കൊച്ചി: ശ്രീശാന്തും ഉത്തപ്പയും ഇന്നലെ കേരളത്തിന് നല്കിയത് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഇതോടെ കേരളം വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലുമെത്തി. മികച്ച പ്രകടനമാണ് ആദ്യ ഘട്ടത്തില് കേരളം നടത്തിയത്. ആറു കളിയില് അഞ്ചിലും ജയിച്ചു. തോറ്റത് കരുത്തരായ കര്ണ്ണാടകയ്ക്കൊപ്പം മാത്രം. ഈ ഗ്രൂപ്പില് കേരളം തളരുമെന്ന കണക്കു കൂട്ടലുകള് തെറ്റിക്കുന്നതായിരുന്നു അഞ്ചു മത്സരങ്ങളിലെ വിജയം. എന്നാല് ഈ ജയത്തോടെ പ്രതിസന്ധിയിലാകുന്നത് കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്.
കേരളത്തിലെ കളിക്കാരില് യാതൊരു വിശ്വാസവും ഇല്ലാത്തവരാണ് അസോസിയേഷന് ഭാരവാഹികള് എന്നതാണ് കേരളാ പ്രിയര്ലീഗ് ക്രിക്കറ്റിന്റെ സമയ ക്രമം വക്തമാക്കുന്നത്. വിജയ് ഹസാരയില് തോറ്റ് ടീം മാര്ച്ച് ഒന്നിന് തിരിച്ചെത്തുമെന്നായിരുന്നു കേരളത്തിലെ ക്രിക്കറ്റ് ദൈവങ്ങളുടെ കണക്കു കൂട്ടല്. അതുകൊണ്ട് തന്നെ കേരളാ പ്രിയര് ലീഗ് ക്രിക്കറ്റിന്(കെസിഎ പ്രസിഡന്റ് കപ്പ്) സമയക്രമവും അതിന് അനുസരിച്ച് തയ്യാറാക്കി. കേരളാ ക്രിക്കറ്റിനെ കൈപിടിച്ച് വളര്ത്തുകയാണ് പ്രിമിയര് ലീഗിന്റെ ലക്ഷ്യം. മാര്ച്ച് ആറിന് തുടങ്ങി മാര്ച്ച് 23ന് തീരുന്ന ക്രിക്കറ്റ് ടൂര്ണ്ണമെന്റ്. വിജയ് ഹസാരയില് തോറ്റമ്പുന്ന ടീം മാര്ച്ച് ഒന്നിന് നാട്ടിലെത്തുമെന്ന് കരുതി തയ്യാറാക്കിയ ഫിക്സചര്.
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്ണമെന്റില് ഇന്നലെ ബിഹാറിനെതിരെ മിന്നല് ബാറ്റിങ്ങുമായി കേരളം കുറിച്ച ആവേശജയം വെറുതെയല്ല. ടൂര്ണമെന്റില് ക്വാര്ട്ടര് ഫൈനല് സാധ്യത സജീവമാക്കാന് മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്റ്റൈലില് കേരളം മിന്നല് ബാറ്റിങ് പുറത്തെടുത്തത്. 40.2 ഓവറില് ബിഹാര് നേടിയ 148 റണ്സ് വെറും 53 പന്തുകളിലാണ് കേരളം മറികടന്നത്. അതും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്. 30 റണ്സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത എസ്.ശ്രീശാന്താണു ബിഹാറിനെ തകര്ത്തത്. വേഗം ജയിച്ച് നെറ്റ് റണ്റേറ്റ് ഉയര്ത്തുകയെന്ന ലക്ഷ്യവുമായി ക്രീസിലെത്തിയ കേരളത്തിനായി ഓപ്പണര്മാരായ റോബിന് ഉത്തപ്പയും (32 പന്തുകളില് പുറത്താകാതെ 87 റണ്സ്) വിഷ്ണു വിനോദും (12 പന്തുകളില് 37) മിന്നല് ബാറ്റിങ്ങാണു നടത്തിയത്. സഞ്ജു സാംസണ് 9 പന്തുകളില് 24 റണ്സെടുത്തതോടെ 8.5 ഓവറില് കേരളം വിജയത്തിലെത്തി. ഇതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള് പ്രതിസന്ധിയിലുമായി.
