റിമൂവ് ചൈന ആപ്സ്' രണ്ടാഴ്ചയ്ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍; ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്ക്കരിക്കണമെന്ന വാങ്ചുകിന്റെ ആഹ്വാനം ഏറ്റെടുത്ത് നമ്മുടെ രാജ്യം
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരാണ് നമ്മള് ഇന്ത്യക്കാര്‍. ചൈനീസ് നിര്‍മ്മിത മൊബൈല്‍ മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമായിരിക്കെ ചൈനയ്ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യമാകെ ഉയരുന്നത്. ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി. ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യക്കാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആഹ്വാനവുമുണ്ട്. സെലിബ്രേറ്റികളടക്കം ഈ ആഹ്വാനം ഏറ്റെടുക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ജയ്പുരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി പുറത്തിറക്കിയ ആപ് ഇന്ത്യക്കാര്‍ക്കിടയില്‍ വൈറലാകുന്നത്. 'റിമൂവ് ചൈന ആപ്സ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇന്ത്യക്കാര്‍ക്കിടയില്‍ തരംഗമായത്. രണ്ടാഴ്ചയ്ക്കിടയില്‍ 10 ലക്ഷത്തിലേറെ ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഈ ആപ് ഉപയോക്താക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന, ചൈനാനിര്‍മ്മിത അപ്ലിക്കേഷനുകള്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള യുഐ (യൂസര്‍ ഇന്റര്‍ഫെയ്സ്) നല്‍കുകയും ചെയ്യുന്നു. വണ്‍ ടച്ച് ആപ് ലാബ്സ് എന്ന കമ്പനിയാണ് ഈ ആപ് നിര്‍മ്മിച്ചത്. മെയ് 17നാണ് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങിയത്. നിലവില്‍ പ്ലേ സ്റ്റോറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളില്‍ ഒന്നാണ് ഇത്.
ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന് സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്വെയറുകളും ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്വെയറുകളും ഒഴിവാക്കണമെന്നാണു മഗ്സസെ അവാര്‍ഡ് ജേതാവായ വാങ്ചുക് പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ചൈനീസ് നിര്‍മ്മിത ഫോണ്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്നു. അതേസമയം നമ്മള് ചൈനീസ് ഹാര്ഡ്വെയറുകള് വാങ്ങുന്നു. ടിക്ടോക് തുടങ്ങിയ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നു. നമ്മള് അവര്‍ക്കു നല്കുന്ന കോടികളുടെ വ്യാപാരത്തിലൂടെയാണ് അവര്‍ സൈനികരെ ആയുധസജ്ജരാക്കി നമുക്കെതിരെ പോരാടാന്‍ എത്തിക്കുന്നത്' വാങ്ചുക് പറഞ്ഞു.
'ചൈന ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അവിടുത്തെ ജനങ്ങളെയാണ്. യാതൊരു മനുഷ്യാവകാശങ്ങളും ഇല്ലാതെ സര്‍ക്കാരിനെ സമ്പന്നരാക്കാനുള്ള തൊഴിലാളികളായാണു ജനങ്ങളെ കാണുന്നത്. കോവിഡിനു ശേഷം ഫാക്ടറികള്‍ പൂട്ടി, കയറ്റുമതി നിലച്ചു. തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ചൈനീസ് ഉല്പന്നങ്ങള് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അത് ആഗോളതരംഗമാകും. അത് നമ്മുടെ വ്യവസായത്തിനു നല്ലതാണ്' വാങ്ചുക് പറഞ്ഞു. വാങ്ചുകയുടെ ആഹ്വാനത്തിനു പിന്നാലെ നടനും മോഡലുമായ മിലിന്ദ് സോമന് ടിക്ടോക് ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.