതിപാദിക്കുമ്പോഴും സ്വാഭാവികമായും മനുഷ്യര്‍ എപ്പോഴും ചിന്തിക്കുന്നത് വേദികളിലും അരങ്ങുകളിലും അതോടൊപ്പം ഈ ആധുനിക യുഗത്തില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റുള്ളവരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ആനന്ദ നിര്‍വൃതിയിലെത്തിക്കുന്ന വ്യക്തികളെ മാത്രമാണ്.
എന്നാല്‍ ഈ ആധുനികയുഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യ മനഃശാസ്ത്രത്തിന്റെ പഠനങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളുടെയും വിചാരവികാരങ്ങളുടെയും പഠനങ്ങളില്‍ നിന്നും തെളിയുന്നത് എല്ലാ മനുഷ്യരുടെയും ആശയവിനിമയരീതികളും പ്രകാശനരീതികളെല്ലാം പ്രത്യേകതകളുള്ള കലാരൂപങ്ങള്‍ തന്നെയാണ്. അതായത് മനുഷ്യര്‍ സ്വയം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികളെല്ലാം തന്നെ ഓരോ കലാരൂപങ്ങളാണ്, അവരുടേതായ തനത് ശൈലി ഭയമില്ലാതെ പ്രകടിപ്പിക്കുന്നവരെല്ലാം കലാകാരന്മാരാണ്. അങ്ങനെ വരുമ്പോള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയവരും അവരുടെ വൈദഗ്ദ്ധ്യങ്ങള്‍ പൊതു സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കും ഉപയോഗിക്കുന്ന എല്ലാവരും അവരുടെ മേഖലകളിലെ കലാകാരന്മാര് തന്നെയാണ്. സുരക്ഷിതമായി വാഹനമോടിക്കുന്നവരും രുചിയേറിയ ഭക്ഷണമുണ്ടാക്കുന്നവരും വിദഗ്ദ്ധമായി രോഗികളെ ചികില്സിക്കുന്നവരും കമ്പ്യൂട്ടിങ് മേഖലകളിലെ ആനിമേറ്റര്സ് തുടങ്ങി എല്ലാ മേഖലകളിലുള്ള എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും നല്ല പ്രാസംഗികരും എല്ലാം തന്നെ ഈ ഭൂമിയിലെ അനുഗ്രഹീത കലാകാരന്മാര് തന്നെയാണ്. കലാരൂപങ്ങള്‍ പ്രചോദനമേകുന്നതിനാല് സമൂഹത്തിലും ലോകത്തെമ്പാടുമുള്ള മറ്റു മനുഷ്യരെ ഏതെങ്കിലും രീതിയില്‍ പ്രചോദിപ്പിക്കുവാന്‍ കഴിവുള്ളവരെല്ലാം കലാകാരന്മാരാണ്. ഈ അനുഗ്രഹീത കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്ന ചിന്തകളും വികാരങ്ങളും നിസ്വാര്‍ത്ഥമായി മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാകുന്നത് തന്നെയാണ് അവരോരുത്തരിലെയും മഹത്ത്വം. കലാരൂപങ്ങളിലൂടെ ഓരോ പ്രാവശ്യവും പ്രകടിപ്പിക്കുന്നത് അവരുടെ ജീവിതാനുഭവങ്ങളും അവര്‍ നേരിട്ടനുഭവിച്ച മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളുമാണ്. കലാകാരന്മാര് അവര്‍ക്കുള്ളതെല്ലാം ലോകത്തിലുള്ള മറ്റെല്ലാവരുമായി മടികൂടാതെ പങ്കുവയ്ക്കുകയാണ്, അതിലൂടെ കൂടുതല്‍ വ്യക്തികള്‍ പുത്തന്‍ അറിവുകള്‍ നേടുകയും, ലോകത്തില്‍ വിജ്ഞാനം വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇഷ്ടപെട്ട കലാരൂപങ്ങളില്‍ പ്രാവീണ്യം നേടി അനുദിനം പരിശീലിക്കുന്ന കലാകാരന്മാര് കൂടുതലും തങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്ന കലാരൂപങ്ങളെ ഒരു തൊഴിലായി കാണുന്നതിനുപകരം അവര്‍ക്കുതകുന്ന മനസികോല്ലാസമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ എല്ലാ കലാരൂപങ്ങളും അതിരുകളില്ലാതെ അനുദിനം വളര്‍ന്നുകൊണ്ട് ഇരിക്കുകയാണ്. മനുഷ്യന്റെ ഉപജീവനത്തിനായി ചെയ്യുന്ന ഓരോ തൊഴിലിനും അതിന്റെതായ പ്രത്യേക വിജ്ഞാനവ്യവസ്ഥിതികളുണ്ട്, അതിനാല്‍ തന്നെ അവയിലെല്ലാം പലതരത്തിലുള്ള പരിമിതികളുമുണ്ട്. പക്ഷെ വിനോദത്തിനും മനസികോല്ലാസത്തിനുമായി ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന ശീലങ്ങള്‍ക്ക് പരിമിതികളില്ലാത്തതിനാല്‍ ധാരാളം അവസരങ്ങളുണ്ട്. അതോടൊപ്പം തന്നെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും കാരണങ്ങളാല്‍ അനുയോജ്യമല്ലായെന്നു വരുന്ന അവസ്ഥകളില്‍ മാറ്റിയെടുക്കുവാന്‍ സാധിക്കും പക്ഷെ മനസ്സിനിഷ്ടപ്പെട്ട വിനോദങ്ങളും പ്രവര്‍ത്തനങ്ങളും മാറ്റിയെടുക്കുവാനാരും ശ്രമിക്കാറില്ല, കാരണം അത്രയെളുപ്പം സാധ്യമല്ലാത്തതിലുപരി ഓരോരുത്തരും അവയില്‍ ആനന്ദം കണ്ടെത്തുന്നുണ്ട്.
ഈ ലോകത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും അധികമുണ്ടാകുന്ന വികാരം ഭയമാണ്, അതുപോലെ തന്നെ വികാരങ്ങള്‍ക്ക് വിചാരങ്ങളുടെ മേല്‍ അധിപധ്യമുള്ളതിനാല് മനുഷ്യര്‍ നൈമിഷിക വികാരങ്ങള്‍ക്ക് എളുപ്പത്തില്‍ അടിമപ്പെട്ടു പോവുകയും ചെയ്യുന്നത് സര്വ്വസാധാരണവുമാണ്. എന്നാല്‍ ഭയമെന്ന വികാരത്തിനെ വീണ്ടുവിചാരത്തോടെ നേരിടുമ്പോള്‍ ഭയം വെറുമൊരു തോന്നല്‍ മാത്രമാണെന്ന് തിരിച്ചറിയും. അതുപോലെ തന്നെയാണ് മറ്റെല്ലാ വികാരങ്ങളായ അകാരണമായ ഉത്ക്കണ്ഠയും, ദുഖവും, വെറുപ്പും, വിധ്വെഷവും, അസൂയയും, ആശ്ചര്യവും, അത്ഭുതവും, പ്രേമവും ഇവയെല്ലാം നൈമിഷികങ്ങള്‍ തന്നെയാണ്. ഇങ്ങനെയുള്ള അര്‍ത്ഥമില്ലാത്ത നൈമിഷിക വികാരങ്ങളില്‍ അടിമപ്പെട്ടുപോകുമ്പോള് മാത്രമാണ് ഓരോ മനുഷ്യരുടെയും ജീവിതം വ്രണപെട്ടുപോവുകയോ സ്വാഭാവിക പാതയില്‍ നിന്നും വ്യതിചലിക്കുകയോ ചെയ്യുന്നത്. കാലാകാലങ്ങളായി എണ്ണമില്ലാത്ത വികാരങ്ങള്‍ മനുഷ്യനിലുണ്ടെന്നു വിശ്വസിച്ചിരുന്നപ്പോഴും നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു മനുഷ്യനില്‍ നാലു വികാരങ്ങള്‍ മാത്രമാണുള്ളതെന്നാണ്. മനുഷ്യനിലെ ജൈവശാസ്ത്രത്തിന് അടിസ്ഥാനമാക്കിയുള്ള മുഖഭാവങ്ങളില്‍ നിന്നും ബഹിസ്പുരിക്കുന്ന കിരണങ്ങളില്‍ ആധുനിക കംപ്യൂട്ടറുകളുടെ സഹായത്താല്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്. സന്തോഷവും, ദുഖവും വേറിട്ടാണെങ്കിലും പേടിയിലൂടെ ആശ്ചര്യവും ദേഷ്യത്തില്‍ നിന്നുമുള്ള വെറുപ്പുമാണ് മനുഷ്യരില്‍ ഉടലെടുക്കുന്നത്. അതോടൊപ്പം തന്നെ ആശ്ചര്യവും ഭയവും കോപവും വെറുപ്പും തമ്മില്‍ വേറിട്ട വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും, ഈ വ്യത്യാസങ്ങള്‍ മനുഷ്യന്റെ ഭൂമിയിലെ ആദ്യകാലങ്ങളിലെ അതിജീവനത്തിനായിരുന്നില്ല മറിച്ച് ഭൂമിയിലെ മനുഷ്യന്റെ സാമൂഹിക ജീവിതത്തിനായി മാത്രം വികസിച്ചതാണെന്നുമാണ് ഇതേ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാലോചിതമായി മനുഷ്യര്‍ പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും വളരുന്ന ലോകത്തില്‍ സാമൂഹിക ജീവിതം സുഗമമാക്കുവാനായി മനുഷ്യരിലെ വികാരങ്ങള്‍ വീണ്ടും വിപുലീകൃതമാകുവാനുള്ള സാദ്ധ്യതകളും തള്ളിക്കളയുന്നില്ല..