സഞ്ജു വി സാംസണും അസുറൂദ്ദീനും വിഷ്ണു വിനോദും റോബിന് ഉത്തപ്പയും അടങ്ങുന്ന ബാറ്റിങ് കരുത്ത്. ശ്രീശാന്തിന്റെ ബൗളിങ്ങ് പരിചയം. ഇതൊന്നും ഇനിയും കേരളാ ക്രിക്കറ്റിലെ മേലധികാരികള്ക്ക് മനസ്സിലായിട്ടില്ല. ഉത്തര്പ്രദേശിനോടും കര്ണ്ണാകയോടും എതിരിടാനുള്ള കരുത്ത് കേരളാ ക്രിക്കറ്റിന് ഇല്ലെന്ന് അസോസിയേഷന് മുന്വിധിയോടെ കണ്ടു. ശ്രീശാന്ത് അടക്കമുള്ള ബൗളര്മാര് പരാജയമാകുമെന്ന് വിലയിരുത്തി. അങ്ങനെയായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്, പ്രിമിയര് ലീഗിന് സമയം കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖരെല്ലാം വിജയ് ഹസാരെ ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ താരങ്ങള് ഇല്ലാതെ എന്ത് പ്രിമിയര്ലീഗ് എന്ന ചോദ്യമാണ് ഉയരുന്നത്.
കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയണ്സ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയല്സ്, കെസിഎ ഈഗിള്സ് എന്നീ ടീമുകളാണ് ലീഗില് ഉള്ളത്. യഥാക്രമംസച്ചിന് ബേബി, വത്സല് ഗോവിന്ദ്, രാഹുല് പി, അക്ഷയ് ചന്ദ്രന്, സിജോ മോന് ജോസഫ്, മുഹമ്മദ് അസറുദ്ദീന് എന്നിവര് യഥാക്രമം ടീമുകളെ നയിക്കും. കെസിഎയില് രജിസ്റ്റര് ചെയ്തിരിക്കുന്ന 84 താരങ്ങളെയാണ് 6 ടീമുകളാക്കി തിരിച്ചിരിക്കുന്നത്. ഒരു ടീമില് 14 പേര് വീതമാണ് ഉള്ളത്. അണ്ടര്-19 താരങ്ങളും ടീമുകളില് ഉണ്ട്. എന്നാല് ടീമിലെ പ്രധാനികള് എല്ലാം വിജയ് ഹസാരെ ട്രോഫിയിലെ താരങ്ങലാണ്. ടീം ക്യാപ്ടന്മാരായ സച്ചിന് ബേബിയും വല്സല് ഗോവിന്ദും അക്ഷയ് ചന്ദ്രനും മുഹമ്മദ് അസറുദ്ദീനും സിജോ മോന് ജോസഫും വിജയ് ഹസാരെ ടീമിന്റെ ഭാഗമാണ്. ഇവര്ക്കൊന്നും നിലവിലെ സാഹചര്യത്തില് കേരളാ പ്രിമിയര് ലീഗിന്റെ ആദ്യ മത്സരം കളിക്കാനാകില്ല.
കെസിഎ ലയണ്സും കെസിഎ ടൈഗേഴ്സുമായി ആറിന് ആദ്യ മത്സരം. അന്ന് റോയല്സും പാന്തേഴ്സും ഏറ്റുമുട്ടുന്നുമുണ്ട്. അടുത്ത ദിവസം മറ്റ് ടീമുകള്ക്കും കളി. ഈ മത്സരങ്ങളില് ഒന്നും വിജയ് ഹസാരെ ടീം അംഗങ്ങള്ക്ക് കളിക്കാനാകില്ല. പ്രമുഖ ഫാന്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ് നടത്തുന്നത്. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങള്. ഈ മത്സങ്ങള്ക്ക് നിരവധി സ്പോണ്സര്മാരുമുണ്ട്. പ്രമുഖ താരങ്ങള് പങ്കെടുക്കുമെന്ന ഉറപ്പിലാണ് ഇവര് സ്പോണ്സര്മാരാകുന്നത്. ശ്രീശാന്തിന്റെ സാന്നിധ്യവും ടൂര്ണ്ണമെന്റിന് മാറ്റ് കൂട്ടുന്നു.
