മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ ഡല്‍ഹിയെയും കീഴടക്കി കേരളം മുന്നോട്ട്. ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.
അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റോബിന് ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് കരുത്തായത്. 54പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റണ്‍സ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, നായകന് ശിഖര്‍ ധവാന് (48 പന്തില്‍ 77), ലളിത് യാദവ് (25 പന്തില്‍ 52) എന്നിവരുടെ അര്‍ധസെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ടോസ് നേടിയ കേരളം ഡല്‍ഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കം മുതല്‍ തകര്‍ത്തടിച്ച് ഡല്‍ഹി താരങ്ങള്‍ സ്കോര്‍ അതിവേഗം ഉയര്‍ത്തി. 34-ാം റണ്‍സിലാണ് ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കേരളത്തിന് സാധിച്ചത്. 11 റണ്‍സെടുത്ത ഹിതന് ദലാല്‍ കെ.എം. ആസിഫിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച ധവാന് കേരള ബോളര്‍മാരെ തച്ചുതകര്‍ത്തു. ധവാന് അര്‍ധ സെഞ്ചുറിയും കടന്നു മുന്നേറിയതോടെ ഡല്‍ഹി സ്കോര്‍ 150 പിന്നിട്ടു. ലളിത് യാദവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും ശ്രീശാന്ത് ധവാന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
കെ.എം. ആസിഫ്, മിഥുന് എസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് പൂജ്യത്തിന് പുറത്തായി. ഇഷാന്ത് ശര്‍മയുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ താരം മടങ്ങുകയായിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 10 പന്തില്‍ 16 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. എന്നാല്‍ റോബിന് ഉത്തപ്പ ബൗണ്ടറികളുമായി തിരിച്ചടിച്ചതോടെ ഡല്‍ഹി പതറി. എട്ട് സിക്സും മൂന്ന് ഫോറുകളും ഉത്തപ്പ പറത്തി. സച്ചിന് ബേബി 11 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്തു.
ഇതിനു പിന്നാലെയെത്തിയ വിഷ്ണു വിനോദ് ഉത്തപ്പയ്ക്ക് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് സിക്സും മൂന്നു ഫോറുകളും വിഷ്ണു നേടി. സ്കോര്‍ 204 ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്തിന് ക്യാച്ച് നല്കി റോബിന് ഉത്തപ്പ പുറത്തായി. അപ്പോഴേക്കും കേരളം ജയിക്കാവുന്ന നിലയിലേക്കെത്തിയിരുന്നു. 3 പന്തില്‍ 10 റണ്‍സടിച്ച് സല്മാന് നിസാറും തന്റെ റോള്‍ ഭംഗിയാക്കി. എലൈറ്റ് ഗ്രൂപ്പ് ഇയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച കേരളം 12 പോയിന്റോടെ ഒന്നാമതാണ്. ഹരിയാനയാണ് രണ്ടാമത്.