മനുഷ്യരിലെ അനുദിനം വളരുന്ന വികാരങ്ങളെ അടിച്ചമര്‍ത്താതെ പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന് മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളില്ലാത്ത വ്യക്തികള്‍ അതായത് മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തുവാന്‍ കെല്പുള്ള വ്യക്തികളുമാണ് കൂടുതല്‍ സല്ഫലങ്ങള് സൃഷ്ടിക്കുന്നതെന്നതും ശ്രേദ്ധേയമായ വസ്തുതയുമാണ്. ഭയമെന്ന വികാരം പൊതുവെ എല്ലാ മനുഷ്യരിലും അധികമായി പ്രതിഫലിക്കുന്നുണ്ടെങ്കിലും ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങളില്‍ സ്നേഹമെന്ന വികാരമാണ് അധികമായി നില്‍ക്കുന്നത്. പ്രാഥമികമായും പ്രകൃതിയുടെ സ്വാഭാവിക നിയമമായ പ്രത്യുല്പാദന ഘടകങ്ങളാണെങ്കിലും എന്നാലീ ബന്ധങ്ങളില്‍ സ്നേഹമില്ലാതാവുമ്പോള് വെറുപ്പും വിധ്വേഷവും കൂടുതലായി പ്രതിഫലിക്കുന്നുണ്ട്. മലയാള സാഹിത്യമുള്‍പ്പെടുന്ന ലോകത്തിലെ എല്ലാ സാഹിത്യ കൃതികളിലും ഏറ്റവും കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുന്നതും പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും ആണും പെണ്ണും തമ്മിലുള്ള പ്രണയങ്ങളെക്കുറിച്ചും പ്രണയാനന്തര ബന്ധങ്ങളെക്കുറിച്ചും തന്നെയാണ്. പുരാതന കാലങ്ങളിലും ആധുനിക യുഗത്തിലും ആണും പെണ്ണും തമ്മിലുള്ള പ്രണയങ്ങള്‍ വാക്കുകളേക്കാള്‍ കൂടുതല്‍ വരികളിലൂടെയാണ് അറിയിച്ചിരുന്നത്. കൗമാര പ്രായത്തിലും യൗവനങ്ങളിലും അന്യോന്യം ആകര്ഷണീയരാവുമ്പോള് അറിവുള്ള ഭാഷയില്‍ വെള്ളക്കടലാസുകളില്‍ രചിച്ച ഹ്രസ്വമായ കത്തുകളും, നീണ്ട പ്രണയ ലേഖനങ്ങളുമെഴുതുവാന് പലരെയും ആരും പ്രത്യേകമായി പരിശീലിപ്പിച്ചിട്ടില്ല പക്ഷെ അവരോരുത്തരുടേയും മനസ്സില്‍ നിന്നുമുയരുന്ന വികാരങ്ങളെ എഴുത്തുകളിലൂടെ പ്രകടിപ്പിക്കുവാന്‍ സാധ്യമായി എന്നതാണ് പരാമാര്‍ത്ഥം. മനുഷ്യര്‍ക്ക് തങ്ങളുടെ പ്രണയമെന്ന വികാരത്തെ എഴുത്തുകളിലൂടെ പ്രകടിപ്പിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുന്നുണ്ടെങ്കില്‍ മറ്റുള്ള വികാരങ്ങളെയും എഴുത്തുകളിലൂടെ നിയന്ധ്രിക്കുവാന്‍ സാധിക്കും.