എന്നാല് കളിക്കാരില് വിശ്വാസമില്ലാത്ത കെസിഎയുടെ തീരുമാനം ഈ ടൂര്ണ്ണമെന്റിന്റെ താളം തെറ്റിച്ചു. വിജയ് ഹസാരയില് നോക്കൗട്ടില് കടന്ന കേരളത്തിന് ഇനിയും മത്സരങ്ങളുണ്ട്. ഇന്ന് വിജയ് ഹസാരയുടെ ലീഗ് മത്സരങ്ങള് തീരും. അതിന് ശേഷം മാത്രമേ കേരളം പ്രി ക്വാര്ട്ടറില് കളിക്കണോ ക്വാര്ട്ടറില് കളിക്കണോ എന്ന് വ്യക്തമാകൂ. വിജയ് ഹസാരയില് കേരളം വിജയ വഴി തുടര്ന്നാണ് ഈ മാസം 14 വരെ മത്സങ്ങളുണ്ടാകും. അങ്ങനെ വന്നാല് കേരളാ പ്രസിഡന്റ് കപ്പിലെ ആദ്യ പകുതിയില് വിരസതയാകും ഫലം. ഈ സാഹചര്യത്തില് ഈ ടൂര്ണ്ണമെന്റ് നീട്ടിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. കോവിഡു കാലത്ത് പലപ്പോഴും മാറ്റിയ ടൂര്ണ്ണമെന്റിനാണ് ഇപ്പോള് ഈ ഗതി വരുന്നത്.
വിജയ് ഹസാരയില് കേരളം ഫൈനലില് എത്തുമെന്ന പ്രതീക്ഷയില് സമയക്രമം തയ്യാറാക്കിയിരുന്നുവെങ്കില് ഈ ടൂര്ണ്ണമെന്റിന് ഈ അവസ്ഥ വരില്ലായിരുന്നു. തോല്ക്കാന് ടീമിനെ അയച്ച കെസിഎയ്ക്ക് കളിക്കാര് പണി കൊടുത്തതാണ് ഈ ടൂര്ണ്ണമെന്റിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുവേയുള്ള ആക്ഷേപം. വിജയ് ഹസാരയില് അടുത്ത റൗണ്ട് കേരളം ഉറപ്പിച്ചിട്ടുണ്ട്. 5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റില് ഇവര്ക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളും നേരിട്ടു ക്വാര്ട്ടറിലെത്തും. പോയിന്റില് മൂന്നാമതുള്ള ഏറ്റവും മികച്ച എലീറ്റ് ടീം, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റര് കളിച്ചു ക്വാര്ട്ടറിലെത്തും. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്ണാടക, മുംബൈ, സൗരാഷ്ട്ര ടീമുകള് ക്വാര്ട്ടര് ഉറപ്പിച്ചു. മികച്ച റണ്റേറ്റുള്ള ഉത്തര്പ്രദേശും ക്വാര്ട്ടറിലെത്തി. ഇനി 2 ടീമുകള്ക്കാണ് എലീറ്റ് ഗ്രൂപ്പില്നിന്നു സാധ്യത.
5 കളികളില് കേരളത്തിന് 16 പോയിന്റ്. നെറ്റ് റണ്റേറ്റ്: 1.244. 5 കളികളില് ബറോഡയ്ക്ക് 16 പോയിന്റ്. റണ്റേറ്റ്: 0.399. 4 കളികളില് ഡല്ഹിക്ക് 12 പോയിന്റ്. റണ്റേറ്റ്: .0473. ഇന്നു ഡല്ഹി വന് മാര്ജിനില് രാജസ്ഥാനെ തോല്പിച്ചാല് അവര് കേരളത്തിനും ബറോഡയ്ക്കും മുന്നിലെത്തി നേരിട്ടു ക്വാര്ട്ടറിലേക്ക്. 8ാം സ്ഥാനക്കാരായി കേരളത്തിനു പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി എലിമിനേറ്റര് കളിക്കാം. ഡല്ഹി തോറ്റാല് ബറോഡയ്ക്ക് അവസരം തെളിയും. ഏതായാലും കേരളം മുമ്പോട്ട് പോകുമെന്ന് വ്യക്തം.