കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രാഥമിക അന്വേഷണം. കേസ് ഇപ്പോഴും ലോക്കല്‍ പൊലീസാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കൊലപാതക സാധ്യത കണ്ടെത്തിയാല്‍ കേസ് അന്വേഷണം പൂര്‍ണ്ണമായും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കും.
കേസില്‍ അന്വേഷണം നടത്തുന്നത് തെളിവുകള്‍ നഷ്ടമാകാതിരിക്കാനുള്ള കരുതലുമായാണ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര(25)യാണ് മരിച്ചത്. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍െവച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന്റെ ചികിത്സ തുടരവേ മെയ് ഏഴിന് സ്വന്തം വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെയൊപ്പം ഒരേമുറിയില്‍ തങ്ങുമ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്.
കേസില്‍ ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതാകും നിര്‍ണ്ണായകം. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകൈയില്‍ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭര്‍ത്താവും കിടന്ന മുറി പരിശോധിച്ചപ്പോള്‍ മൂര്‍ഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു. രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ആദ്യതവണ ഭര്‍ത്താവിന്റെ വീട്ടില്‍െവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേയാണ് രണ്ടാമത് മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്. ഇങ്ങനെ രണ്ട് തവണ പാമ്പ് കടിച്ചതിലെ സംശയങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തുന്നത്.
ഉത്രയുടെ വീട്ടിലെ മുറിയിലായിരുന്നു സംഭവം. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഇതിനു പിന്നില്‍ ദൂരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കള്‍ പറയുന്നത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണു സംശയം. ഉത്രയുടെ ഭര്‍ത്താവിന് പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷിക്കും.
മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. അന്ന് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന് ആരോപിച്ചിരുന്നു. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ പറയുന്നു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്കി. ഇതോടെ പരാതിക്ക് പുതു മാനവും വന്നു.
മകള്‍ക്കു വിവാഹസമ്മാനമായി നല്കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒരു വയസ്സുള്ള മകനുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാര്‍ എ.സി. മുറിയില്‍ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒന്‍പതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകള്‍ അടച്ചിരുന്നു. പിന്നീട് ഭര്‍ത്താവ് സൂരജാണ് ജനാലകള്‍ തുറന്നിട്ടത്. ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയുണ്ടെങ്കിലേ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കൂ. അതിനിടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചല്‍ എസ്ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സിഐ. സി.എല്‍.സുധീര്‍ പറഞ്ഞു.