വിവിധങ്ങളായ വികാര വിചാരങ്ങള്‍ എഴുത്തുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവ് ലഭിക്കുമെന്നുള്ളത് പുത്തന്‍ അറിവല്ലെങ്കിലും ശാസ്ത്രീയമായി തെളിയിച്ചത് ഈ അടുത്ത നാളുകളില്‍ മാത്രമാണ്. വലിയ ഉപദ്രവകാരികളല്ലാത്ത നാടന്‍ എട്ടുകാലികളില്‍ നിന്നും പോലും അകലം പാലിക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും അപകടകാരികളായ തരണ്തുള വിഭാഗത്തില്‍ പെട്ട എട്ടുകാലികളോടുള്ള മനോഭാവം ഊഹിക്കാവുന്നതേയുള്ളു. ഒരു പറ്റം വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ഒരു ഗ്ലാസ് ജാറില്‍ ആക്കിയ തരണ്തുള എട്ടുകാലിയുടെ അടുത്ത് പലയാവര്‍ത്തി എത്തിച്ചപ്പോളുണ്ടായ മനോഭാവങ്ങളിലെ വ്യത്യാസങ്ങള്‍ പഠനവിധേയമാക്കുകയുണ്ടായി. പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എട്ടുകാലിയോട് പേടിയുണ്ടായിരുന്നെങ്കിലും, ഒരു വിഭാഗം കുട്ടികളോട് ആദ്യത്തെ ഇടപെടലിനുശേഷം അവരുടെ അനുഭവങ്ങള്‍ പ്രത്യേകിച്ചും അവരുടെ പേടിയുടെ കാരണങ്ങള്‍ ഒരു കടലാസില്‍ എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു. അനുഭവങ്ങളെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഭയവും പിന്നീടുള്ള തരണ്തുളയോടുള്ള മനോഭാവത്തിലും മാറ്റങ്ങള്‍ കണ്ടു. ആ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാവരും തന്നെ പിന്നീട് ഭയമില്ലാതെ തരണ്തുളയുടെ ഗ്ലാസ് ജാറിനേ സമീപിക്കുവാന്‍ തുടങ്ങി. എന്നാല്‍ പ്രത്യേകമായി ഒന്നും ആവശ്യപ്പെടാതിരുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ മനോഭാവങ്ങളില്‍ ഒരു മാറ്റവും കാണുവാന്‍ സാധിച്ചില്ല. എല്ലാ സാഹചര്യങ്ങളിലും മനുഷ്യര്‍ക്കുണ്ടാകുന്ന വികാരങ്ങളെ വിവരിച്ചുകൊണ്ട് എഴുതുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മാറ്റങ്ങള്‍ സംഭിവിക്കുന്നു എന്ന് തെളിയിക്കുകയായിരുന്നു.
മറ്റൊരവസരത്തില്‍ പരീക്ഷാപേടിയുള്ള എല്ലാ കുട്ടികളെയും പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് അവരുടെ പേടിയുടെ കാരണങ്ങള്‍ മറ്റൊരു കടലാസ്സില്‍ എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു, അപ്പോഴും വളരെ ശുഭകരമായ മാറ്റങ്ങളാണ് കുട്ടികളില്‍ കാണുവാന്‍ സാധിച്ചത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളിലെ പേടി എഴുതുവാന്‍ പോകുന്നതിനെപ്പറ്റി തന്നെയാണ്, തങ്ങളുടെ രചനകളുടെ ഉള്ളടക്കത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ. എന്നാല്‍ ഓരോ പ്രാവശ്യവും എഴുതുമ്പോള്‍ അവരുടെ മാനസിക പിരിമുറുക്കങ്ങള്‍ അയഞ്ഞുകൊണ്ടിരിക്കും. നിലവിലെ കമ്പ്യൂട്ടര്‍ യുഗത്തിന് മുന്‍പ് അധ്യാപന രീതി തന്നെ ധാരാളം എഴുതിച്ചുകൊണ്ടുള്ളതായിരുന്നു. പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുന്നതിന് പകരം അറിവ് നേടുവാന്‍ പഠിക്കുന്ന രീതികളില്‍ കുട്ടികളോട് ധാരാളം എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു. ക്ളാസ്സ് മുറികളിലിരുന്നും വീടുകളില്‍ ഇരുന്നും കുട്ടികളോട് ധാരാളം എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നത് ശിക്ഷാ നടപടികള്‍ക്കുപരി മനസ്സില്‍ പതിയുവാനുതകുന്ന പഠന രീതികള്‍ മാത്രമായിരുന്നു. ഓരോരുത്തരുടേയും വികാരവിചാരങ്ങള്‍ വെളുത്ത കടലാസുകളിലേയ്ക്ക് ഒരിക്കല്‍ എഴുതിക്കഴിയുമ്പോള്‍ പിന്നീടത് ഉല്‍ക്കണ്ഠയായി നിലനില്ക്കുന്നില്ല പകരമൊരു ശക്തിയായി അവരോരുത്തരിലും ജീവിത കാലം മുഴുവന്‍ കുടികൊള്ളുകയാണ്.
എഴുത്തുകളിലൂടെ മാനുഷിക വികാരവിചാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നതുകൊണ്ടും വ്യക്തികളിലെ ആശയങ്ങളും അഭിപ്രായങ്ങളും ഫലപ്രദമായി മറ്റുള്ളവരുടെ മുന്പില് അവതരിപ്പിക്കുവാന്‍ സാധിക്കുന്നതുകൊണ്ടും എഴുത്തൊരു ശ്രേഷ്ഠമായ കലാരൂപം തന്നെയാണ്. കൂടുതല്‍ എഴുത്തുകാരും അവരുടെ എഴുത്തുകളിലൂടെ അവതരിപ്പിക്കുന്നത് അവരുടെ ജീവിതാനുഭവങ്ങളും അവര്‍ നേരിട്ടനുഭവിച്ച മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളുമാണ്. വൈവിധ്യതയേറിയ ജീവിതാനുഭവങ്ങള്‍ ലോകത്തിലുള്ള മറ്റുപലര്‍ക്കും ഉപകാരപ്പെടുകയും ചെയ്യുന്നതിനാല്‍ എഴുത്തെന്ന കലയെ അനുദിനം പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം. എന്നാല്‍ ജോലിയും കുടുംബ പ്രാരാബ്ദങ്ങളും കഴിഞ്ഞ് എഴുതുവാനുള്ള സമയം കണ്ടെത്തുന്നത് തന്നെയാണ് ഓരോ സാധാരണക്കാരന്റെയും മുന്നിലുള്ള ഏറ്റവും വലിയ പതിസന്ധിയും. പ്രത്യേകിച്ചും ഈ ആധുനിക യുഗത്തില്‍ ആണു കുടുംബങ്ങളായി ജീവിക്കുന്ന വ്യക്തികള്‍ക്ക്. എന്നാല്‍ അഗ്രഗണ്യരായ എഴുത്തുകാരുടെ ഉപദേശങ്ങള്‍ വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതുമാണ്. പ്രാഥമികമായി ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ ഇരിപ്പിടം തിരഞ്ഞെടുക്കുക എന്നതാണ്. നിരവധി പുസ്തകങ്ങള്‍ പല നിലകളിലായി അടുക്കി വച്ചിരിക്കുന്ന പഠനമുറികളുടെ ആവശ്യകതകളൊന്നുമില്ല. ഓരോരുത്തര്‍ക്കും വളരെ മനസുഖം നല്കുന്ന ഒരു ഇരിപ്പിടം. കഴിവതും ബാഹ്യമായ ബഹളങ്ങളില്‍ നിന്നും ഒഴുവുള്ള സ്ഥലമായിരിക്കണം. രണ്ടാമതായി അനുയോജ്യമായ ഒരു സമയം തിട്ടപ്പെടുത്തണം, എല്ലാദിവസവും അതേസമയത്ത് അതെ ഇരിപ്പടത്തില് ഇരിക്കുവാനും സാധിക്കുന്ന സമയം. ജീവിതത്തില്‍ സ്ഥിരമായ ഒരു താളം ക്രമപ്പെടുത്തിയെടുത്തെങ്കില് മാത്രമാണ് ചെയ്യുന്ന പ്രവൃത്തിയോട് ആല്മാര്ഥത ഉണ്ടാവുകയുള്ളു. മൂന്നാമതായി ഒരു ലക്ഷ്യം ക്രമീകരിക്കുക അതിനുശേഷം ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുക. തുടക്കത്തില്‍ ഏറ്റവും ചെറിയ ലക്ഷ്യങ്ങളായ ഒരു വരിയും, പിന്നീട് ഒരു കണ്ണികയും അതിനുശേഷം നിരവധി താളുകളിലേയ്ക്ക് എത്തിച്ചേരുന്ന രീതിയില്‍ ക്രമീകരിക്കണം. എല്ലാവര്ക്കും വളരെ ഭംഗിയായി എഴുതുവാന്‍ സാധിക്കും കാരണം എഴുത്ത് ഒരു കലയാണ്, എല്ലാ എഴുത്തുകാരും കലാകാരന്മാരാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